സ്വന്തം മുഖം തന്നെ ബോര്‍ഡിംഗ് പാസ്; പാസ്‌പോര്‍ട്ട് കാണിക്കേണ്ടതില്ല; ഹൈടെക്കായി അബുദാബി വിമാനത്താവളം

അബുദാബി വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ബയോമെട്രിക് സംവിധാനങ്ങള്‍ ഉപയോഗിച്ചുതുടങ്ങി. ഫേസ് റെക്കഗ്നിഷന്‍ സംവിധാനത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തുന്നതിനാല്‍ ഇനി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്ക് സ്വന്തം മുഖം തന്നെ അവരവരുടെ ബോര്‍ഡിംഗ് പാസാക്കാം. പാസ്‌പോര്‍ട്ടോ എമിഗ്രേഷന്‍ ഐഡിയോ പോലും കാണിക്കാതെ യാത്രക്കാര്‍ക്ക് മിനിറ്റുകള്‍ക്കുള്ളില്‍ യാത്രാനുമതി നേടാനാകുന്ന സംവിധാനമാണ് അബുദാബി വിമാനത്താവളത്തില്‍ ആരംഭിച്ചിരിക്കുന്നത്. ( Abu Dhabi airport starts biometric service)
വിമാനത്താവളത്തിലെ കാത്തിരിപ്പുസമയവും തിരക്കും നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. തെരഞ്ഞെടുക്കപ്പെട്ട സെല്‍ഫ് സര്‍വീസ് ബാഗേജ് ടച്ച് പോയിന്റുകള്‍, എമിഗ്രേഷന്‍ ഇ ഗേറ്റുകള്‍, ബോര്‍ഡിംഗ് ഗേറ്റുകള്‍ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ ഫേസ് റെക്കഗ്നിഷന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. വരും ദിവസങ്ങളില്‍ സംവിധാനം കൂടുതല്‍ ഗേറ്റുകളിലേക്കും കൊണ്ടുവരും.
Read Also: ഒമാനില്‍ 2023ല്‍ വാറ്റ് വര്‍ധനയില്ല; ആദായ നികുതിയും കൂട്ടില്ലെന്ന് ധനമന്ത്രാലയം
അത്യാധുനിക സാങ്കേതികവിദ്യ കൂടുതല്‍ ടച്ച് പോയിന്റുകളിലേക്ക് ഉടന്‍ വ്യാപിപ്പിച്ച് എല്ലാ ടച്ച് പോയിന്റുകളിലും ബയോമെട്രിക് സംവിധാനം ഉപയോഗിക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം എന്ന നേട്ടം സ്വന്തമാക്കാനാണ് അബുദാബി പദ്ധതിയിടുന്നത്. കൂടാതെ പുതിയ സാങ്കേതികവിദ്യ വിമാനത്താവളത്തിലെത്തുന്നവരുടെ യാത്രാനുഭവം മെച്ചപ്പെടുത്തുമെന്നും അബുദാബി വിമാനത്താവളം അധികൃതര്‍ പ്രതീക്ഷിക്കുന്നുണ്ട്. അത്യാധുനിക ബയോമെട്രിക് ക്യാമറകളാണ് വിമാനത്താവളത്തിലെ ഓരോ പോയിന്റുകളിലും സ്ഥാപിച്ചിരിക്കുന്നതെന്നും ഇത് സുരക്ഷ വര്‍ധിപ്പിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Story Highlights: Abu Dhabi airport starts biometric service
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here