കോടതിവിധി അംഗീകരിച്ച് കോൺഗ്രസും ബിജെപിയും സമരം നിർത്തണം, കോടതി നിർദ്ദേശം വന്നാൽ സമരപ്പന്തൽ പൊളിക്കും; ആര്യാ രാജേന്ദ്രൻ

കത്ത് വിവാദത്തിൽ സിബിഐ അന്വേഷണാവശ്യം തള്ളിയ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. കോടതിവിധി അംഗീകരിച്ച് കോൺഗ്രസും ബിജെപിയും സമരം നിർത്തണമെന്നും മേയർ ആവശ്യപ്പെട്ടു. സമരം അനാവശ്യമായതു കൊണ്ടാണ് പ്രതിപക്ഷാവശ്യം കോടതി തള്ളിയത്. അവർ തെറ്റ് തിരുത്താൻ തയാറാകണമെന്നും മേയർ ആവശ്യപ്പെട്ടു. ( Letter controversy Congress and BJP should stop the strike Arya Rajendran ).
ഭരണ സമിതി ചുമതലയേറ്റ നാൾ മുതൽ നിഷേധാത്മക നിലപാടാണ് പ്രതിപക്ഷത്തിന്. ഇനിയെങ്കിലും സഹകരിച്ചു മുന്നോട്ട് പോകാൻ തയ്യാറാകണം. ഇനിയും സമരം തുടർന്നാൽ കോടതിയെ ബഹുമാനിക്കുന്നില്ല എന്ന് കരുതേണ്ടി വരും. കോടതി നിർദ്ദേശം വന്നാൽ നടപ്പാതയിലെ പ്രതിപക്ഷ സമരപ്പന്തൽ പൊളിക്കുന്നതടക്കം ആലോചിക്കുമെന്നും, അല്ലാതെ സമരത്തോട് പ്രകോപനപരമായ സമീപനം സ്വീകരിക്കില്ലെന്നും മേയർ കൂട്ടിച്ചേർത്തു
തിരുവനന്തപുരം കോർപ്പറേഷൻ കത്ത് വിവാദത്തിൽ മേയർക്കും സർക്കാരിനും ആശ്വാസമായാണ് കോടതി വിധി വന്നത്. വിഷയത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മുൻ കൗൺസിലർ ജി.എസ് ശ്രീകുമാർ ആണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്.
Read Also: തിരുവനന്തപുരം കോര്‍പ്പറേഷന്‍ കത്ത് വിവാദം; സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി, മേയര്‍ക്കും സര്‍ക്കാരിനും ആശ്വാസം
ഒഴിവുകൾ നികത്താനായി പാർട്ടി സെക്രട്ടറിക്ക് കത്തയച്ചത് സ്വജനപക്ഷപാതമാണെന്ന് ആരോപിച്ചാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ആയിരത്തിലധികം അനധികൃത നിയമനങ്ങളാണ് കോർപ്പറേഷനിൽ നടന്നതെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. കേസിൽ വിശദമായ വാദം കേട്ട കോടതി സിബിഐ അന്വേഷണാവശ്യം തള്ളി. ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ സിബിഐ അന്വേഷണം ഇപ്പോൾ ആവശ്യമില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹർജി തള്ളിയത്.
നേരത്തെ വിവാദ കത്തിന്മേലുള്ള ആരോപണം മേയർ ആര്യാ രാജേന്ദ്രൻ നിഷേധിച്ചതായും നിഗൂഢമായ കത്തിൻറെ പേരിൽ കൂടുതൽ അന്വേഷണം ആവശ്യമില്ലെന്നും സർക്കാർ വാദിച്ചിരുന്നു. ആരോപണം തെളിയിക്കത്തക്ക തെളിവുകൾ ഹർജിക്കാരൻറെ പക്കലില്ലെന്നും സർക്കാരിനു വേണ്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിക്കുകയുണ്ടായി. തൻറെ പേരിലുള്ള കത്ത് വ്യാജമെന്ന് മേയർ ആര്യാ രാജേന്ദ്രനും കോടതിയിൽ മറുപടി നൽകിയിരുന്നു.
Story Highlights: Letter controversy Congress and BJP should stop the strike Arya Rajendran