Advertisement

റിപ്പോ നിരക്ക് ഉയന്നതോടെ ലോൺ അടവും കൂടി; ഇനി പ്രതിമാസം എത്ര അടയ്ക്കണം ?

December 14, 2022
Google News 2 minutes Read
how repo rate affect emi

കഴിഞ്ഞ ദിവസമാണ് ആർബിഐ റിപ്പോ നിരക്ക് ഉയർത്തിയത്. ഒരു സാധാരണ വ്യക്തിയെ സംബന്ധിച്ച് റിപ്പോ നിരക്ക് എന്താണെന്ന കാര്യത്തിൽ വലിയ വ്യക്തതയില്ലെങ്കിലും അവന്റെ ജീവിതത്തെ പിടിച്ചുലയ്ക്കാൻ തക്ക ആഘാതമാണ് റിപ്പോ നിരക്കിലെ മാറ്റം മൂലം സംഭവിക്കുക. കുടുംബ ബജറ്റിനെ തന്നെ അത് താളം തെറ്റിക്കും. കാരണം റിപ്പോ നിരക്കിനെ അടിസ്ഥാനപ്പെടുത്തിയാണ് ഹോം ലോൺ പോലുള്ള വായ്പകളും, അവയുടെ പ്രതിമാസ ഇഎംഐയും. ( how repo rate affect emi )

എന്താണ് റിപ്പോ നിരക്ക് ?

നാം പണം കടമെടുക്കുമ്പോൾ പണം തന്ന വ്യക്തിക്ക് നൽകുന്ന പലിശ നിരക്കിന് സമാനമാണ് റിപ്പോ നിരക്ക്. ഇവിടെ പണം വായ്പയെടുക്കുന്ന ബാങ്കുകൾ ആർബിഐക്ക് പലിശ നൽകണം. ഈ പലിശ നിരക്കാണ് റിപ്പോ റേറ്റ്.

ആർബിഐ റിപ്പോ നിരക്ക് താഴ്ത്തുമ്പോൾ ബാങ്കുകൾ ഉപഭോക്താക്കൾക്കും സമാന അനുകൂല്യം നൽകും. അതുപോലെ തന്നെ റിപ്പോ നിരക്ക് ഉയരുമ്പോഴും ഉപഭോക്താക്കളുടെ പലിശ നിരക്കിൽ മാറ്റം വരും.

ഇഎംഐയിൽ ഉണ്ടാകുന്ന മാറ്റം

ഉദാഹരണത്തിന്, നിങ്ങൾ 30 ലക്ഷം രൂപയുടെ വായ്പയാണ് എടുത്തതെന്ന് കരുതുക. വായ്പാ കാലാവധി 20 വർഷവും. 2022 മെയ് വരെ, ഇതുന്റെ പലിശ 7% ആയിരുന്നു. പ്രതിമാസ ഇഎംഐ 23,259 രൂപ വരും. മൊത്തം തിരിച്ചടയ്‌ക്കേണ്ട തുക 55.82 ലക്ഷവും ആകും. അതായത് പലിശയിനത്തിൽ മാത്രം അടയ്‌ക്കേണ്ടത് 25.82 ലക്ഷം രൂപയാണ്.

ഡിസംബറിൽ ആർബിഐ റിപ്പോ നിരക്ക് ഉയർത്തിയതോടെ, ലോൺ പലിശ നിരക്ക് 9.25% ആയി. ഇത് പ്രകാരം നിങ്ങൾ അടയ്‌ക്കേണ്ട പുതിയ ഇഎംഐ 27,476 രൂപയായി. അതായത് തിരിച്ചടയ്‌ക്കേണ്ട മൊത്തം തുക 55 ലക്ഷത്തിൽ നിന്ന് 65.94 ലക്ഷമായി ഉയർന്നു. പലിശയിനത്തിൽ മാത്രം ഇനി 35.94 ലക്ഷം രൂപ അടയ്ക്കണം.
ചുരുക്കി പറഞ്ഞാൽ 10.12 ലക്ഷം രൂപയുടെ വർധനയാണ് തിരിച്ചടവ് തുകയിൽ ഒറ്റയടിക്ക് ഉണ്ടായിരിക്കുന്നത്.

ഈ അവസരത്തിൽ കൂടുതൽ ഇഎംഐ അടച്ച് ലോൺ തീർക്കുന്നതാണോ നല്ലത്, അതോ ലോൺ കാലാവധി നീട്ടിയെടുത്ത് ഇത്രനാൾ അടച്ചിരുന്ന അതേ ഇഎംഐ തന്നെ അടയ്ക്കുന്നതാണോ നല്ലതെന്ന ആശയക്കുഴപ്പം നിങ്ങളുടെ മനസിൽ ഉദിക്കും. ഏറ്റവും ഉത്തമം കൂടിയ ഇഎംഐ അടച്ച് ലോൺ എത്രയും പെട്ടെന്ന് തീർക്കുന്നതാണെന്ന് സാമ്പത്തിക വിദഗ്ധൻ ആദികേശവൻ ട്വന്റിഫോർ ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

തിരിച്ചടവ് എങ്ങനെ ?

പ്ലാൻ -1

വായ്പ എടുക്കുമ്പോൾ തന്നെ ആളുകളുടെ മനസിൽ തിരിച്ചടവിനെ കുറിച്ച് ഒരു ധാരണയുണ്ടാകും. കൂടിയ ഇഎംഐ കുടുംബ ബജറ്റിനെ ബാധിക്കുന്നില്ലെങ്കിൽ തീർച്ചയായും ആ തുക അടച്ച് ലോൺ തീർക്കുന്നതാണ് നല്ലതെന്ന് സാമ്പത്തിക വിദഗ്ധൻ ആദികേശവൻ ട്വന്റിഫോറിനോട് പറഞ്ഞു.

