Advertisement

‘ചരിത്രമാകാൻ സാനിയ മിർസ’, യുദ്ധവിമാന പൈലറ്റാകുന്ന രാജ്യത്തെ ആദ്യ മുസ്ലീം വനിതാ

December 23, 2022
Google News 2 minutes Read

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാന പൈലറ്റാകുന്ന ആദ്യ മുസ്ലീം വനിതാ എന്ന നേട്ടം സ്വന്തമാക്കി ഉത്തർപ്രദേശിൽ നിന്നുള്ള ഒരു യുവതി. മിർസാപൂർ സ്വദേശിനിയായ സാനിയ മിര്‍സയാണ് ഈ അപൂർവ നേട്ടം കൈവരിച്ചിരിക്കുന്നത്. എൻഡിഎ പരീക്ഷയിൽ 149-ാം റാങ്കോടെയാണ് സാനിയ ഫ്ളൈയിംഗ് വിംഗിൽ രണ്ടാം സ്ഥാനം നേടിയത്. ഉത്തർപ്രദേശിൽ നിന്ന് യുദ്ധവിമാന പൈലറ്റാകുന്ന ആദ്യ വനിത കൂടിയാണ് സാനിയ.

ഏപ്രിൽ 10നാണ് സാനിയ എൻഡിഎ പരീക്ഷ എഴുതിയത്. നവംബറിൽ പുറത്തിറക്കിയ പട്ടികയിലാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഫ്‌ളൈയിംഗിൽ തെരഞ്ഞെടുക്കപ്പെട്ട രണ്ട് വനിതകളിൽ ഒരാളാണ് സാനിയ. ഡിസംബർ 27ന് പൂനെയിൽ നടക്കുന്ന എൻഡിഎ പരിശീലനത്തിൽ സാനിയ ചേരും. സിബിഎസ്ഇ, ഐസിഎസ്ഇ, യുപി ബോർഡ് വിദ്യാർത്ഥികൾക്ക് മാത്രമല്ല ദൃഢനിശ്ചയമുണ്ടെങ്കിൽ ആർക്കും വിജയം നേടാനാകുമെന്ന് ഹിന്ദി മീഡിയം സ്‌കൂളിൽ പഠിച്ച സാനിയ പറയുന്നു.

ജസോവർ ഗ്രാമത്തിലാണ് സാനിയ മിർസയുടെ വീട്. അച്ഛൻ ഷാഹിദ് അലി ഒരു ടിവി മെക്കാനിക്കാണ്. ഗ്രാമത്തിലെ തന്നെ പണ്ഡിറ്റ് ചിന്താമണി ദുബെ ഇന്റർ കോളജിൽ പ്രൈമറി മുതൽ പത്താം ക്ലാസ് വരെ പഠിച്ചു. പ്ലസ് ടു വിന് യുപി ബോർഡിൽ ജില്ലാ ടോപ്പറായി. രാജ്യത്തെ ആദ്യ വനിതാ യുദ്ധവിമാന പൈലറ്റായ അവ്‌നി ചതുർവേദിയെക്കുറിച്ച് അറിഞ്ഞതോടെ എൻഡിഎയിൽ ചേരാൻ തീരുമാനിച്ചു. പിന്നലെ സെഞ്ചൂറിയൻ ഡിഫൻസ് അക്കാദമിയിൽ തയ്യാറെടുപ്പുകൾ നടത്തി.

‘നമ്മുടെ സമൂഹത്തിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തേക്കാൾ ആവശ്യം സ്‌ത്രീധനമാണെന്ന് കരുതുന്നവരുണ്ട്. കൂടുതൽ ആളുകൾക്ക്, പ്രത്യേകിച്ച് പെൺകുട്ടികൾക്ക് പ്രചോദനമാകാൻ എന്തെങ്കിലും ചെയ്യണമെന്ന് ഞാൻ കരുതി. രാജ്യസേവനം ഒരു അഭിനിവേശം മാത്രമല്ല, ഒരു ജീവിതരീതിയാണ്. നാഷണൽ ഡിഫൻസ് അക്കാദമി 2022 പരീക്ഷയിൽ ഫൈറ്റർ പൈലറ്റിൽ സ്ത്രീകൾക്കായി രണ്ട് സീറ്റുകൾ മാത്രമേ സംവരണം ചെയ്തിട്ടുള്ളൂ. ആദ്യ ശ്രമത്തിൽ സീറ്റ് പിടിക്കാനായില്ലെങ്കിലും രണ്ടാം ശ്രമത്തിൽ ഇടം കണ്ടെത്തി’-അഭിമാനത്തോടെ സാനിയ പറയുന്നു.

Story Highlights: Sania Mirza first Muslim woman fighter pilot

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here