‘എനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്’; പ്രതികരണവുമായി ചാൾസ് ശോഭരാജ്

നേപ്പാൾ ജയിലിൽ നിന്ന് മോചിതനായ ചാൾസ് ശോഭരാജിനെ ഫ്രാൻസിലേക്ക് നാടുകടത്തി. തനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് വിമാനത്തിലിരിക്കെ ചാൾസ് ശോഭരാജ് പറഞ്ഞു എന്ന് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. ഏകദേശം 20 വർഷങ്ങൾ തടവിൽ കഴിഞ്ഞതിനു ശേഷമാണ് സീരിയൽ കില്ലറായ ചാൾസ് ശോഭരാജിനെ നേപ്പാൾ കോടതി മോചിപ്പിച്ചത്. (charles Sobhraj Deported From Nepal)
“നന്നായി തോന്നുന്നു. എനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. കുറേ പേർക്കെതിരെ കേസ് കൊടുക്കണം. നേപ്പാൾ ഉൾപ്പെടെ.”- ചാൾസ് പറഞ്ഞു. സീരിയൽ കില്ലർ എന്ന ലേബൽ തെറ്റിദ്ധാരണജനകമായി നൽകപ്പെട്ടതാണോ എന്ന ചോദ്യത്തിന് അതെ എന്ന് ശോഭരാജ് മറുപടി നൽകി.
കൊലപാതക കുറ്റങ്ങളിൽ ഉൾപ്പെടെ 19 വർഷമായി ജയിലിൽ കഴിയുന്ന ചാൾസ് ശോഭരാജിന്റെ പ്രായവും ആരോഗ്യനിലയും ഉൾപ്പെടെ കണക്കിലെടുത്താണ് കോടതിയുടെ ഉത്തരവ്. രണ്ട് അമേരിക്കൻ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ കേസിലാണ് കോടതി 2003ൽ ചാൾസ് ശോഭരാജിന് ജീവപരന്ത്യം തടവ് ശിക്ഷ വിധിച്ചിരുന്നത്.
Read Also: കുപ്രസിദ്ധ സീരിയല്‍ കില്ലര്‍ ചാള്‍സ് ശോഭരാജ് ജയിലിന് പുറത്തേക്ക്; ഉത്തരവിട്ട് നേപ്പാള്‍ കോടതി
ഇതിൽ കൂടുതൽ കാലം ചാൾസ് ശോഭരാജിനെ തടവിൽ പാർപ്പിക്കുന്നത് തടവുകാരുടെ മനുഷ്യാവകാശത്തിന് ലംഘനമാണെന്ന് കോടതി ഉത്തരവിൽ പറയുന്നു. ചാൾസ് ശോഭരാജിന്റെ പേരിൽ തീർപ്പുകൽപ്പിക്കാൻ ഇനി കേസുകളൊന്നുമില്ലെങ്കിൽ ഇയാളെ ഉടൻ വിട്ടയ്ക്കാമെന്നും കോടതി പറഞ്ഞു. ജയിൽ മോചിതനായി 15 ദിവസത്തിനകം ഫ്രഞ്ച് പൗരനായ ചാൾസിനെ നാടുകടത്തണമെന്നും കോടതി വ്യക്തമാക്കി.
ഫ്രാൻസിലെ ചെറിയ കുറ്റകൃത്യങ്ങൾക്കും ജയിൽ വാസത്തിനും ശേഷം 1970കളിലാണ് ചാൾസ് ലോകം ചുറ്റാൻ തുടങ്ങിയത്. ഇക്കാലത്ത് തായ് തലസ്ഥാനമായ ബാങ്കോക്കിൽ ഇയാൾ താമസം തുടങ്ങി. ഇരകളുമായി ദീർഘനേരം സംസാരിച്ച് സൗഹൃദം സ്ഥാപിച്ച് കൊലപാതകം ഉൾപ്പെടെ നടത്തുകയായിരുന്നു ചാൾസിന്റെ രീതി. 12 ഓളം പേരെ ചാൾസ് കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ ഇരകളുടെ എണ്ണം മുപ്പതിനും മേലെ വരുമെന്നാണ് അനൗദ്യോഗിക കണക്കുകൾ പറയുന്നത്. തായ്‌ലാൻഡ്, നേപ്പാൾ, ഇന്ത്യ, മലേഷ്യ, ഫ്രാൻസ്, അഫ്ഗാനിസ്ഥാൻ, തുർക്കി, ഗ്രീസ് എന്നീ രാജ്യങ്ങളിലെ പൗരന്മാരാണ് ചാൾസിന്റെ ഇരകളായത്.
Story Highlights: charles Sobhraj Deported From Nepal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here