Advertisement

രാഷ്ട്രീയ കൗതുകം 3 | വക്കീലും വക്കാലത്തും പിന്നെ വാർത്തയും!

December 19, 2022
Google News 3 minutes Read
story behind advocate

എല്ലാ രാഷ്ട്രീയക്കാരും വക്കീലന്മാരാണോ?…. എന്റെ അറിവിൽ അല്ല. പക്ഷേ, ഏറെക്കുറെ എല്ലാ വക്കീലന്മാർക്കും വ്യക്തമായ രാഷ്ട്രീയം കാണും. അതിന്റേതായ ഒരു പ്രാതിനിധ്യം വക്കീലന്മാർക്ക് നിയമനിർമ്മാണ സഭകളിലും ലഭിക്കുന്നുണ്ട്.

അത് നല്ല കാര്യമാണ്. നിയമം പഠിച്ചവരും നിയമം നിർമ്മിക്കുന്നിടത്ത് വേണമല്ലോ.

വക്കീലന്മാരുടെ ഈ രാഷ്ട്രീയബാന്ധവം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഗാന്ധിജിയും നെഹ്റുവും സർദാർ പട്ടേലുമൊക്കെ ഒന്നാന്തരം വക്കീലന്മാർകൂടി ആയിരുന്നു എന്ന കാര്യം ഓർക്കുക.

പിൽക്കാലത്ത് ഇന്ത്യൻ പാർലമെന്റിൽ തിളങ്ങിയ അരുൺ ജെയ്റ്റ്‌ലി, റാം ജഠ്മലാനി, പി.ചിദംബരം, കപിൽ സിബൽ, രവി ശങ്കർ പ്രസാദ്, അഭിഷേക് മനു സിംഘ്‌വി എന്നിവരെല്ലാം രാജ്യത്തെ പൊന്നുംവിലയുള്ള അഭിഭാഷകരാണെന്ന കാര്യവും മറന്നുകൂടാ.

എങ്കിലും രാഷ്ട്രീയക്കാരായ വക്കീലന്മാർ സന്നത്ത് എടുക്കുന്നത്, രാഷ്ട്രീയേതരമായ അഭിഭാഷകവൃത്തിക്ക് സന്നദ്ധരായിത്തന്നെയാണ്. അതിനി ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള ആയാലും, ഇപ്പോൾ വാർത്തകളിൽ നിറയുന്ന കെ.പി.സി.സി മുൻ ഉപാദ്ധ്യക്ഷൻ സി.കെ.ശ്രീധരനായാലും ഏതാണ്ട് ഒരുപോലെയാണ്.

കുറഞ്ഞപക്ഷം അഡ്വ സി.കെ.ശ്രീധരൻ കോൺഗ്രസ് ബാന്ധവം ഉപേക്ഷിച്ച് സി.പി.ഐഎമ്മിനെ ആശ്ലേഷിച്ച ശേഷമാണ് പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതിഭാഗത്തിന്റെ വക്കാലത്ത് ഏറ്റെടുത്തതെന്നെങ്കിലും പറയാം. എന്നാൽ അഭിഭാഷകരായ പല പ്രമുഖ രാഷ്ട്രീയക്കാരും സ്വന്തം പ്രസ്ഥാനത്തിൽനിന്നുകൊണ്ടുതന്നെ എതിർപ്പാളയത്തിന് ആവോളം നിയമസഹായം നൽകിയിട്ടുണ്ട്.

പി.എസ്.ശ്രീധരൻപിള്ള

ടി.പി.കേസിൽ വക്കാലത്തുമായി സി.പി.ഐ.എമ്മുകാർ തന്നെ സമീപിച്ചതായി ശ്രീധരൻ പിള്ള തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. തീർന്നില്ല, രണ്ടാം ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കെ.എം.മാണിക്കെതിരായി നിയമസഭയിൽ പ്രതിഷേധം ഉണ്ടായപ്പോൾ, സി.പി.ഐ.എം സ്വകാര്യ അന്യായം ഫയൽ ചെയ്യാൻ നിയമോപദേശം തേടിയതും ശ്രീധരൻ പിള്ളയോടാണ്. അന്ന് മണിപ്പൂർ ഹൈക്കോടതിയുടെ റൂളിംഗ് ഉദ്ധരിച്ച്, സ്പീക്കറുടെ അനുമതിയില്ലാതെ മാണിക്കെതിരെ കേസിനു പോകാമെന്ന് സി.പി.ഐ.എമ്മിനെ പിള്ള ഉപദേശിക്കുകയും ചെയ്തു. ഇതേ ശ്രീധരൻ പിള്ള, ബി.ജെ.പിക്ക് ഭരണമില്ലാത്ത കേരളത്തിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുമായിട്ടുണ്ട് എന്ന കാര്യം പ്രത്യേകം നോട്ട് ചെയ്യുക.