പ്ലാൻ -2

പ്രതിമാസ അടവ് കൈയിലൊതുങ്ങുന്നതല്ല എങ്കിൽ ലോൺ കാലാവധി നീട്ടിയെടുക്കാനുള്ള സൗകര്യം ബാങ്കുകൾ നൽകാറുണ്ട്. നിലവിൽ റിപ്പോ നിരക്ക് വർധിപ്പിച്ചത് പോലെ ഇനിയുള്ള വർഷങ്ങളിൽ കുറയാനും സാധ്യതയുണ്ട്. റിപ്പോ നിരക്ക് കുറഞ്ഞാൽ ഇഎംഐ കുറയുകയും ചെയ്യും.

പ്ലാൻ -3

മറ്റൊരു ആശയം മ്യൂച്വൽ ഫണ്ട് നിക്ഷേപമാണ്. വർധിച്ച ഇഎംഐ അടയ്ക്കാതെ, ലോൺ കാലാവധി നീട്ടിയെടുത്ത് കഴിഞ്ഞ മാസം വരെ അടച്ചിരുന്ന ഇഎംഐ തുക തന്നെ അടച്ച് പോകുകയും, കൂടിയ ഇഎംഐ തുക മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുകയും ചെയ്യുന്നത് ഗുണകരമാണ്. ഉദാഹരണത്തിന്, 23,000 രൂപ ഇഎംഐ അടച്ചിരുന്ന ഒരു വ്യക്തി. 26,000 ആണ് അയാളുടെ പുതുക്കിയ ഇഎംഐ തുക. ഈ തുക അടയ്ക്കാൻ പ്രാപ്തിയുണ്ടെങ്കിലും, ലോൺ അടവിലേക്ക് ഈ തുക അടയ്ക്കാതെ 23,000 രൂപ തന്നെ അടച്ച്, മിച്ചം വരുന്ന 4000 രൂപ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നു.

കുറഞ്ഞത് 12% റിട്ടേൺ നൽകുന്ന മ്യൂച്വൽ ഫണ്ട് ആണെങ്കിൽ ലോൺ കാലാവധിയായ 20 വർഷം കൊണ്ട് 4,000 രൂപ വീതം അടച്ചാൽ ആ വ്യക്തിക്ക് തിരികെ ലഭിക്കുക 39.97 ലക്ഷം രൂപയാണ്.

വായ്പകൾ ഗഡുക്കളായി അടച്ച് തീർക്കുന്നത് നഷ്ടമോ ?

ഭൂമി, വീട്, എന്നീ സ്ഥാവര ജംഗമ വസ്തുക്കൾ വിറ്റ് ലഭിക്കുന്ന പണം ഗഡുക്കളായി അടച്ച് ലോൺ അടവ് തീർക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നവരുണ്ട്. പക്ഷേ സ്ഥാവര ജംഗമ വസ്തുക്കൾ വിറ്റ് കഴിഞ്ഞാൽ ക്യാപിറ്റൽ ഗെയിൻസ് ടാക്‌സ് നമ്മൾ കൊടുക്കണം. 10 ലക്ഷം രൂപയ്ക്ക് വാങ്ങിയ സ്ഥലം 20 ലക്ഷം രൂപയ്ക്ക് വിറ്റുവെങ്കിൽ, 10 ലക്ഷം രൂപയാണ് അതിന്റെ ലാഭം. ഈ പണമെല്ലാം നമുക്ക് പൂർണമായും വിനിയോഗിക്കാൻ സാധിക്കില്ല. ഒരു ചാർട്ടേർഡ് അക്കൗണ്ടിനെ സമീപിച്ച് ക്യാപിറ്റൽ ഗെയിൻസ് ടാക്‌സ് ഒടുക്കി ശേഷമുള്ള തുക നമുക്ക് ഇഷ്ടത്തിന് വിനിയോഗിക്കാം. ഈ തുക കണക്കിലെടുത്താണ് വായ്പകൾ ഗഡുക്കളായി അടച്ച് തീർക്കുന്നതിനെ കുറിച്ചുള്ള തീരുമാനമെടുക്കേണ്ടതെന്ന് ആദികേശവൻ പറഞ്ഞു.

ഹോം ലോൺ എടുക്കുമ്പോൾ പ്രധാനമായും തിരിച്ചടവാണ് ശ്രദ്ധിക്കേണ്ടത്. മാസ വരുമാനത്തിൽ ഒതുങ്ങുന്നതായിരിക്കണം തിരിച്ചടവ് തുക. പ്രതിമാസ ശമ്പളത്തിന്റെ 40 ശതമാനം വരെ മാത്രമെ വായ്പ അടവുകൾ പാടുള്ളു. മിച്ചമുള്ളവ ജീവിതച്ചെലവിലേക്കും, നിക്ഷേപത്തിലേക്കും നീക്കി വയ്ക്കണം. ശമ്പളത്തിന്റെ 10% എങ്കിലും കൈയിൽ ലിക്വിഡ് മണിയായി ഉണ്ടായിരിക്കണമെന്നും ആദികേശവൻ പറഞ്ഞു.

വിവരങ്ങൾക്ക് കടപ്പാട് : എസ് ആദികേശവൻ, സാമ്പത്തിക വിദഗ്ധൻ

Story Highlights: how repo rate affect emi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here