Advertisement

എഞ്ചിന് തീപിടിച്ച് മൂക്കുകുത്തുന്ന വിമാനത്തില്‍ ഇരിക്കുന്ന അവസ്ഥയിലാണ് ഞാനെന്ന് മസ്‌ക്; എന്താണ് ശരിക്കും സംഭവിക്കുന്നത്?

December 22, 2022
Google News 3 minutes Read

ട്വിറ്ററിലെ കൂട്ടപ്പിരിച്ചുവിടല്‍ ഉള്‍പ്പെടെ കടുത്ത അതൃപ്തി സൃഷ്ടിച്ചതിന് പിന്നാലെയുള്ള ട്വിറ്റര്‍ പോളിലും ഇലോണ്‍ മസ്‌ക് തിരിച്ചടി നേരിട്ടിരുന്നു. ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ മേധാവി സ്ഥാനം ഒഴിയണമെന്ന് ഭൂരിഭാഗം അഭിപ്രായപ്പെട്ടതോടെ സ്ഥാനമൊഴിയാന്‍ തന്നെ തയാറെടുക്കുകയാണ് മസ്‌ക്. താന്‍ നടപ്പില്‍ വരുത്താന്‍ ശ്രമിച്ച പരിഷ്‌കാരങ്ങളൊക്കെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വേണ്ടിയായിരുന്നെന്ന് മസ്‌ക് പറയുന്നു. എഞ്ചിനുകളെല്ലാം തീപിടിച്ച് താഴേക്ക് മൂക്കുകുത്തി വീഴുന്ന വിമാനത്തില്‍ ഇരിക്കുന്നത് പോലുള്ള അവസ്ഥയാണ് തനിക്കെന്നും മസ്‌ക് പറയുന്നു. (Elon Musk’s Distraction Is Just One of Tesla’s Problems)

7500 ജീവനക്കാരെയാണ് മസ്‌ക് പിരിച്ചുവിട്ടിരുന്നത്. ഇങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ സാമ്പത്തിക പ്രതിസന്ധിയെ ട്വിറ്ററിന് മറികടക്കാന്‍ സാധിക്കില്ലായിരുന്നെന്നാണ് മസ്‌ക് പറയുന്നത്. മാറ്റങ്ങള്‍ കൊണ്ടുവന്നില്ലായിരുന്നെങ്കില്‍ കമ്പനിക്ക് പ്രതിവര്‍ഷം 300 കോടി ഡോളറിന്റെ നഷ്ടം സംഭവിക്കുമായിരുന്നെന്നും മസ്‌ക് പറഞ്ഞു.

Read Also: വീണ്ടും അതേ അബദ്ധമോ? സന്ദേശം ‘ഡിലീറ്റ് ഫോര്‍ മീ’ ആയിപ്പോയോ? പരിഹാരവുമായി വാട്ട്‌സ്ആപ്പ്

മസ്‌ക് പറഞ്ഞ ആ അവസ്ഥയെന്താണ്?

ട്വിറ്ററിന്റെ 44 ബില്യണ്‍ ഡീല്‍ സാക്ഷാത്കരിക്കുന്നതിനായി 23 ബില്യണിന്റെ ടെസ്ല ഓഹരികളാണ് മസ്‌ക് വിറ്റത്. ഇത് പിന്നീട് വിലയിടിവിലേക്കും നയിച്ചിരുന്നു. 2030 ഓടെ ടെസ്ല പ്രതിവര്‍ഷം 20 ദശലക്ഷം കാറുകള്‍ വില്‍ക്കുമെന്ന മസ്‌കിന്റെ വാഗ്ദാനങ്ങള്‍ നിക്ഷേപകര്‍ വിശ്വസിക്കുന്നില്ല എന്നതിന്റെ സൂചന കൂടിയാണ് ഈ ഇടിവ്. ആഗോള ആധിപത്യത്തെക്കുറിച്ചുള്ള ആ സ്വപ്നമാണ് ടെസ്ലയുടെ 1 ട്രില്യണ്‍ ഡോളര്‍ മൂല്യനിര്‍ണ്ണയത്തെ ന്യായീകരിച്ചിരുന്നത്. എന്നാല്‍ ടെസ്ലയുടെ നിലവിലെ മൂല്യം ഇതിന്റെ പകുതി മാത്രമായി ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ട്വിറ്റര്‍ പോളിലെ പരാജയം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ടെസ്ല ഓഹരി വിലയെ നിര്‍ണായകമായി സ്വാധീനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ആഗോള മാധ്യമങ്ങള്‍ മസ്‌ക് കാലം അവസാനിക്കുന്നുവോ എന്ന് ചര്‍ച്ചകള്‍ ആരംഭിക്കുക കൂടി ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാകുന്നത്.

ടെസ്ലയ്ക്ക് തിരിച്ചടിയാകുന്നതെന്ത്?

ഉത്പാദനത്തിന്റേയും വിതരണത്തിന്റേയും മേഖലയിലെ പ്രശ്‌നങ്ങള്‍ കൂടാതെ ഇലക്ട്രിക് കാര്‍ രംഗത്ത് മത്സരം കൂടിയതും ടെസ്ലയ്ക്ക് തിരിച്ചടിയാകുന്നുണ്ട്. ട്വിറ്ററിന്റെ കൊട്ടിഘോഷിച്ചുള്ള ഏറ്റെടുക്കലും തുടര്‍ന്നുള്ള പ്രശ്‌നങ്ങളിലുമെല്ലാം മസ്‌കിന്റെ ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടതോടെ ടെസ്ല ഉപഭോക്താക്കളും നിക്ഷേപകരും കൂടുതല്‍ അതൃപ്തരാകുകയുമായിരുന്നു.

Story Highlights: Elon Musk’s Distraction Is Just One of Tesla’s Problems

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here