ട്വിസ്റ്റ് ഇവിടെയും തീരുന്നില്ല. ശബരിമല പ്രക്ഷോഭം അടക്കമുള്ള സംഭവങ്ങളുമായി ബന്ധപ്പെട്ട് 243 കേസിൽ പ്രതിയായ തന്റെ പിൻഗാമി കെ.സുരേന്ദ്രനായി, ഇതേ ശ്രീധരൻപിള്ള വക്കാലത്ത് എടുത്തിട്ടില്ലെന്നത് വേറെ കാര്യം!

ആർക്കും അതിൽ തെറ്റ് പറയാൻ പറ്റില്ല. അത് അങ്ങനെയാണ്. പാർട്ടി വേറേ; കോർട്ട് വേറെ എന്നതാണ് ഇതിന്റെ ഗുട്ടൻസ്.

കപിൽ സിബൽ

കോൺഗ്രസിന്റെ മുതിർന്ന നേതാവായിരുന്ന കപിൽ സിബലും അഭിഭാഷകവൃത്തിയിൽ രാഷ്ട്രീയം നോക്കാറില്ല. അതുകൊണ്ടുതന്നെയാണ്, സി.പി.ഐ.എം നേതൃത്വം നൽകുന്ന കേരള സർക്കാരിനുവേണ്ടി സ്വർണ്ണക്കടത്ത് കേസിൽ സിബൽ സുപ്രീം കോടതിയിൽ ഹാജരായത്. ഇ.ഡിയ്ക്ക് എതിരെ, പിണറായി സർക്കാരിനുവേണ്ടി വാദിച്ച കപിൽ സിബൽ ഒരു സിറ്റിംഗിന് 15.5 ലക്ഷം രൂപയാണ് ഫീസ് ഇനത്തിൽ കൈപ്പറ്റിയത്.

റാം ജഠ്മലാനി

ഇന്ത്യയിൽത്തന്നെ ഏറ്റവും പ്രതിഫലം കൈപ്പറ്റിയിരുന്ന അഭിഭാഷകരിൽ ഒരാളാണ് റാം ജഠ്മലാനി. രണ്ടാം വാജ്പേയി സർക്കാരിൽ മന്ത്രിയായിരുന്ന ഇദ്ദേഹത്തിന്റെ സ്ഥിരം ക്ലയന്റായിരുന്നു, ബി.ജെ.പിയോട് സദാ കലഹിക്കുന്ന അരവിന്ദ് കേജ്‌രിവാൾ. കേജ്‌രിവാളിന്റെ കേസുകെട്ടുകൾ ഇറക്കിവെക്കുമ്പോൾ, ജഠ്മലാനിയ്ക്ക് ഫീസ് ഇനത്തിൽ കേജ്‌രിവാളിൽനിന്ന് കിട്ടാനുണ്ടായിരുന്നത് രണ്ട് കോടി രൂപയായിരുന്നു. ഇതേ ജഠ്മലാനി, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി വധക്കേസുകളിൽ പ്രതിഭാഗം അഭിഭാഷകനായിരുന്നുവെന്നത് വേറെകാര്യം.

പി.ചിദംബരം

ഒരേസമയം നിയമജ്ഞനായും നിയമനിർമ്മാണസഭാംഗമായും തിളങ്ങിയെന്ന സൗഭാഗ്യം. പ്രതിഭാഗം അഭിഭാഷകനായി ശോഭിക്കവേ, പ്രതിയായിത്തന്നെ ജയിലിൽ കിടക്കേണ്ടിവന്ന ദുര്യോഗം. ഇതൊക്കെ ചേർന്നതാണ് പി.ചിദംബരത്തിന്റെ ജീവിതം. തൃണമൂൽ കോൺഗ്രസിനെതിരായ മെട്രൊ ഡയറി കുംഭകോണക്കേസിൽ കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചത് മുതിർന്ന കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയാണ്. എന്നാൽ തൃണമൂലിനേയും മമതയേയും കേസിൽനിന്ന് രക്ഷിച്ചെടുക്കാൻ കൊൽക്കത്ത ഹൈക്കോടതിൽ ഹാജരായത് ചൗധരിയെക്കാൾ മുതിർന്ന കോൺഗ്രസ് നേതാവായ പി.ചിദംബരം ആയിരുന്നു. അന്ന് ഹൈക്കോടതിയിലെ കോൺഗ്രസ് അനുകൂല അഭിഭാഷകർ ചിദംബരത്തിനെതിരെ ‘ഗോ ബാക്ക്’ വിളികളുമായി രംഗത്തുവന്നു. പക്ഷേ, ചിദംബരം കുലുങ്ങിയില്ല. തന്റെ രാഷ്ട്രീയ എതിരാളിയായ മമതയ്ക്കായി കേസ് വാദിച്ച് ഫീസും വാങ്ങി അദ്ദേഹം മടങ്ങി.

