ക്വാർട്ടർ ലക്ഷ്യമിട്ട് ബ്രസീൽ ഇന്ന് കളത്തിൽ; എതിരാളികൾ ദക്ഷിണ കൊറിയ, ക്രൊയേഷ്യ ജപ്പാനെ നേരിടും

ഖത്തർ ലോകകപ്പ് ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് കരുത്തരായ ബ്രസീൽ ഇന്നിറങ്ങും. ദക്ഷിണ കൊറിയയാണ് എതിരാളികൾ. മറ്റൊരു പ്രീ ക്വാർട്ടറിൽ ക്രൊയേഷ്യ ഇന്ന് ജപ്പാനെ നേരിടും. ക്രൊയേഷ്യ – ജപ്പാൻ മത്സരം ഇന്ത്യൻ സമയം രാത്രി 8.30നും ബ്രസീൽ – ദക്ഷിണകൊറിയ മത്സരം അർദ്ധരാത്രി 12.30നും നടക്കും. ഏഷ്യൻ ടീമുകൾ അട്ടിമറിക്കരുത്ത് കാട്ടിയ ലോകകപ്പിൽ വീണ്ടും ഒരു അട്ടിമറി നടക്കുമോ എന്നതാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്. (fifa brazil south korea)
Read Also: ഇരട്ട ഗോളുമായി എംബാപ്പെ, റെക്കോർഡിട്ട് ജിറൂദ്; ഫ്രാൻസ് ക്വാർട്ടറിൽ
ഗ്രൂപ്പ് എഫിൽ രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാർട്ടറിലേക്ക് ടിക്കറ്റെടുത്ത ക്രൊയേഷ്യയും ഗ്രൂപ്പ് ഇയിൽ ഒന്നാം സ്ഥാനക്കാരായി എത്തിയ ജപ്പാനും തമ്മിലുള്ള മത്സരം ആവേശകരമാവുമെന്നുറപ്പ്. ലോകകപ്പിൽ ഇതുവരെ അസാമാന്യ പോരാട്ടവീര്യവും അച്ചടക്കവും കാണിച്ച ജപ്പാൻ മുൻ ചാമ്പ്യന്മാരായ ജർമനിയെയും സ്പെയിനെയും വീഴ്ത്തിയാണ് പ്രീ ക്വാർട്ടറിലെത്തിയത്. എതിരാളികളുടെ ആക്രമണങ്ങൾ ഫലപ്രദമായി തടയാനും കൃത്യസമയത്ത് തിരിച്ചടിക്കാനും അവർക്ക് കഴിയുന്നു. മറുവശത്ത്, മൊറോക്കോയോടും ബെൽജിയത്തിനോടും സമനില വഴങ്ങിയ ക്രൊയേഷ്യ ഒരു അട്ടിമറി ഒഴിവാക്കാനുള്ള ശ്രമത്തിലാവും. എത്രയും വേഗം മത്സരത്തിൽ ലീഡെടുക്കുക എന്നതാവും ലൂക്ക മോഡ്രിച്ചിൻ്റെയും സംഘത്തിൻ്റെയും ലക്ഷ്യം. അതിവേഗത്തിലുള്ള ജപ്പാൻ്റെ കൗണ്ടർ അറ്റാക്കുകളെയും ക്രൊയേഷ്യയ്ക്ക് പ്രതിരോധിക്കേണ്ടതുണ്ട്.
Read Also: സെനഗലിനെ തകര്‍ത്ത് ഇംഗ്ലണ്ട്; ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്
കപ്പ് സാധ്യതയിൽ മുന്നിൽ നിൽക്കുന്ന ടീമാണ് ബ്രസീൽ. ഗ്രൂപ്പ് ജിയിലെ അവസാന മത്സരത്തിൽ 7 മുൻനിര താരങ്ങളില്ലാതെയിറങ്ങിയ ബ്രസീൽ കാമറൂണിനോട് ഏകപക്ഷീയമായ ഒരു ഗോളിനു തോറ്റെങ്കിലും അത് ടിറ്റെ കാര്യമാക്കില്ല. സൂപ്പർ താരം നെയ്‌മർ തിരികെയെത്തുമെന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ അത് ബ്രസീലിനു നൽകുന്ന അഡ്വാൻ്റേജ് വളരെ വലുതാവും. സോൺ ഹ്യുങ്ങ്-മിന്നിൻ്റെ ദക്ഷിണ കൊറിയ സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ വീഴ്ത്തിയാണ് അവസാന 16 ലെത്തുന്നത്. അത്ര ആധികാരികമായ പ്രകടനങ്ങളല്ല അവർ നടത്തിയതെങ്കിലും തങ്ങളെക്കൊണ്ട് എന്ത് സാധിക്കുമെന്ന് പോർച്ചുഗലിനെ തോല്പിച്ചതിലൂടെ അവർ തെളിയിച്ചു. ഇതിനകം അപകടകാരെന്ന സന്ദേശം നൽകിക്കഴിഞ്ഞ ബ്രസീൽ ആക്രമന നിരയെ തടഞ്ഞുനിർത്തുകയെന്നത് ദക്ഷിണകൊറിയക്ക് വെല്ലുവിളി ആയേക്കും.
Story Highlights: qatar fifa world cup brazil south korea
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here