Advertisement

‘കാലമേ….എനിക്ക് പിമ്പേ’; ഓസ്ട്രേലിയൻ പാതയിലൂടെ 2,300 കിലോമീറ്റർ ദൂരം കാറോടിച്ച് മമ്മൂട്ടി

December 5, 2022
Google News 2 minutes Read

മലയാളിക്ക് ആമുഖത്തിന്റെ ആവശ്യമില്ലാത്ത പ്രതിഭയാണ് മമൂട്ടി. കെ.എസ് സേതുമാധവന്‍ സംവിധാനം ചെയ്ത ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ മമ്മൂട്ടി ഇന്ന് മലയാള സിനിമയുടെ മെഗാസ്റ്റാറാണ്. അഭിനയത്തിന് പുറമെ അല്പം ‘ഗാഡ്ജറ്റ് ഫ്രീക്’ കൂടെയാണ് മമ്മൂട്ടി. ഏറ്റവും പുതിയ ഫോൺ, കാമറ എന്നിവ സ്വന്തമാക്കുന്നതിലും ഉപയോഗിക്കുന്നതിലും താല്പര്യമുള്ള വ്യക്തിയാണ് താൻ എന്ന് മമ്മൂട്ടി തന്നെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അവിടെയും തീരുന്നില്ല മമ്മൂട്ടിയുടെ താല്പര്യങ്ങൾ, വാഹനങ്ങളും ഡ്രൈവിങ്ങും മമ്മൂട്ടിക്ക് പാഷനാണ്.

ഇപ്പോഴിതാ മമ്മൂട്ടി ഓസ്ട്രേലിയയിൽ 2,300 കിലോമീറ്റർ ദൂരം കാറോടിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. സിഡ്നിയിൽ നിന്ന് കാൻബറയിലേക്കും അവിടെ നിന്ന് മെൽബണിലേക്കും പിന്നെ ടാസ്മാനിയയിലേക്കുമായിരുന്നു യാത്ര. ഈ യാത്രയിൽ പൂർണസമയവും കാറോടിച്ചത് മമ്മൂട്ടിയായിരുന്നു. മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ നേതൃത്വം വഹിക്കുന്ന റോബർട്ടാണ് മൂളിപ്പാട്ട് പാടിയും മഴ ആസ്വദിച്ചുമുള്ള ഇക്കയുടെ ഡ്രൈവിംഗ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കിട്ടത്. യാത്രാനുഭവത്തിൻ്റെ വിവരണവും അദ്ദേഹം അടിക്കുറുപ്പായി നൽകിയിട്ടുണ്ട്.

Read Also: ഡോക്ടർമാരുടെ കൈക്കൂലി വൈദ്യം; വിജിലൻസ് കയ്യൊഴിഞ്ഞിട്ടും സത്യം പുറത്തുവന്നത് ട്വന്റിഫോറിലൂടെ

ഫേസ്ബുക്ക് പോസ്റ്റ്:
മമ്മൂക്കയെക്കുറിച്ച് മുമ്പെങ്ങോ വായിച്ച ഒരു ഫീച്ചറിലെ വാചകം എന്നും ഓർമയിൽ തങ്ങിനിൽക്കുന്നതാണ്. മമ്മൂക്കയ്ക്കൊപ്പം സഞ്ചരിച്ച് തയ്യാറാക്കിയ അതിലെ ആ വാചകം ഇങ്ങനെയായിരുന്നു: ‘കാലമേ…. എനിക്ക് പിമ്പേ എന്ന് പറഞ്ഞ് കാറോടിക്കുന്നത് മമ്മൂട്ടിയാണ്…’ ഓസ്ട്രേലിയൻ പാതയിലൂടെയുള്ള ഈ സഞ്ചാരത്തിൽ എനിക്ക് അരികിലുള്ളത് അതേ മമ്മൂക്കയും അദ്ദേഹത്തിന് പിന്നിൽ കാലവുമായിരുന്നു. സിഡ്നിയിൽ നിന്ന് കാൻബറയിലേക്ക്. അവിടെ നിന്ന് മെൽബണിലേക്ക് പിന്നെ ടാസ്മാനിയയിൽ.

