മോക്ക് ഡ്രില്ലിനിടെ യുവാവ് മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് റവന്യുമന്ത്രി; അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

മോക് ഡ്രില്ലിനിടെ യുവാവ് മുങ്ങി മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. ഉദ്യോഗസ്ഥരോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച പരിശോധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
എന്തെങ്കിലും വീഴ്ചയുണ്ടെങ്കില്‍ കൃത്യതയോടെ പരിശോധിക്കും. പ്രാഥമിക ഘട്ടത്തില്‍ അസ്വാഭാവികത തോന്നിയിട്ടില്ല. സ്ഥലത്ത് നടന്ന ഓരോ കാര്യങ്ങളുടെയും വിവരങ്ങള്‍ രേഖാമൂലം ശേഖരിക്കുന്നുണ്ട്. വൈകുന്നേരത്തോടെ പ്രതികരണമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
വെള്ളത്തില്‍ മുങ്ങിപ്പോയ ബിനു സോമനെ രക്ഷപ്പെടുത്തുന്നതില്‍ വലിയ കാലതാമസം ഉണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. വെള്ളത്തിനടിയില്‍ നിന്ന് ബിനുവിനെ പുറത്തെടുക്കുമ്പോള്‍ ബിനുവിന് ജീവന്‍ ഇല്ലായിരുന്നു എന്ന് സിപിആര്‍ നല്‍കിയ ആള്‍ പറഞ്ഞു. ബിനുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലന്‍സില്‍ ഓക്‌സിജന്‍ ഇല്ലാതിരുന്നതും രക്ഷാപ്രവര്‍ത്തനത്തിന് എത്തിച്ച ബോട്ടിന്റെ മോട്ടോര്‍ പ്രവര്‍ത്തിക്കാതിരുന്നതും വലിയ വീഴ്ചയാണെന്ന് ആരോപണവും ഉയരുന്നുണ്ട്.
മണിമലയാറ്റില്‍ പടുതോട് പാലത്തിന് താഴെ ഇന്നലെ നടത്തിയ മോക് ഡ്രില്ലില്‍ യുവാവിന് ജീവന്‍ നഷ്ടമായ സംഭവത്തില്‍ വലിയ വീഴ്ചയാണ് വകുപ്പുകള്‍ക്ക് ഉണ്ടായത്. വെള്ളത്തില്‍ മുങ്ങിത്താഴുന്ന ബിനുവിനെ 30 മിനിറ്റിനു ശേഷമാണ് പുറത്തെടുക്കാന്‍ ആയത്.രക്ഷാപ്രവര്‍ത്തനത്തിലെ ഈ വീഴ്ചയാണ് ബിനുവിന്റെ ജീവന്‍ നഷ്ടമാക്കിയത്.സിപിആര്‍ നല്‍കുന്ന സമയത്ത് ബിനുവിന്റെ ശരീരം പ്രതികരിച്ചിരുന്നില്ല എന്ന് രക്ഷപ്പെടുത്തിയ ആള്‍ പറഞ്ഞു. ബിനുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലന്‍സില്‍ ഓക്‌സിജന്‍ സൗകര്യം പോലും ഇല്ലായിരുന്നു.
പഞ്ചായത്തിനോട് ആലോചിച്ച ശേഷമല്ല മോക്ഡ്രില്‍ നടത്താനുള്ള സ്ഥലം തിരഞ്ഞെടുത്തതെന്ന് ജനപ്രതിനിധികള്‍ പറഞ്ഞു. ബിനുവിന്റെ മരണത്തിന് ഇടയാക്കിയ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Story Highlights: k rajan asked report in death of young man during mock drill
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here