ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 50 സിക്‌സറുകൾ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി ഋഷഭ് പന്ത്

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനിടെ ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പിംഗ് ബാറ്റ്സ്മാൻ ഋഷഭ് പന്ത്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗം 50 സിക്‌സറുകൾ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ബാറ്ററായി പന്ത് മാറി. ബംഗ്ലദേശിനെതിരെ 45 പന്തിൽ 6 ഫോറും രണ്ട് സിക്‌സറും സഹിതം 46 റൺസാണ് ഋഷഭ് പന്ത് നേടിയത്.
ദൈർഘ്യമേറിയ ഫോർമാറ്റിൽ ഏറ്റവും വേഗത്തിൽ 50 സിക്‌സറുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ മൂന്നാമതാണ് ഋഷഭ് പന്ത്. ടെസ്റ്റ് ക്രിക്കറ്റിൽ 50 സിക്‌സറുകൾ നേടുന്ന എട്ടാമത്തെ ഇന്ത്യൻ താരം കൂടിയാണ് അദ്ദേഹം. വീരേന്ദ്ര സെവാഗ്, എം.എസ് ധോണി, സച്ചിൻ ടെണ്ടുൽക്കർ, രോഹിത് ശർമ്മ, കപിൽ ദേവ്, സൗരവ് ഗാംഗുലി, രവീന്ദ്ര ജഡേജ എന്നിവരെല്ലാം കളിയുടെ ദൈർഘ്യമേറിയ ഫോർമാറ്റിൽ 50 സിക്സറുകൾ അടിച്ചിട്ടുണ്ട്. കൂടാതെ അന്താരാഷ്ട്ര മത്സരങ്ങളിൽ 4000 റൺസും ഈ ഇടം കൈയ്യൻ താരം തികച്ചു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന താരമെന്ന റെക്കോർഡ് നിലവിൽ മുൻ ഓപ്പണർ വീരേന്ദർ സെവാഗിന്റെ പേരിലാണ്. 104 മത്സരങ്ങൾ കളിച്ച സെവാഗ് 180 ഇന്നിംഗ്‌സുകളിൽ നിന്ന് 91 സിക്‌സറുകൾ പറത്തി. രണ്ടാം സ്ഥാനത്ത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയാണ്. 90 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ധോണി 144 ഇന്നിംഗ്‌സുകളിൽ നിന്ന് 78 സിക്‌സറുകൾ പറത്തിയിട്ടുണ്ട്. സച്ചിൻ ടെണ്ടുൽക്കറാണ് മൂന്നാം സ്ഥാനത്ത്.
ടെസ്റ്റ് ക്രിക്കറ്റിൽ 200 മത്സരങ്ങൾ കളിച്ച സച്ചിൻ 69 സിക്‌സറുകൾ അടിച്ചിട്ടുണ്ട്. 54 ടെസ്റ്റ് ഇന്നിംഗ്‌സുകളിൽ നിന്ന് 10 അർധസെഞ്ച്വറികളും 5 സെഞ്ച്വറികളും ഉൾപ്പെടെ 2169 റൺസാണ് പന്തിന്റെ സമ്പാദ്യം. അവസാന ഏഴ് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് രണ്ട് സെഞ്ച്വറിയും മൂന്ന് അർധസെഞ്ച്വറികളും ഉൾപ്പെടെ 534 റൺസാണ് പന്ത് നേടിയത്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരം ചാത്തോഗ്രാമിലാണ് നടക്കുന്നത്.
Story Highlights: India vs Bangladesh 1st Test: Rishabh pant creates two big records
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here