അഭിഷേക് മനു സിംഘ്‌വി

ഈ പട്ടികയിൽ വേറിട്ടു നിൽക്കുന്ന ഒരാൾ അഭിഷേക് സിംഘ്വിയാണ്. ശബരിമല വിഷയത്തിൽ സിപിഐഎം നിയന്ത്രണത്തിലുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വക്കാലത്ത് അദ്ദേഹം ഏറ്റെടുത്തു. എന്നാൽ അധികം വൈകാതെ അദ്ദേഹം, കേസിൽ ദേവസ്വം ബോർഡിനുവേണ്ടി ഹാജരാകാനില്ലെന്ന് വ്യക്തമാക്കി. ഹാജരായിരുന്നെങ്കിൽ അത് കോൺഗ്രസ് കേരള ഘടകത്തിന്റെ തീരുമാനത്തിന് എതിരാകുമായിരുന്നു.

പക്ഷേ, ഒരു വ്യാഴവട്ടം മുൻപ് ഇതേ അഭിഷേക് സിംഗ്‌വി, കേരളത്തിലെ കോൺഗ്രസ് ഘടകത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. 2010ൽ അന്യ സംസ്ഥാന ലോട്ടറി നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിനെതിരെ ‘ലോട്ടറി രാജാവ്’ സാന്റിയാഗോ മാർട്ടിനുവേണ്ടി ഹൈക്കോടതിയിൽ ഹാജരായത് സിംഗ്വി ആയിരുന്നു. അന്ന് പ്രതിരോധത്തിലായ കെ.പി.സി.സി, സിംഗ്‌വിക്കെതിരെ സോണിയാ ഗാന്ധിക്ക് പരാതി നൽകിയാണ് അരിശം തീർത്തത്.

മാത്യു കുഴൽനാടൻ

കിഫ്ബിയുടെ വായ്പയെടുക്കൽ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു. എന്നാൽ കുഴൽനാടൻ ഹർജി സമർപ്പിച്ചത് സ്വദേശി ജാഗരൺ മഞ്ച് എന്ന സംഘടനയ്ക്കുവേണ്ടിയാണ് എന്ന് ആരോപണം ഉന്നയിച്ചത് അന്നത്തെ ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് ആണ്. ദത്തോപാന്ത് ഠേങ്ഗഡി സ്ഥാപിച്ച ഈ സ്വദേശി ജാഗരൺ മഞ്ച് സംഘ പരിവാറിന്റെ എഴുപതോളം അനുബന്ധ സംഘടനകളിൽ ഒന്നാണ്.

കാര്യങ്ങൾ ഇങ്ങനെയായക്കെയാണ്. സി.കെ.ശ്രീധരൻ ടി.പി കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി സി.പി.ഐ.എമ്മിനെതിരെ മുൻപ് വാദിച്ചിട്ടുണ്ട്. ഇന്ന് അദ്ദേഹം സി.പി.ഐ.എമ്മിനു വേണ്ടി പെരിയ കേസിൽ ഹാജരാകുന്നു. രാഷ്ട്രീയ കൂടുമാറ്റം ഇതിന് കാരണമായിട്ടുണ്ടാകാം. പക്ഷേ, പ്രൊഫഷണലായി ഇതിൽ തെറ്റില്ല. ധാർമ്മികമായ തെറ്റും ശരിയും തീരുമാനിക്കുന്നത് അവനവന്റെ മന:സാക്ഷിയാണുതാനും.

വാൽക്കഷ്ണം:
‘വക്കീൽ’ എന്നത് ഒരു മധ്യപൂർവ്വദേശ പദമാണ്. അഭിഭാഷകൻ, പ്രതിനിധി, ഏജന്റ് എന്നൊക്കെ ഈ വാക്കിന്റെ അർത്ഥം. 1999ൽ, കാണ്ടഹാർ വിമാനബന്ദികളുടെ മോചന ചർച്ചകൾക്കായി അഫ്ഗാൻ ഭാഗത്തുനിന്ന് ഇടപെട്ട അവരുടെ വിദേശകാര്യ മന്ത്രിയുടെ പേര് ഇങ്ങനെയായിരുന്നു; വക്കീൽ അഹമ്മദ് മുത്തവക്കീൽ.

Story Highlights: story behind advocate, abhishek manu singhvi, p chidambaram, ram jethmalani, kapil sibal, p s sreedharan pillai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here