കെ.എസ്.ആർ.ടി.സി ബസിൽ വെച്ച് പതിനേഴുകാരിയെ ലൈംഗികമായി ഉപദ്രവിച്ചയാൾക്ക് 6 വർഷം കഠിന തടവ്

കെ.എസ്.ആർ.ടി.സി ബസിൽ വെച്ച് പതിനേഴ് വയസുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചയാൾക്ക് ആറു വർഷം കഠിന തടവും ഒരു ലക്ഷത്തി അൻപതിനായിരം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. വടകര, പാക്കയിൽ സ്വദേശി ആനപ്പാന്റെവിട റിനീഷ്കുമാറിനാണ് ( 42) കടുത്ത ശിക്ഷ ലഭിച്ചത്. ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി പിയാണ് ശിക്ഷ വിധിച്ചത്.
Read Also: ലൈംഗിക പീഡന പരാതി; സിവിക് ചന്ദ്രൻ പൊലീസിന് മുന്നിൽ കീഴടങ്ങി
ഇന്ത്യൻ ശിക്ഷാ നിയമം പ്രകാരവും പോക്സോ വകുപ്പ് അനുസരിച്ചുമാണ് പ്രതിക്ക് ആറു വർഷം കഠിന തടവ് ശിക്ഷ ലഭിച്ചത്. പിഴ സംഖ്യയിൽ ഒരു ലക്ഷം രൂപ പരാതിക്കാരിക്കു നൽകണമെന്നും വിധിന്യായത്തിൽ പറയുന്നു. പിഴ സംഖ്യ അടച്ചില്ലെങ്ങിൽ ഒന്നര വർഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം. കേസിന് ആസ്പദമായ സംഭവം നടന്നത് 2020 ലാണ്. പ്രോസിക്യൂഷൻ വേണ്ടി അഡ്വ പി. ജെതിൻ ഹാജരായി.
കെ.എസ്.ആർ.ടി.സി ബസിൽ മാനന്തവാടി നിന്നും കുറ്റിയാടി വരെ യാത്ര ചെയ്യുകയായിരുന്നു പെൺകുട്ടി. ബസിൽ കയറിയ പ്രതി പെൺകുട്ടിയുടെ അടുത്തു ഇരുന്ന് യാത്ര ചെയ്യുകയും പെൺകുട്ടിയെ ഉപദ്രവിക്കുകയുമായിരുന്നു. തൊട്ടിൽപ്പാലം പൊലീസ് രജിസ്റ്റർ ചെയ്ത കേസ്, നാദാപുരം അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പൊലീസ് അങ്കിത് അശോകൻ ആണ് അന്വേഷിച്ചത്.
Story Highlights: 6 years rigorous imprisonment for accused in POCSO case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here