വടകരയിലെ വ്യാപാരിയുടെ മരണത്തിൽ പ്രതിയെ ഇതുവരെ കണ്ടെത്താനായില്ല

കോഴിക്കോട് വടകരയിലെ വ്യാപാരിയുടെ മരണത്തിൽ പ്രതിയെ ഇതുവരെ കണ്ടെത്താനായില്ല. ഇരുപതിലേറെ പേരെ പൊലീസ് ചോദ്യം ചെയ്തു. മൊബൈൽ ഫോൺ കോൾ, വാട്ട്സപ്പ് ചാറ്റ്, സിസിടിവി ദൃശ്യങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഒന്നിലേറെ പേർക്ക് കൊലപാതകത്തിൽ പങ്കുണ്ടോ എന്നും സംശയിക്കുന്നുണ്ട്. രാജനെ വ്യക്തിപരമായി അറിയാവുന്ന ആളുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കൊല്ലപ്പെട്ട ദിവസം രാവിലെ മുതൽ രാജനെ വിളിച്ചവരെയും വാട്ട്സപ്പിൽ ചാറ്റ് ചെയ്തവരെയും ചോദ്യം ചെയ്തിട്ടുണ്ട്. രാജനൊപ്പം ബൈക്കിൽ സഞ്ചരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
അടക്കാത്തെരു പുതിയാപ്പ് സ്വദേശി പലവ്യഞ്ജന കട നടത്തുന്ന രാജൻ ഈ മാസം 24നാണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ ശേഷം സ്വർണവും പണവും കവർന്നു. ബന്ധുക്കളാണ് രാജനെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
രാത്രി 12 മണിയോടെയാണ് സംഭവം. രാത്രി വീട്ടിലെത്താൻ വൈകിയതോടെ മകനും മരുമകനും അന്വേഷിച്ച് കടയിൽ എത്തിയപ്പോഴാണ് നിലത്ത് വീണ് കിടക്കുന്നത് കാണുന്നത്. കഴുത്തിലും മുഖത്തും വിരലുകളിലും പരുക്കേറ്റ പാടുകൾ ഉണ്ട്. മരിച്ചയാളുടെ ശരീരത്തിലുണ്ടായിരുന്ന 3 പവൻ സ്വർണ മാലയും മോതിരവും കടയിലുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടിട്ടുണ്ട്. ഇയാളുടെ മോട്ടോർ ബൈക്കും കാണാതായി.
മോഷണശ്രമത്തിനിടെ കൊലപാതകം നടന്നതായാണ് പ്രാഥമിക നിഗമനം. വ്യാപാര സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ഉത്തര മേഖല ഐജി രാഹുൽ ആർ നായർ സംഭവ സ്ഥലം സന്ദർശിച്ചു.
കൊലപാതകം ആസൂത്രിതമാണെന്നാണ് പൊലിസ് നിഗമനം. മൃതദേഹം വടകര ഗവ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.
Story Highlights: vadakara shop owner murder police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here