Advertisement

കലോത്സവം സമ്മാനിച്ച നായികാവസന്തം

January 1, 2023
Google News 1 minute Read

മലയാളത്തിന് മികവുറ്റ നായികമാരെ സംഭാവന ചെയ്യുന്നതില്‍ സ്‌കൂള്‍ കലോത്സവങ്ങള്‍ നിര്‍ണായക പങ്കു വഹിച്ചുണ്ട്. മലയാളത്തിലെ മുന്‍ നിര സംവിധായകര്‍ ഒന്നടങ്കം തങ്ങളുടെ ചിത്രത്തിലേക്ക് നായികമാരെ കണ്ടെത്തിയിരുന്നത് സ്‌കൂള്‍ കലോത്സവങ്ങളില്‍ നിന്നായിരുന്നു. അന്തരിച്ച വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ലോഹിതദാസ് കലോത്സവവേദികളിലെ നിത്യസന്ദര്‍ശകനായിരുന്നു. കലോത്സവ വേദികളില്‍ നിന്നും അദ്ദേഹം കണ്ടെത്തിയ പ്രതിഭകളും കുറവല്ല. പാട്ട്, നൃത്തം, മോണോആക്റ്റ് തുടങ്ങിയ ഇനങ്ങളിലൂടെ കലോത്സവ വേദികളില്‍ തിളങ്ങുകയും പിന്നീട് മലയാളത്തിന്റെയും തെന്നിന്ത്യയിലെയും മുന്‍നിര നായികമാരാവുകയും ചെയ്തു പ്രതിഭകളിൽ ചിലര്‍ ( school kalolsavam Movie stars ).

മഞ്ജുവാര്യര്‍

മലയാള സിനിമയിലെ മിന്നും നായികയായാണ് മഞ്ജുവാര്യര്‍. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്ത താരം തന്റെ രണ്ടാം വരവിലും മികച്ച വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറി. കലോത്സവമാണ് ഈ അഭിനയ പ്രതിഭയെ സമ്മാനിച്ചത്. നൃത്ത ഇനങ്ങളില്‍ തിളങ്ങിയ മഞ്ജുവിലെ നര്‍ത്തകിയെ രൂപപ്പെടുത്തിയതും കലോത്സവമാണ്. ഭരതനാട്യം, മോഹിനിയാട്ടം, കുപ്പിപ്പുടി, നാടോടി നൃത്തം, എന്നീ ഇനങ്ങളിലാണ് മഞ്ജു ചിലങ്ക കെട്ടിയത്. രണ്ട് വര്‍ഷം കലാതിക പട്ടവും മഞ്ജുവാര്യര്‍ സ്വന്തമാക്കി.

കാവ്യമാധവന്‍

മഞ്ജുവാര്യര്‍ക്ക് പിന്നാലെ മലയാളത്തില്‍ തിളങ്ങിയ കാവ്യാ മാധവനും കലോത്സവ പ്രതിഭയാണ്. കലോത്സവത്തില്‍ നിന്ന് കലാതിലക പട്ടം സ്വന്തമാക്കി നില്‍ക്കുമ്പോളാണ് 14ാം വയസില്‍ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെ കാവ്യ നായികാ അരങ്ങേറ്റം നടത്തിയത്. എന്നാല്‍ അതിനു മുന്‍പും കാവ്യ സിനിമയില്‍ എത്തിയിരുന്നു. ആറാം ക്ലാസില്‍ പഠിക്കുന്ന കാലത്ത് അഴകിയ രാവണന് എന്ന ചിത്രത്തില്‍ ബാലതാരമായാണ് കാവ്യയുടെ സിനിമാ പ്രവേശം. ഭരതനാട്യം, കുച്ചിപ്പുടി എന്നിവയായിരുന്നു കാവ്യയുടെയും മത്സര ഇനങ്ങള്‍.

