Advertisement

ചേതൻ ശർമ മുഖ്യ സെലക്ടറായി തുടർന്നേക്കുമെന്ന് റിപ്പോർട്ട്

January 3, 2023
2 minutes Read
Chetan Sharma chief selector

മുൻ മുഖ്യ സെലക്ടർ ചേതൻ ശർമ അതേ സ്ഥാനത്ത് തുടർന്നേക്കുമെന്ന് റിപ്പോർട്ട്. ടി-20 ലോകകപ്പിൽ പുറത്തായതിനു പിന്നാലെ ബിസിസിഐ പഴയ സെലക്ഷൻ കമ്മറ്റിയെ പിരിച്ചുവിട്ടിരുന്നു. പുതിയ സെലക്ഷൻ പാനലിനെ ഉടൻ തെരഞ്ഞെടുക്കും. ഈ സെലക്ഷൻ കമ്മറ്റിയെയും ചേതൻ ശർമ തന്നെ നയിക്കുമെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്തത്. (Chetan Sharma chief selector)

കമ്മറ്റിയിലെ മറ്റ് അംഗങ്ങളെ ക്രിക്കറ്റ് ഉപദേശക സമിതി തെരഞ്ഞെടുക്കും. അവസാന ഘട്ട പട്ടികയിൽ 13 പേരാണ് ഉൾപ്പെട്ടിരിക്കുന്നത്. ഹർവിന്ദർ സിംഗ്, അമയ് ഖുറാസിയ, അജയ് രത്ര, എസ് എസ് ദാസ്, കോണർ വില്ല്യംസ് തുടങ്ങിയ മുൻ താരങ്ങൾ ഇൻ്റർവ്യൂവിനെത്തിയെന്ന് എൻഡിടിവിയുടെ റിപ്പോർട്ടിൽ പറയുന്നു. മുഖ്യ സെലക്ടറായി സാധ്യത കല്പിക്കപ്പെട്ടിരുന്ന വെങ്കടേഷ് പ്രസാദിൻ്റെ പേര് അവസാന ഘട്ട പട്ടികയിലില്ല.

അതേസമയം, ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ടി-20 മത്സരം ഇന്ന് നടക്കും. രാത്രി 7 മണിക്ക് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. മലയാളി താരം സഞ്ജു സാംസൺ സ്ക്വാഡിൽ ഉണ്ടെങ്കിലും കളിക്കുമോ എന്നതിൽ വ്യക്തതയില്ല. ന്യൂസീലൻഡിനെതിരായ ടി-20 പരമ്പരയിൽ സ്ക്വാഡിലുണ്ടായിട്ടും സഞ്ജു ഒരു മത്സരത്തിലും കളിച്ചിരുന്നില്ല. ഇന്ന് താരം കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Read Also: ഇന്ത്യ- ശ്രീലങ്ക ആദ്യ ടി-20 ഇന്ന്; സഞ്ജു കളിക്കുമെന്ന പ്രതീക്ഷയിൽ ആരാധകർ

ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ യുവനിരയാണ് ശ്രീലങ്കക്കെതിരെ ഇറങ്ങുക. ക്യാപ്റ്റൻ രോഹിത് ശർമ, കെഎൽ രാഹുൽ, വിരാട് കോലി തുടങ്ങി പ്രമുഖരൊന്നും ടീമിലില്ല. ഈ വർഷം ഒക്ടോബർ, നവംബർ മാസങ്ങളിലായി ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പിനുള്ള ടീമിൽ ഇവർ ഉൾപ്പെട്ടിരിക്കുന്നതിനാൽ ജോലിഭാരം കുറയ്ക്കുന്നതിനായാണ് ഇന്ത്യ ടി-20 മത്സരങ്ങൾക്കായി രണ്ടാം നിര ടീമിനെ പരീക്ഷിക്കുന്നത്.

ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മൻ ഗിൽ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ എന്നീ നാല് ഓപ്പണർമാരിൽ ഗില്ലും കിഷനും സ്ഥാനമുറപ്പിച്ചുകഴിഞ്ഞതാണ്. ഗെയ്ക്വാദും ത്രിപാഠിയും പുറത്തിരിക്കും. 3ആം സ്ഥാനത്ത് ത്രിപാഠിയെയോ ഋതുരാജിനെയോ പരീക്ഷിക്കാനും സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ നാലാം നമ്പരിൽ സൂര്യ കളിക്കും. അഞ്ചാം നമ്പറിൽ ഹൂഡയോ സഞ്ജുവോ. പാർട്ട് ടൈം സ്പിന്നർ എന്നതുകൂടി പരിഗണിക്കുമ്പോൾ ഹൂഡയ്ക്ക് തന്നെ സാധ്യത. ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, ഉമ്രാൻ മാലിക്ക്/ഹർഷൽ പട്ടേൽ, യുസ്‌വേന്ദ്ര ചഹാൽ എന്നിങ്ങനെയാവും ടീം. ത്രിപാഠിയും ഋതുരാജും പുറത്തിരുന്നാൽ സൂര്യ മൂന്നാം നമ്പറിൽ കളിക്കും. നാലാം നമ്പറിൽ ഹൂഡ, അഞ്ചാം നമ്പറിൽ സഞ്ജു എന്നാവും സാധ്യത.

Story Highlights: Chetan Sharma continue chief national selector

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top