Advertisement

നെഹ്റയുടെ പെർഫക്ട് പ്ലാൻ; ലേലത്തിൽ സ്കോർ ചെയ്ത് ഗുജറാത്ത് ടൈറ്റൻസ്

December 26, 2022
Google News 2 minutes Read
gujarat titans ipl auction

ഐപിഎൽ മിനി ലേലം അവസാനിച്ചപ്പോൾ ലേലത്തുകയിൽ റെക്കോർഡുകൾ പലതവണ ഭേദിക്കപ്പെട്ടെങ്കിലും പെർഫക്ട് ലേലം നടത്തിയത് ഗുജറാത്ത് ടൈറ്റൻസ് മാത്രമായിരുന്നു. ശ്രമിച്ച ഏഴ് താരങ്ങളെയും ടീമിലെത്തിക്കാൻ ഗുജറാത്തിനു സാധിച്ചു. സ്ക്വാഡിൽ പരമാവധി എണ്ണമായ 25 താരങ്ങളെ ഉൾപ്പെടുത്താനും ബാക്കിയായി 4.45 കോടി രൂപ മിച്ചം പിടിക്കാനും ഗുജറാത്തിനു കഴിഞ്ഞു. വേറെ ഒരു ഫ്രാഞ്ചൈസിക്കും ഇത്ര കൃത്യമായ പ്ലാനിംഗോടെ ലേലത്തെ സമീപിക്കാൻ കഴിഞ്ഞില്ല. (gujarat titans ipl auction)

തങ്ങൾക്ക് വേണ്ട വിഭവങ്ങൾ എന്തെന്ന് കൃത്യമായി മനസിലാക്കിയായിരുന്നു ഗുജറാത്ത് ലേലത്തിൽ ഇടപെട്ടത്. വിജയ് ശങ്കർ, സായ് സുദർശൻ, ഹാർദിക് പാണ്ഡ്യ തുടങ്ങിയ താരങ്ങൾ കളിച്ച മൂന്നാം നമ്പറാണ് കഴിഞ്ഞ സീസണിൽ ഗുജറാത്തിൻ്റെ വീക്ക് പോയിൻ്റായി നിലകൊണ്ടത്. അവിടേക്കാണ് ഇക്കുറി കെയിൻ വില്ല്യംസൺ എത്തുന്നത്. സമീപകാലത്തായി അല്പം ഫോമൗട്ടാണെങ്കിലും വില്ല്യംസൺ ഒരു അസാമാന്യ ബാറ്ററാണ്. അദ്ദേഹത്തെ അടിസ്ഥാന വിലയായ വെറും 2 കോടി രൂപയ്ക്ക് ടീമിലെത്തിക്കാൻ കഴിഞ്ഞത് ചില്ലറ നേട്ടമല്ല.

Read Also: ആർസിബി ചാക്കിട്ടുപിടിച്ച അവിനാഷ് സിംഗ് ആര്?; ഐപിഎലിൽ ഞെട്ടിക്കുമെന്ന് പ്രവചനം

അടുത്തത് വിക്കറ്റ് കീപ്പർ. മാത്യു വെയ്ഡ്, വൃദ്ധിമാൻ സാഹ എന്നിവരാണ് കഴിഞ്ഞ സീസണിൽ കളിച്ചത്. വെയ്ഡ് നിരാശപ്പെടുത്തിയപ്പോൾ സാഹ ചില മികച്ച ഇന്നിംഗ്സുകൾ കളിച്ചു. എന്നാൽ, സാഹയുടെ പ്രായം പരിഗണിക്കുമ്പോൾ പുതിയ ഒരു വിക്കറ്റ് കീപ്പർ അനിവാര്യമാണ്. അവിടേക്കാണ് കെഎസ് ഭരത് എത്തുന്നത്. 20 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന ഭരതിനെ 1.20 കോടി രൂപയ്ക്ക് ഗുജറാത്ത് സ്വന്തമാക്കി. കഴിഞ്ഞ സീസണുകളിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി നടത്തിയ പ്രകടനങ്ങളും ആദ്യ 6 നമ്പരുകളിൽ എവിടെ വേണമെങ്കിലും കളിപ്പിക്കാൻ കഴിയുമെന്നതും ഭരതിനെ ഇത്തവണത്തെ ഏറ്റവും സ്‌മാർട്ട് ബൈ ആക്കിമാറ്റുന്നു.

ഇനി ഓൾറൗണ്ടർ. ഹാർദിക് പാണ്ഡ്യ, രാഹുൽ തെവാട്ടിയ, വിജയ് ശങ്കർ, ജയന്ത് യാദവ് എന്നീ ഓൾറൗണ്ടർമാരാണ് ഗുജറാത്തിൽ ഉണ്ടായിരുന്നത്. എല്ലാവരും ഇന്ത്യൻ താരങ്ങൾ. ഈ മിക്സിലേക്ക് വെസ്റ്റ് ഇന്ത്യൻ ഒഡീസ് സ്‌മിത്ത് എത്തുന്നു. ഐപിഎൽ പ്രകടനങ്ങൾ അത്ര ആശാവഹമല്ലെങ്കിലും ഒഡീൻ സ്‌മിത്ത് ഒരു വ്യത്യസ്ത പ്രൊഫൈലുള്ള താരമാണ്.

അടുത്തത് പേസ് ബൗളർമാർ. ദർശൻ നാൽകണ്ടെ, യാഷ് ദയാൽ, നൂർ അഹ്‌മദ്, അൽസാരി ജോസഫ്, പ്രദീസ് സാങ്ങ്വാൻ, മുഹമ്മദ് ഷമി എന്നിവരടങ്ങിയ ഒരു മീഡിയോക്കർ ഗ്രൂപ്പിലേക്കെത്തുന്നത് വർഷങ്ങളുടെ അനുഭവസമ്പത്തുള്ള മോഹിത് ശർമ, കഴിഞ്ഞ ടി-20 ലോകകപ്പിൻ്റെ കണ്ടെത്തലായ ജോഷ്വ ലിറ്റിൽ, ഐപിഎൽ അനുഭവസമ്പത്തുള്ള ശിവം മവി എന്നിവരാണ്. ഇതിൽ മവിയും ലിറ്റിലും ആദ്യ ഇലവനിൽ ഇടം പിടിക്കാൻ സാധ്യതയുണ്ട്. ഷമി, ലിറ്റിൽ, ദയാൽ അല്ലെങ്കിൽ മവി. ലിറ്റിലിനെ മാറ്റിനിർത്തിയാൽ ഷമി, മവി, ദയാൽ അല്ലെങ്കിൽ നാൽക്കണ്ടെ. കഴിഞ്ഞ സീസണിൽ തകർത്തെറിഞ്ഞ സാങ്ങ്വാനും ആദ്യ ഇലവൻ പോരിലുണ്ട്.

കഴിഞ്ഞ സീസണിൽ കപ്പടിച്ച ഗുജറാത്ത് ടൈറ്റൻസിനെക്കാൾ മികച്ച ടീമുകൾ ഉണ്ടായിരുന്നു. എന്നാൽ, ഒരു ടീം എന്ന നിലയിൽ അവർ ഒത്തൊരുമിച്ച് കളിച്ചു. ഇക്കുറി ഓട്ടകളൊക്കെ അടച്ച് അല്പം കൂടി കെട്ടുറപ്പുള്ള ടീമാണ് ടൈറ്റൻസിനുള്ളത്.

Story Highlights: gujarat titans ipl auction

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here