നേതാക്കളുടെ ‘അമ്മാവൻ സിൻഡ്രോം’ മാറണം; തരൂരിനെ പിന്തുണച്ച് കണ്ണൂർ യൂത്ത് കോൺഗ്രസ്

ശശി തരൂരിനെ പിന്തുണച്ച് കണ്ണൂരിൽ യൂത്ത് കോൺഗ്രസിന്റ പ്രമേയം. അനാവശ്യ ഭ്രഷ്ട് ആത്മഹത്യാപരവും താൻ പോരിമയുമാണെന്നും ഭ്രഷ്ട് കൊണ്ട് നേതാവിന്റെ ജനപിന്തുണ ഇല്ലാതാകില്ലെന്നും പ്രമേയം. കാലത്തിന്റെ ചുവരെഴുത്ത് വായിക്കാൻ നേതാക്കൾ തയ്യാറാകണം. പൊതുശത്രുവിനെതിരെയുള്ള പോരാട്ടത്തിന് ഉപകാരപ്പെടുന്നവർ മാറ്റിനിർത്തപ്പെടുന്നു. തരൂരിനെ സ്വീകരിച്ച കണ്ണൂരിലെ നേതൃത്വം അഭിനന്ദനം അർഹിക്കുന്നുവെന്ന് പ്രമേയത്തിൽ പറയുന്നു.
നേതാക്കളുടെ ‘അമ്മാവൻ സിൻഡ്രോം’ മാറണമെന്നും പ്രമേയത്തിലുണ്ട്. മാടായിപ്പാറയിൽ നടക്കുന്ന ജില്ലാ നേതൃ ക്യാംപിലാണ് തരൂരിന് പിന്തുണ നൽകിയും കോൺഗ്രസ് സംസ്ഥാന നേതൃത്വത്തെ വിമർശിച്ചും യൂത്ത് കോൺഗ്രസ് പ്രമേയം അവതരിപ്പിച്ചത്. വിലക്കുകൊണ്ട് ജനപിന്തുണ ഇല്ലാതാക്കാനാവില്ലെന്ന് നേതാക്കൾ മനസിലാക്കണം. സ്വന്തം ബൂത്തിൽ പോലും ഇടപെടൽ നടത്താതെ അഖിലേന്ത്യാ തലത്തിൽ പൂമ്പാറ്റയായി മാറുന്ന നേതാക്കളെ കൊണ്ട് പാർട്ടിക്ക് എന്താണ് ഗുണമെന്ന് പ്രമേയത്തിൽ ചോദിക്കുന്നു.
Read Also: യൂത്ത് കോൺഗ്രസും ശശി തരൂരും പാർട്ടിയിൽ സമാന്തര പ്രവർത്തനം നടത്തുന്നില്ല; കെ.എസ് ശബരിനാഥൻ
സമര മുഖങ്ങളിലെ ആവേശം ക്യാമറ ആംഗിളുകൾക്ക് അനുസരിച്ചാവുന്നത് ലജ്ജാകരമാണ്. ചാനൽ ക്യാമറകൾക്ക് മുന്നിലെ നേതാക്കളുടെ വൺ മാൻ ഷോ അവസാനിപ്പിക്കണം. യുവ നേതാക്കൾ വളർന്നു വരരുതെന്ന് കരുതുന്ന മാടമ്പി സ്വഭാവമുള്ള ചില നേതാക്കൾ പാർട്ടിയിലുണ്ടന്നും സംഘടനാ പ്രമേയത്തിൽ വ്യക്തമാക്കുന്നു.
Story Highlights: Kannur Youth Congress Support Shashi Tharoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here