Advertisement

അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ചുള്ള പരിചരണത്തിന് മദര്‍-ന്യൂബോണ്‍ കെയര്‍ യൂണിറ്റ്

December 31, 2022
Google News 2 minutes Read

സംസ്ഥാനത്ത് ആദ്യമായി അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ചുള്ള പരിചരണത്തിനായി മദര്‍-ന്യൂബോണ്‍ കെയര്‍ യൂണിറ്റ് (എം.എന്‍.സി.യു) കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ സജ്ജമായി. ജനുവരി രണ്ടിന് ഉച്ചയ്ക്ക് 1.30ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും.

നവജാതശിശു ചികിത്സ മേഖലയില്‍ ഈ സംരംഭം ഒരു നാഴിക കല്ലായി മാറുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നവജാത ശിശുക്കളുടെ പരിചരണത്തില്‍ അമ്മമാരുടെ സാന്നിധ്യം ഉറപ്പാക്കികൊണ്ടുള്ള ചികിത്സാ പദ്ധതിയാണ് എം.എന്‍.സി.യു. ആഗോളതലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു നൂതന ആശയമാണിത്. ഇതിലൂടെ മാതൃശിശു ബന്ധം ഊട്ടിയുറപ്പിക്കുന്നതിനോടൊപ്പം, നവജാത ശിശു പരിചരണവും, കരുതലും, മുലയൂട്ടലും, കൂടുതല്‍ ശക്തമാകുന്നു. ഇതിലൂടെ കുഞ്ഞിന്റെ വേഗത്തിലുള്ള രോഗമുക്തിയും കുറഞ്ഞ ആശുപത്രി വാസവും ഉറപ്പാക്കാന്‍ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ത്യയില്‍ നാമമാത്രമായി വിരലിലെണ്ണാവുന്ന കേന്ദ്രങ്ങളില്‍ മാത്രമേ ഈ സംവിധാനം നിലവിലുള്ളൂ. കുഞ്ഞുങ്ങളുടെ പരിചരണത്തില്‍ അമ്മമാരുടെ പങ്കാളിത്തം ഉറപ്പാക്കികൊണ്ടുള്ള ചികിത്സയാണിത്. ഈ ആശയത്തിന്റെ ചുവടു പിടിച്ചുകൊണ്ടാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നവജാതശിശു വിഭാഗത്തില്‍ ഈ പദ്ധതി ആരംഭിക്കുന്നത്. ആധുനിക സൗകര്യങ്ങളോട് കൂടിയ എം.എന്‍.സി.യു.യില്‍ 8 കിടക്കകളാണ് സജ്ജമാക്കിയിരിക്കുന്നത്.

ഉത്തര കേരളത്തില്‍ പൊതുജനാരോഗ്യ മേഖലയില്‍ ഒരു പ്രധാന റഫറല്‍ സെന്ററാണ് മാതൃശിശു സംരക്ഷണ കേന്ദ്രം. പ്രതിവര്‍ഷം അയ്യായിരത്തോളം നവജാത ശിശുക്കളെ ഇവിടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സിക്കുന്നു. കോഴിക്കോടിന്റെ സമീപ ജില്ലകളിലെയും വയനാട് തുടങ്ങി ആദിവാസ മേഖലകളിലെയും കുഞ്ഞുങ്ങളുടെ ആരോഗ്യ പരിപാലനത്തിനുള്ള ഒരു പ്രധാന ആശ്രയമാണ് ഇവിടം. ഇത് മുന്നില്‍ കണ്ട് ഈ സര്‍ക്കാര്‍ നിയോനാറ്റോളജി വിഭാഗം പുതുതായി ആരംഭിച്ചു. ലക്ഷ്യ സര്‍ട്ടിഫിക്കേഷനും മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവും നേടിയ ആശുപത്രിയാണിത്. കൂടാതെ മുലപ്പാല്‍ ബാങ്കും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

ജനനം മുതല്‍ 28 ദിവസം വരെയുള്ള നവജാത ശിശുക്കളുടെ പ്രത്യേക തീവ്ര പരിചരണം ഇവിടെ ലഭ്യമാകും. മാസം തികയാതെ, തൂക്ക കുറവുള്ള ശിശുക്കളുടെ വെന്റിലേറ്റര്‍ അടക്കമുള്ള തീവ്ര പരിചരണം ഇവിടെ സജ്ജമാണ്. പീഡിയാട്രിക് സര്‍ജറി വിഭാഗത്തിന്റെ സഹകരണത്തോടു കൂടി സങ്കീര്‍ണമായ ശസ്ത്രക്രിയ ആവശ്യമായ ശിശുക്കളുടെ ചികിത്സയും ലഭ്യമാണ്.

Story Highlights: Mother-Newborn Care Unit for mother and baby care together

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here