‘ഋഷഭ്, എല്ലാം വേഗത്തിൽ സുഖമാകും, സഹോദരാ’, പ്രാർത്ഥനകൾ; സഞ്ജു സാംസൺ

കാറപകടത്തൽ പരുക്കേറ്റ് ചികിത്സയിലുള്ള ഇന്ത്യൻ യുവതാരം ഋഷഭ് പന്തിന് വേഗം സുഖം പ്രാപിക്കട്ടെയെന്ന് മലയാളി താരം സഞ്ജു സാംസൺ. ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലായിരുന്നു സഞ്ജുവിന്റെ ആശംസ. ‘എല്ലാം വേഗത്തിൽ സുഖമാകും, സഹോദരാ’ എന്ന് സഞ്ജു സ്‌റ്റോറിയിൽ കുറിച്ചു. ഇരുവരും ഒന്നിച്ചുള്ള ചിത്രം ഇതോടൊപ്പം ചേർക്കുകയും ചെയ്തിട്ടുണ്ട്. ഐ.പി.എല്ലിനിടെ രാജസ്ഥാൻ-ഡെൽഹി ക്യാപിറ്റൽസ് ജേഴ്‌സിയിൽ ഇരുവരും സൗഹൃദം പങ്കിടുന്ന ചിത്രമാണ് പങ്കുവച്ചത്.(sanju samson rishabh pant car accident)
അതേസമയം, പന്തിന്റെ ആരോഗ്യനിലയിൽ ഏറെ പുരോഗതിയുണ്ടെന്നാണ് ആശുപത്രിവൃത്തങ്ങൾ നൽകുന്ന വിവരം. ഇന്നലെ, പ്ലാസ്റ്റിക് സർജറി അടക്കമുള്ള ചികിത്സകൾ നടന്നിരുന്നു. മുതുകിൽ പൊള്ളലേറ്റ ഭാഗത്തായിരുന്നു പ്ലാസ്റ്റിക് സർജറി. ഇന്നും എം.ആർ.ഐ സ്‌കാനിങ്ങിന് താരം വിധേയനാകും.
അപകടത്തിൽ കാൽപാദത്തിലും ഉപ്പൂറ്റിയിലും പരിക്കേറ്റിട്ടുണ്ട്. എന്നാൽ, തലയ്ക്കും നട്ടെല്ലിനും മറ്റ് ആന്തരികാവയവങ്ങൾക്കും കാര്യമായ പരിക്കില്ലെന്നാണ് ഇന്നലെ നടത്തിയ എം.ആർ.ഐ സ്‌കാനിങ്ങിൽ വ്യക്തമായത്. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിക്കുന്നത്.
നിലവിൽ ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയിലാണ് പന്ത് ചികിത്സയിലുള്ളത്. താരം അപകടനില തരണം ചെയ്തിട്ടുണ്ടെന്നായിരുന്നു ആശുപത്രി അധികൃതർ അറിയിച്ചത്. കുടുംബവുമായും ഡോക്ടർമാരുമായും സംസാരിച്ചിട്ടുണ്ടെന്നും ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ ട്വീറ്റ് ചെയ്തിരുന്നു.
Story Highlights: sanju samson rishabh pant car accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here