‘ജനൽ തുറന്നപ്പോൾ കൈ പിടയ്ക്കുന്നതാണ് കണ്ടത്..അവളെ കെട്ടിപ്പിടിച്ച് എന്ത് പറ്റി മോളെയെന്ന് ചോദിച്ചു..’; സംഗീതയുടെ അച്ഛൻ ട്വന്റിഫോറിനോട്

കേരളത്തെ ഞെട്ടിച്ചുകൊണ്ട് വീണ്ടും പ്രണയകൊലപാതകം. ഇന്ന് പുലർച്ചെയാണ് വർക്കല സ്വദേശിനിയായ പതിനേഴുകാരിയുടെ അതിക്രൂര കൊലപാതകത്തെ കുറിച്ച് അറിയുന്നത്. സംഗീതയ്ക്ക് മറ്റ് ബന്ധങ്ങളുണ്ടോയെന്ന ആൺ സുഹൃത്തിന്റെ സംശയമാണ് ഈ നിഷ്ഠൂര കൊലയ്ക്ക് കാരണമായത്. ( varkala sangeetha father about murder )
ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടക്കുന്നത്. ആൺ സുഹൃത്ത് ഗോപു വീട്ടിലെത്തി സംഗീതയെ വിളിച്ചിറക്കുകയായിരുന്നു. സംഗീതയ്ക്ക് മറ്റ് ആൺ സുഹൃത്തുക്കളുണ്ടോയെന്ന് ഗോപുവിന് സംശയമുണ്ടായിരുന്നു. ഈ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കത്തിയുമായി വീട്ടിലെത്തിയ ഗോപു സംഗീതയുടെ കഴുത്തറക്കുകയായിരുന്നു. ഗുരുതരമായി മുറിവേറ്റ് പിടഞ്ഞ സംഗീത തന്നെയാണ് കതകിൽ മുട്ടി അച്ഛനെ വിളിച്ചത്.
‘കരച്ചിലിന്റെ ശബ്ദം കേട്ടാണ് ഉണരുന്നത്. കതകിൽ അടിക്കുന്ന ശബ്ദവും കേൾക്കുന്നുണ്ട്. ആരാണെന്ന് ചോദിച്ചിട്ട് മിണ്ടിയില്ല. അവൾക്ക് മിണ്ടാൻ പറ്റുന്നുണ്ടായില്ല. ജനൽ തുറന്നപ്പോൾ കൈ പിടയ്ക്കുന്നതാണ് കണ്ടത്. പെട്ടെന്ന് വാതിൽ തുറന്നപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന മകളെയാണ്. അവളെ കെട്ടിപ്പിടിച്ച് എന്ത് പറ്റി മോളെയെന്ന് ചോദിച്ചു. അവൾക്ക് പറയാൻ പറ്റുന്നുണ്ടായില്ല. പിടയുകയായിരുന്നു’- അച്ഛൻ സജീവ് പറഞ്ഞു.
ബന്ധുക്കളെത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും അപ്പോഴേക്കും സംഗീത മരിച്ചിരുന്നു. സംഗീത ഒന്നാം വർഷ ബി.കോം വിദ്യാർത്ഥിനിയാണ്. സജീവിന്റെ മൂത്ത മകളാണ് മരിച്ച സംഗീത.
Story Highlights: varkala sangeetha father about murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here