തിരുവനന്തപുരത്തും പക്ഷിപ്പനി, നാളെ മുതൽ പക്ഷികളെ കൊന്നു തുടങ്ങും

തിരുവനന്തപുരം ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച അഴൂർ ഗ്രാമപഞ്ചായത്തിലെ പക്ഷികളെ നാളെ മുതൽ കൊന്നു തുടങ്ങും. ആദ്യ ഘട്ടത്തിൽ 2000 താറാവിനെയും കോഴിയെയുമാണ് കൊല്ലുന്നത്. കഴിഞ്ഞ ദിവസം ഭോപ്പാലിലെ എൻ.ഐ.എച്ച്.എസ്.എ.ഡി ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
പക്ഷിപ്പനിയുടെ പ്രഭവകേന്ദ്രമായ അഴൂർ ഗ്രാമപഞ്ചായത്തിലെ പെരുങ്ങുഴി ജംഗ്ഷൻ വാർഡിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വാർഡുകളായ റെയിൽവേ സ്റ്റേഷൻ വാർഡ് പൂർണമായും, പഞ്ചായത്ത് ഓഫീസ് വാർഡ്, കൃഷ്ണപുരം വാർഡ്, അക്കരവിള വാർഡ്, നാലുമുക്ക്, കൊട്ടാരം തുരുത്ത് എന്നീ വാർഡുകൾ ഭാഗികമായി ഉൾപ്പെട്ട പ്രദേശങ്ങളിലെ മുഴുവൻ കോഴി, താറാവ്, മറ്റു അരുമ പക്ഷികൾ എന്നിവയെ കൊന്ന് മുട്ട, ഇറച്ചി, കാഷ്ഠം (വളം ) തീറ്റ എന്നിവയും കത്തിച്ച് നശിപ്പിക്കും.
ഒരു കിലോമീറ്ററിന് ചുറ്റുമുള്ള ഒൻപത് കിലോമീറ്ററിൽ ഉൾപ്പെടുന്ന കിഴുവിലം, കടക്കാവൂർ കീഴാറ്റിങ്ങൽ ചിറയിൻകീഴ്, മംഗലപുരം, അണ്ടൂർകോണം, പോത്തൻകോട് എന്നീ ഗ്രാമപഞ്ചായത്തുകളും തിരുവനന്തപുരം കോർപ്പറേഷനിലെ കഴക്കൂട്ടം, ആറ്റിപ്ര വാർഡിലെ ആറ്റിൻകുഴി പ്രദേശം എന്നിവയും ഉൾപ്പെടുന്ന സർവൈലൻസ് സോണിന്റെ പരിധിയിൽ നിന്നും പുറത്തേക്കും അകത്തേക്കും കോഴി, താറാവ്, അരുമ പക്ഷികൾ എന്നിവയുടെ കൈമാറ്റം, കടത്ത്, വിൽപ്പന എന്നിവ നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.
ഈ പഞ്ചായത്തുകളിൽ നിന്നും പുറത്തേക്ക് മുട്ട, ഇറച്ചി, വളം, തീറ്റ എന്നിവയുടെ വില്പന, നീക്കം എന്നിവയ്ക്കും മൂന്നു മാസത്തേക്ക് നിരോധനം ഉണ്ടായിരിക്കും. മൃഗസംരക്ഷണ വകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീമുകൾ തിങ്കളാഴ്ച മുതൽ പക്ഷികളെ കൊല്ലുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതാണെന്നും എല്ലാവരും സഹകരിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
Story Highlights: Bird flu in Thiruvananthapuram will start killing birds from tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here