രാഷ്ട്രീയമായി നേരിടേണ്ട പ്രസ്താവനകളെ ഉമ്മൻ ചാണ്ടി നിയമപരമായി നേരിടാൻ ശ്രമിച്ചു; ഫെയ്സ്ബുക്ക് പോസ്റ്റുമായി വി.എ അരുൺകുമാർ

വി.എസ് അച്യുതാനന്ദനെതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഫയൽ ചെയ്തിരുന്ന മാനനഷ്ടക്കേസിൽ സബ് കോടതിയുടെ വിധി അസ്ഥിരപ്പെടുത്തിയ ജില്ലാ കോടതി വിധിയിൽ പ്രതികരണവുമായി വി.എസിന്റെ മകൻ വി.എ അരുൺകുമാർ. രാഷ്ട്രീയമായി നേരിടേണ്ട പ്രസ്താവനകളെ ഉമ്മൻ ചാണ്ടി നിയമപരമായി നേരിടാനാണ് ശ്രമിച്ചതെന്നും അതിനാലാണ് കോടതിയിൽ തിരിച്ചടിയുണ്ടായതെന്നും വി.എ അരുൺകുമാർ ഫെയ്സ്ബുക്കിൽ കുറിച്ചു. ( VA Arunkumar Facebook post against Oommen Chandy ).
കോടതി വ്യവഹാരങ്ങളിൽ പലപ്പോഴും മേൽക്കോടതികൾ കീഴ്ക്കോടതി വിധികൾ അസ്ഥിരപ്പെടുത്തിയ അനുഭവം അച്ഛനെ സംബന്ധിച്ചിടത്തോളം പുത്തരിയല്ലെന്നും സുപ്രീംകോടതി വരെ പോയി അനുകൂല വിധി നേടിയെടുത്ത ചരിത്രം എല്ലാവർക്കും അറിയാവുന്നതാണല്ലോയെന്നും അദ്ദേഹം വ്യക്തമാക്കി.
വി.എ അരുൺകുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഉമ്മൻചാണ്ടി ഫയൽ ചെയ്തിരുന്ന മാനനഷ്ടക്കേസിലെ കീഴ്ക്കോടതി വിധിക്കെതിരെ അച്ഛൻ ജില്ലാ കോടതിയിൽ അപ്പീൽ നൽകിയിരുന്നു. ആ അപ്പീലിൽ വാദം കേട്ട കോടതി, സബ് കോടതിയുടെ വിധി അസ്ഥിരപ്പെടുത്തിക്കൊണ്ട് വിധി പ്രസ്താവിച്ചിരിക്കുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയ പ്രസ്താവനകളുടെ അടിസ്ഥാനത്തിലാണ് ശ്രീ. ഉമ്മൻചാണ്ടി അച്ഛനെതിരെ അപകീർത്തിക്കേസ് നൽകിയത്.
സബ് കോടതിയുടെ വിധി വന്ന അന്നുതന്നെ ആ വിധി ചോദ്യം ചെയ്യുമെന്ന് പറഞ്ഞിരുന്നതാണ്. കോടതി വ്യവഹാരങ്ങളിൽ പലപ്പോഴും മേൽക്കോടതികൾ കീഴ്ക്കോടതി വിധികൾ അസ്ഥിരപ്പെടുത്തിയ അനുഭവം അച്ഛനെ സംബന്ധിച്ചിടത്തോളം പുത്തരിയല്ല. സുപ്രീംകോടതി വരെ പോയി അനുകൂല വിധി നേടിയെടുത്ത ചരിത്രം എല്ലാവർക്കും അറിയാവുന്നതാണല്ലോ.
വാസ്തവത്തിൽ, രാഷ്ട്രീയമായി നേരിടാമായിരുന്ന പ്രസ്താവനകളെ നിയമപരമായി നേരിടാൻ ശ്രമിച്ചതുകൊണ്ടാണ് ശ്രീ ഉമ്മൻചാണ്ടിയുടെ വാദങ്ങളല്ല, അച്ഛന്റെ വാദങ്ങളാണ് ശരി എന്ന് ബോദ്ധ്യപ്പെടാനിടയായത്. വിധിയിൽ സന്തോഷിക്കുന്നു.
Story Highlights: VA Arunkumar Facebook post against Oommen Chandy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here