നവ്യ നായര്‍

കലോത്സവം നല്‍കിയ മറ്റൊരു നായികയാണ് നവ്യ നായര്‍. സിനിമയില്‍ എത്തും മുമ്പേ അരങ്ങില്‍ നിറഞ്ഞാടിയ താരമാണ് നവ്യ. എന്നാല്‍ ധന്യ എന്നായിരുന്നു നവ്യയുടെ അന്നത്തെ പേര്. ഭരതനാട്യം, മോഹിനിയാട്ടം, കേരള നടനം എന്നിവയായിരുന്ന നവ്യ നായരുടെ നൃത്ത ഇനങ്ങള്‍. കലാതിലകപ്പട്ടം നഷ്ടമായപ്പോള്‍ കരഞ്ഞ് കൊണ്ട് വേദി വിട്ട നവ്യ നായരെ മലയാളികള്‍ ഇന്നും ഓര്‍ക്കും.

അമ്പിളി ദേവി

മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധ നേടിയ അമ്പിളി ദേവിയും കലോത്സവത്തിന്റെ സംഭാവനയാണ് ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നീ ഇനങ്ങളിലാണ് അമ്പിളി മികവ് കാട്ടിയത്.

മുത്തുമണി

കലോത്സവ വേദിയിലെ നൃത്തങ്ങളില്‍ നിന്നാണ് സിനിമയ്ക്ക് നായികമാരെ കിട്ടിയതെങ്കില്‍ നാടകങ്ങളും നടിമാരെ സംഭാവന ചെയ്തിട്ടുണ്ട്. അതിലെ പ്രധാന താരമാണ് മുത്തുമണി സോമസുന്ദരം. ഇന്നത്തെ ചിന്താവിഷയം, രസതന്ത്രം തുടങ്ങിയ ചിത്രങ്ങളില്‍ നടിയായി തുടക്കമിട്ട മുത്തുമണി ഇപ്പോള്‍ തിരക്കുള്ള താരമാണ്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിള്‍ പലതവണ മികച്ച നടിയായും മുത്തുമണി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

വിന്ദുജ മേനോന്‍

പവിത്രം എന്ന ചിത്രത്തില്‍ ചേട്ടച്ചന്റെ കുഞ്ഞനുജത്തിയായി എത്തിയ വിന്ദുജ മേനോനെ മലയാളികള്‍ മറക്കില്ല. ഈ വിന്ദുജയും കലോത്സവത്തിന്റെ കണ്ടെത്തലാണ്. 1991ല്‍ കലാതിലകമായിരുന്ന വിന്ദുജ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടി നൃത്തം എന്നീ വിഭാഗങ്ങളിലാണ് തിളങ്ങിയത്. ഒന്നാം കുന്നിൽ ഓരടിക്കുന്നില്‍ എന്ന ചിത്രത്തിലൂടെ വിന്ദുജ മലയാള സിനിമയില്‍ അരങ്ങേറ്റം നടത്തി.

ജോമോള്‍

മലയാളത്തില്‍ വളരെ കുറച്ച് കാലം മാത്രം നായികയായി തിളങ്ങിയ ജോമോളുടെ വരവ് കലോത്സവ വേദികളില്‍ നിന്നുമാണ്. കോഴിക്കോട് പ്രൊവിഡന്‍സ് സ്‌കൂളിലെ നൃത്ത സംഘത്തിലെ പ്രധാന താരമായിരുന്നു ജോമോള്‍. ഒരു വടക്കന്‍ വീരഗാഥയില്‍ ഉണ്ണിയാര്‍ച്ചയുടെ ചെറുപ്പകാലം അവതരിപ്പിച്ച് സിനിമ അരങ്ങേറ്റം നടത്തി. കലോത്സവത്തില്‍ തിളങ്ങി നിന്ന കാലത്ത് ജോമോള്‍ ഗൗരിയായിരുന്നു.

പാര്‍വതി നമ്പ്യാര്‍

ലാല്‍ ജോസ് ചിത്രം ഏഴു സുന്ദര രാത്രികള്‍ എന്ന ചിത്രത്തിലൂടെ എത്തിയ പാര്‍വതി നമ്പ്യാര്‍ പ്ലസ്ടു വരെ കലോത്സവത്തിന്റെ ഭാഗമായിരുന്നു. കൂടിയാട്ടമായിരുന്നു പ്രധാന ഇനം.

Story Highlights: school festival Movie stars

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here