ഹിജാബണിയാതെ മത്സരിച്ച ഇറാനിയൻ കായികതാരത്തിൻ്റെ വീട് ഇടിച്ചുനിരത്തിയെന്ന് റിപ്പോർട്ട്
ഹിജാബണിയാതെ മത്സരിച്ച ഇറാനിയൻ കായികതാരം എൽനാസ് റെകാബിയുടെ കുടുംബവീട് ഇടിച്ചുതകർത്തെന്ന് റിപ്പോർട്ട്. റെകാബിയുടെ കുടുംബവീട് അധികൃതർ കഴിഞ്ഞ മാസം ഇടിച്ചുനിരത്തിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബിബിസി അടക്കമുള്ള രാജ്യാന്തര മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തു. രാജ്യാന്തര ക്ലൈംബിങ്ങ് താരമായ റെകാബി കഴിഞ്ഞ വർഷം നടന്ന ഐ എഫ് എസ് സി ക്ലൈംബിങ്ങ് വേൾഡ് ചാമ്പ്യൻഷിപ്പിലാണ് ഹിജാബണിയാതെ മത്സരിച്ച് രാജ്യത്തെ ഹിജാബ് വിരുദ്ധ സമരത്തിൽ പങ്കാളി ആയത്.
വീട് പൊളിഞ്ഞുകിടക്കുന്നതും റെകാബിയുടെ സഹോദരൻ ദാവൂദ് അവശിഷ്ടങ്ങൾക്കിടയിലൂടെ കരഞ്ഞുകൊണ്ട് ഓടുന്നതുമടങ്ങിയ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് വാർത്ത. കൃത്യമായി എപ്പോഴാണ് വീട് പൊളിച്ചതെന്നോ ആരാണ് ഇതിന് ഉത്തരവിട്ടതെന്നോ വ്യക്തമല്ല. അതേസമയം, വീട് നിർമിച്ചത് കൃത്യമായ രേഖകളില്ലാതെയാണെന്നും അതിനാലാണ് പൊളിക്കാൻ ഉത്തരവിട്ടതെന്നും ന്യൂസ് ഏജൻസിയായ തസ്നിം ന്യൂസ് ഏജൻസിയെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു. റെകാബി മത്സരിക്കുന്നതിനു മുൻപാണ് പൊളിക്കൽ നടന്നതെന്നും ബിബിസി റിപ്പോർട്ട് ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here