ഈ ഒൻപത് ലക്ഷണങ്ങളിൽ 5 എണ്ണം ഉണ്ടോ ? നിങ്ങളിൽ വിഷാദരോഗം ഒളിഞ്ഞിരിപ്പുണ്ടാകാം

ലോകാരോഗ്യ സംഘടന 2018 ൽ പുറത്ത് വിട്ട കണക്ക് പ്രകാരം വിഷാദ രോഗത്തിൽ ഇന്ത്യയുടെ സ്ഥാനം ആറാമതാണ്. വിഷാദ രോഗത്തെ കുറിച്ചുള്ള ചർച്ചകൾ ഏറി വരുന്ന ഈ കാലത്ത് നമ്മുടെ ജീവിതത്തിലുണ്ടാകുന്ന ചെറിയ മാനസിക ഉലച്ചിലുകളെ പോലും നാം സംശയത്തോടെ കണ്ടുതുടങ്ങിയിരിക്കുന്നു. ( 9 signs of depression )
എന്നാൽ കേട്ടോളു, ഇടയ്ക്കുണ്ടാകുന്ന ചെറിയ സങ്കടങ്ങളോ, മടുപ്പോ ഒന്നുമല്ല വിഷാദ രോഗം. അതുകൊണ്ട് തന്നെ ചെറിയ മൂഡ് ചേഞ്ചസിനെ ഭയക്കേണ്ടതില്ല. അത് സർവസാധാരണമാണ്. ഒരു മനുഷ്യന് എല്ലാ ദിവസവും സന്തോഷം മാത്രം ഉണ്ടാകില്ല എന്ന് ഓർമിക്കുക. എന്നാൽ ചില ലക്ഷണങ്ങളുണ്ട്. ഈ ലക്ഷണങ്ങൾ രണ്ടാഴ്ച തുടർച്ചയായി അനുഭവപ്പെട്ടാൽ അതിനർത്ഥം നിങ്ങൾക്ക് വിഷാദരോഗമുണ്ടെന്നാണ്. എന്തെല്ലാമാണ് ഈ ലക്ഷണങ്ങളെന്ന് വിശദീകരിക്കുകയാണ് ഡോ.അരുൺ ബി നായർ.
- രാവിലെ മുതൽ വൈകീട്ട് വരെ നീണ്ട് നിൽക്കുന്ന തുടർച്ചയായ വിഷാദ ഭാവം
- മുൻപ് ആസ്വദിച്ച് ചെയ്തിരുന്ന പല കാര്യങ്ങളിലും താത്പര്യമില്ലായ്മ.
- അകാരണമായ ക്ഷീണമാണ് മൂന്നാമത്തെ ലക്ഷണം.
- ഉറക്കകുറവ്
- വിശപ്പില്ലായ്മ
- ചിന്തകളുടേയും പ്രവർത്തിയുടേയും വേഗത കുറവാണ് ആറാമത്തെ ലക്ഷണം. ഒരു ചോദ്യം ചോദിച്ചാൽ മറുപടി പറയാൻ കൂടുതൽ സമയം എടുക്കുന്നു, ഒരു കാര്യം ചെയ്ത് തീർക്കാൻ സമയമെടുക്കുന്നു എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും.
- ഏകാഗ്രത കുറവും വിഷാദ രോഗത്തിന്റെ ലക്ഷ്ണമാണ്.
- വിഷാദ ചിന്തകൾ- ജീവിതത്തിൽ പ്രതീക്ഷയില്ലായ്മ, തന്നെ ആരും സഹായിക്കാനില്ല, ഒറ്റപ്പെട്ട് പോകുന്നു എന്നീ ചിന്തകൾ വിഷാദരോഗമുള്ളവരിൽ കാണപ്പെടുന്നു.
- ആത്മഹത്യാ പ്രവണത
ഈ ഒൻപത് ലക്ഷണങ്ങളിൽ അഞ്ചെണ്ണമെങ്കിലും രണ്ടാഴ്ചയായി തുടർച്ചയായി ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ രു വിദഗ്ധന്റെ സഹായം തേടണം.
Story Highlights: 9 signs of depression