അമ്മയെ അസഭ്യം പറഞ്ഞ സുഹൃത്തിനെ കൊലപ്പെടുത്തി; ദുബായിൽ യുവാവിന് 10 വർഷം തടവ്

സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ദുബായ് ക്രിമിനൽ കോടതി 10 വർഷം തടവ് ശിക്ഷ വിധിച്ചു. പ്രതി ഒളിവിലായതിനാൽ ഇയാളുടെ അഭാവത്തിലാണ് വിധി പുറപ്പെടുവിച്ചത്. ശിക്ഷാ കാലാവധി കഴിഞ്ഞാൽ ഇയാളെ നാടുകടത്തും. അതേസമയം പിടിക്കപ്പെടുകയോ കീഴടങ്ങുകയോ ചെയ്താൽ ശിക്ഷയ്ക്കെതിരെ അപ്പീൽ നൽകാൻ പ്രതിക്ക് അവകാശമുണ്ട്.
ഫെബ്രുവരിയിൽ പാകിസ്താൻ സ്വദേശികളായ മൂന്ന് പേർ റാസൽഖോറിലെ വിജനമായ പ്രദേശത്ത് മദ്യപിച്ചപ്പോഴായിരുന്നു സംഭവം. സുഹൃത്തുകളിൽ ഒരാൾ പ്രതിയുടെ അമ്മയെ അസഭ്യം പറയുകയും ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും ചെയ്തു. തർക്കം രൂക്ഷമായതോടെ ഇരയുടെ തലയിൽ മരക്കഷണം കൊണ്ട് പലതവണ അടിച്ചു കൊലപ്പെടുത്തി.
പിന്നാലെ 20 കാരനായ പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. രണ്ട് ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. മെഡിക്കൽ റിപ്പോർട്ടിൽ തലയോട്ടിക്ക് പൊട്ടലുണ്ടായതായും രക്തസ്രാവം മൂലം മരിച്ചതായും കണ്ടെത്തി. അന്വേഷണത്തിന്റെയും മൂന്നാമൻ നൽകിയ മൊഴിയുടെയും അടിസ്ഥാനത്തിൽ കോടതി കുറ്റക്കാരനാണെന്ന് വിധിച്ചു. വിധിക്കെതിരെ 15 ദിവസത്തിനകം അപ്പീൽ നൽകണം. കൊലക്കേസുകളിൽ പ്രതികൾ ഒളിവിലാണെങ്കിലും പ്രോസിക്യൂഷൻ അപ്പീൽ നൽകാറുണ്ട്.
Story Highlights: Man in Dubai sentenced to 10 years in jail for killing friend
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here