“തോൽവിയോട് പേടിയില്ല, കൃത്യമായ രാഷ്ട്രീയ നിലപാടുകളുണ്ട്!!”; 24 ന്യൂസ് അഭിമുഖത്തിൽ വിനയ് ഫോർട്ട്

2009ൽ ‘ഋതു’ എന്ന സിനിമയിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച പ്രതിഭയാണ് വിനയ് ഫോർട്ട്. കുറെയേറെ കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ വലിയ സ്ഥാനം നേടിയെടുത്ത കലാകാരൻ. പ്രേമം, തമാശ എന്നീ ചിത്രങ്ങളിൽ താരം കാഴ്ച്ചവച്ച പ്രകടനങ്ങൾ തന്നെ അഭിനയത്തിലെ അദ്ദേഹത്തിന്റെ റേഞ്ച് വ്യക്തമാക്കുന്നതാണ്. അതീവ സൂക്ഷ്മതയോടെയാണ് വിനയ് തന്റെ കഥാപാത്രങ്ങളുടെ വികാരവിചാരങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.
ഒട്ടേറെ കടമ്പകൾ താണ്ടിയാണ് വിനയ് ഫിലിം ഇൻസ്റ്റിട്യൂട്ടിൽ എത്തിയതും പിന്നെ സിനിമയിൽ പ്രവേശിക്കുന്നതും. കഴിഞ്ഞ ദിവസം 24 ന്യൂസിന് വിനയ് നൽകിയ അഭിമുഖത്തിൽ താൻ താണ്ടിയ വഴികളെ ഒരു പ്രചോദനമെന്നോണം വിനയ് ആരാധകരുമായി പങ്കിടുകയുണ്ടായി. തനിക്ക് മറ്റ് പ്ലാനുകളൊന്നും ഉണ്ടായിരുന്നില്ലെന്നും സിനിമ തന്നെയായിരുന്നു എന്നും സ്വപ്നമെന്നും പറയുകയാണ് താരം. താൻ സിനിമയിലെ ഒരു ഗ്രൂപ്പിലും പെട്ട ആളല്ല. തനിക്ക് കൃത്യമായ രാഷ്ട്രീയ നിലപാടുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാലാം വയസിൽ ബാലസംഘത്തിലൂടെ കലാരംഗത്ത് വന്നയാളാണ് താൻ. സൗഹൃദങ്ങൾ ഏറെയുള്ള ആളായ തനിക്ക് ശത്രുക്കളുണ്ടാവില്ലെന്നാണ് താൻ കരുതുന്നതെന്നും വിനയ് പറയുന്നു. ജീവിതത്തിൽ പലപ്പോഴായി തോറ്റുപോയവനാണ് താൻ. തോൽവികൾ നേരിട്ട് പരിചയമുള്ളതിനാൽ അതിനോട് ഭയമില്ലെന്നും താരം പറയുന്നു. അതേ സമയം ബെർമുഡയാണ് താരത്തിന്റെ അടുത്തിടെ ഏറെ ശ്രദ്ധേയമായ ചിത്രം. ടി.കെ. രാജീവ്കുമാർ സംവിധാനം ചെയ്ത് ഷെയിൻ നിഗവും വിനയ് ഫോർട്ടും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ‘ബർമുഡ.’
ഒരു കോമഡി ഡ്രാമയായി ഒരുങ്ങിയ ചിത്രത്തിൽ ഹരീഷ് കണാരന്, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന് സുദര്ശന്, ദിനേശ് പണിക്കര്‍, കോട്ടയം നസീര്‍, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന് ഷെറീഫ്, ഷൈനി സാറ എന്നിവരും അഭിനയിച്ചിട്ടുണ്ട്. നടൻ മോഹൻലാൽ ചിത്രത്തിൽ പാടിയ ഒരു ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Story Highlights: vinay forrt 24 news interview
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here