പുൽമേടുകൾക്കും വൻ മരങ്ങൾക്കും നടുവിലൂടെ അതീവ ശാന്തനായി മമ്മൂക്ക കാറോടിച്ചു കൊണ്ടേയിരുന്നു. കാറോടിക്കുമ്പോൾ മറ്റുള്ളവരുടെ നിയമ ലംഘനം കണ്ട് മമ്മൂക്ക പലപ്പോഴും ദേഷ്യപ്പെടും എന്ന് കേട്ടിട്ടുണ്ട്. പക്ഷേ ഓസ്ട്രേലിയയിലെ യാത്രികർ നമ്മുടെ നാട്ടിലേതുപോലുള്ളവരല്ലാത്തതു കൊണ്ടാകാം, മമ്മൂക്ക ഒരിക്കൽപ്പോലും ദേഷ്യപ്പെട്ടില്ല. പകരം മൂളിപ്പാട്ട് പാടി, മഴ പെയ്യുന്നത് കണ്ട് സന്തോഷിച്ചു, കോളേജ് കാലത്തെക്കുറിച്ചോർത്തു, ഒരു പാട് തമാശപറഞ്ഞു. കൂടെ ഞങ്ങൾ മൂന്നു പേർ. മമ്മൂക്കയുടെ ആത്മമിത്രം രാജശേഖരൻ, സുൾഫത്ത് മേഡം,പിന്നെ ഞാനും.

Read Also: ‘ദക്ഷിണ കൊറിയക്കെതിരെ നെയ്‌മർ കളിക്കും’; ഉറപ്പ് നൽകി ടിറ്റെ

കേരളത്തിനേക്കാൾ വലിപ്പമുള്ള ദ്വീപ് സംസ്ഥാനമായ ടാസ്മാനിയയുടെ രണ്ടു തീര വശങ്ങൾ മമ്മൂക്ക കാറിൽ പിന്നിട്ടു. ഹോബാർട്ടിൽ നിന്ന് ലോൺസസ്റ്റനിലേക്ക്, അവിടെനിന്ന് സ്വാൻസി,പോർട്ട്‌ ആർതർ വഴി തിരിച്ചു ഹോബാർട്ട്. മടുപ്പേതുമില്ലാതെ, എന്നാൽ ഓരോ കിലോമീറ്ററിലും മമ്മൂക്ക ആവേശഭരിതനായി കാർ പായിച്ചു.റോഷിതിന്റെ ‘DON007’ നമ്പർ പ്ലെയിറ്റുള്ള ബ്രാൻഡ് ന്യൂ കാറുമെടുത്തു രണ്ടു ദിവസം കൊണ്ട് ടാസ്മാനിയ ചുറ്റിക്കണ്ടതോടെ മമ്മൂക്ക ഓസ്‌ട്രേലിയയിലെ ആദ്യ ഘട്ട സന്ദർശനത്തിൽ ഡ്രൈവ് ചെയ്ത ആകെ ദൂരം രണ്ടായിരത്തി മുന്നൂറു കിലോമീറ്റർ!

വീണ്ടും ഒരു അദ്ഭുതം. ഓസ്ട്രേലിയയിൽ 10 വർഷമായി വാഹനമോടിക്കുന്ന എന്നേക്കാൾ ഇവിടത്തെ ഗതാഗത നിയമങ്ങൾ നിശ്ചയമായിരുന്നു മമ്മൂക്കയ്ക്ക്. ഇടയ്ക്ക് ഏതോ ഒരു ഗതാഗത നിയമത്തിന്റെ പേരിൽ ഞങ്ങൾ തർക്കിച്ചു. മമ്മൂക്ക വിട്ടു തന്നില്ല. ഒടുവിൽ കാറിലിരുന്നു കൊണ്ട് സംശയം തീർക്കാൻ ടാസ്മാനിയൻ ഗതാഗതവകുപ്പിലെ പരിചയക്കാരനായ ഒരുദ്യോഗസ്ഥനെ( സനിൽ നായർ )ഞാൻ വിളിച്ചു. മമ്മൂക്ക പറഞ്ഞതായിരുന്നു ശരി. സ്ഥലങ്ങൾ പരിചയപ്പെടുത്തിത്തരാൻ സിഡ്നിയിൽ കിരൺജയിംസും മെൽബണിൽ ഗ്രേറ്റ്‌ ഓഷ്യൻ ഡ്രൈവിന് മദനൻ ചെല്ലപ്പനും ഫിലിപ്പ് അയലൻഡ് ഉൾപ്പെടുന്ന തീരദേശ ഡ്രൈവിന് കിരൺ ജയ പ്രകാശും കൂടെയുണ്ടായിരുന്നു. പക്ഷേ അവരെയൊക്കെ കാഴ്ചക്കാരാക്കി മമ്മൂക്ക തികച്ചും ഓസ്ട്രേലിയൻ നിവാസിയായി. അങ്ങനെ കുറച്ചു നല്ല ദിവസങ്ങൾ, നല്ല നിമിഷങ്ങൾ, സിനിമയല്ല കൺമുന്നിൽ ഓടുന്നതെന്ന് വിശ്വസിക്കാൻ പാടുപെട്ട കാഴ്ചകൾ.. ദൈവത്തിനും കാലത്തിനും നന്ദി.. പിന്നെ എന്നെ സഹയാത്രികനാക്കിയ എൻ്റെ പ്രിയപ്പെട്ട മമ്മൂക്കയ്ക്കും..

Story Highlights: mammootty australia car driving

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here