ബഫർസോസൺ ഉപഗ്രഹ സർവെ; അപകാതകൾ മൂന്നു ദിവസത്തിനുള്ളിൽ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

ബഫർസോസൺ ഉപഗ്രഹ സർവെയിലെ അപകാതകൾ മൂന്നു ദിവസത്തിനുള്ളിൽ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി ഇടുക്കി ജില്ലാ കളക്ടർ. വില്ലേജ് ഓഫീസറും വനംവകുപ്പുദ്യോഗസ്ഥരും പഞ്ചായത്ത് സെക്രട്ടറിയും അടങ്ങുന്ന സംഘമാകും പരിശോധന നടത്തുക. ഇന്നു ചേർന്ന സർവ കക്ഷിയോഗത്തിനുശേഷമാണ് തീരുമാനം. ( buffer zone; Collector’s instructions to submit report ).
ബഫർ സോൺ വിഷയത്തിൽ സമരം ഏറ്റെടുക്കാനൊരുങ്ങുകയാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വം. കെ റെയിൽ പ്രക്ഷോഭ മാതൃകയിൽ ബഫർ സോണിലും സമരമെന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്. കെപിസിസി നേതൃ യോഗത്തിലാണ് നിർണായക തീരുമാനം കൈക്കൊണ്ടത്. ബഫർ സോൺ മേഖലകളിലെ ജനങ്ങളെ സംഘടിപ്പിച്ച് ആദ്യഘട്ട പ്രക്ഷോഭം നടത്തും.
വിവാദം പുകയുന്നതിനിടെ ബഫർ സോൺ ഉപഗ്രഹ സർവേ അന്തിമ രേഖയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതൽ വ്യക്തത വേണമെന്ന് തന്നെയാണ് സർക്കാർ നിലപാട്. ഉപഗ്രഹ സർവേയുടെ പിന്നിൽ ഉണ്ടായിരുന്നത് സദുദ്ദേശം മാത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Also: രാജസ്ഥാനിൽ ‘ശ്രദ്ധ മോഡൽ’ കൊലപാതകം; യുവതിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി
ജനവാസ കേന്ദ്രങ്ങളിൽ സാധാരണ ജീവിതം നയിക്കാനാകണം. കോടതി വിധിയിൽ എന്തൊക്കെ ചെയ്യണമെന്ന് ആലോചിക്കാൻ സർക്കാർ സന്നദ്ധമാണ്. കേന്ദ്ര സർക്കാരിന് ആവുന്നത് അവരും ചെയ്യണം. അതിന്റെ ഭാഗമായ നടപടികൾ നടന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഉപഗ്രഹ സർവേയുടെ പിന്നിൽ ഉണ്ടായിരുന്നത് സദുദ്ദേശം മാത്രം. എന്നാൽ എല്ലാ കാര്യങ്ങളും ഉൾപ്പെടുന്നില്ലെന്ന് സർക്കാരിന് തന്നെ ബോധ്യപ്പെട്ടു. ഇതൊരു അന്തിമ രേഖയല്ല. കൂടുതൽ വ്യക്തത വേണമെന്ന് തന്നെയാണ് സർക്കാർ നിലപാട്. ഓരോ പ്രദേശത്തെയും പ്രത്യേകത മനസിലാക്കാൻ വിദഗ്ധ സമിതിയെ വച്ചു. അതിന്റെ തലപ്പത്ത് ആർക്കും പരാതിയില്ലാത്ത ജസ്റ്റിസ് തോട്ടത്തിലിനെയാണ് വച്ചത്. നേരത്തെ ഒഴിഞ്ഞു പോയ കാര്യങ്ങൾ പൂർണമായി കണ്ടെത്തും. പരാതികൾ രേഖപ്പെടുത്താൻ അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതിനായി വാർഡ് അടിസ്ഥാനത്തിലുള്ള പ്രവർത്തനം നടക്കുന്നുണ്ട്. കുറ്റമറ്റ റിപ്പോർട്ട് കോടതി മുമ്പാകെ സമർപ്പിക്കും. ചില പ്രത്യേക നീക്കങ്ങളുടെ ഭാഗമായി ചില കാര്യങ്ങൾ നടക്കുന്നു. അതിന് പിന്നിൽ വ്യക്തമായ ഉദ്ദേശമുണ്ട്. അവരുടെ ഉദ്ദേശമനുസരിച്ചല്ല സർക്കാർ നീങ്ങുന്നത്. സർക്കാർ പ്രവർത്തിക്കുന്നത് ജനങ്ങളുടെ താൽപര്യമനുസരിച്ചാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: buffer zone; Collector’s instructions to submit report