‘ഷാക്കിബിനെ എങ്ങനെ കളിക്കണമെന്ന് കുട്ടികൾക്ക് പോലും അറിയാം’; ഇന്ത്യൻ താരങ്ങളെ വിമർശിച്ച് മുൻ പാക്ക് സ്പിന്നർ

ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിൽ ബംഗ്ലാദേശിന്റെ വെറ്ററൻ സ്പിന്നർ ഷാക്കിബ് അൽ ഹസൻ തകർപ്പൻ ബൗളിംഗാണ് കാഴ്ചവച്ചത്. മത്സരത്തിൽ 5 വിക്കറ്റ് നേടിയ ഷാക്കിബ് അനായാസ ജയത്തിനായി ടീമിന് വഴി ഒരുക്കുകയും ചെയ്തു. ഇപ്പോൾ ഇതാ ഇന്ത്യയുടെ മോശം ബാറ്റിങ്ങിനെ വിമർശിച്ച് മുൻ പാക്ക് സ്പിന്നർ ഡാനിഷ് കനേരിയ രംഗത്തെത്തി. ഷാക്കിബിനെ എങ്ങനെ കളിക്കണമെന്ന് കുട്ടികൾക്ക് പോലും അറിയാമെന്ന് കനേരിയ വിമർശിച്ചു.
‘പന്തുകൊണ്ട് മികച്ച പ്രകടനമാണ് ഷാക്കിബ് അൽ ഹസൻ കാഴ്ചവച്ചത്. വർഷങ്ങളായി അദ്ദേഹം ഐപിഎല്ലിൽ കളിക്കുന്നു, എന്നിട്ടും ഇന്ത്യൻ ബാറ്റ്‌സ്മാൻമാർക്ക് അദ്ദേഹം എങ്ങനെ ബൗൾ ചെയ്യുന്നുവെന്ന് അറിയില്ല. ഷാക്കിബിനെ എങ്ങനെ കളിക്കണമെന്ന് കുട്ടികൾക്ക് പോലും അറിയാം, പക്ഷേ ഇന്ത്യൻ ബാറ്റ്സ്മാൻമാർക്ക് അറിയില്ല’ – കനേരിയ പറഞ്ഞു. ഇന്ത്യയ്ക്ക് അധികാരവും പണവും ഉണ്ടായിരിക്കാം, പക്ഷേ ടീമിൻ്റെ ക്രിക്കറ്റ് അതിവേഗം താഴേക്ക് പോകുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആദ്യ ഏകദിനത്തിൽ ബംഗ്ലാദേശ് ഇന്ത്യയെ ഒരു വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 41.2 ഓവറിൽ 186 റൺസ് മാത്രം എടുത്തപ്പോൾ മറുപടിയായി ബംഗ്ലാദേശ് 46 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ വിജയിച്ചു. ബംഗ്ലാദേശിനായി ഷാക്കിബ് ഹൽ ഹസൻ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. 10 ഓവറിൽ 36 റൺസ് മാത്രം നൽകിയ ഷാക്കിബ് രണ്ട് മെയ്ഡൻ ഓവറുകളും എറിഞ്ഞു.
Story Highlights: Even children know how to play Shakib Al Hasan; ex pak spinner
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here