മലപ്പുറം കൊണ്ടോട്ടി വട്ടപ്പറമ്പിലെ കുടിവെള്ള പ്രശ്‌നം; രണ്ട് ദിവസത്തിനകം നടപടിയെന്ന് അധികൃതർ; 24 ഇംപാക്ട്

കുടിവെള്ളക്ഷാമം മൂലം പൊറുതിമുട്ടിയ മലപ്പുറം കൊണ്ടോട്ടി വട്ടപ്പറമ്പിലെ ജനങ്ങളുടെ ദുരിതത്തിന് വിരാമം. രണ്ട് ദിവസത്തിനുള്ളിൽ മേഖലയിൽ കുടിവെള്ളം പുനസ്ഥാപിക്കുമെന്ന് വാട്ടർ അതോറിറ്റി മലപ്പുറം അസി. എക്‌സി. എഞ്ചിനിയർ പി ടി അബ്ദുൽ നാസർ ട്വന്റിഫോറിനോട് പറഞ്ഞു. ‘പൊതുജനം കഴുതയല്ല സർ’ എന്ന പരിപാടിയിലൂടെ ട്വന്റി ഫോർ പുറത്ത് കൊണ്ടുവന്ന വാർത്തയിലാണ് അധികൃതരുടെ അടിയന്തര ഇടപെടൽ. ട്വന്റിഫോർ ഇംപാക്ട്. ( malappuram kondotty water issue 24 impact )
വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയതോടെ ഒരു മാസമായി കുടിവെള്ള ക്ഷാമം രൂക്ഷമായ കൊണ്ടോട്ടി വട്ടപ്പറമ്പിലെ ജനങ്ങളുടെ ദുരവസ്ഥ കഴിഞ്ഞ ദിവസമാണ് ട്വന്റിഫോർ പുറത്തു കൊണ്ടു വന്നത്. ഇതിനു പിന്നാലെ കൊണ്ടോട്ടി എം എൽഎ ടി വി ഇബ്രാഹിമിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വിവിധ വകുപ്പ് മേധാവികൾ പങ്കെടുത്ത യോഗത്തിൽ പ്രശ്‌നം പരിഹരിക്കാൻ അടിയന്തര നടപടിയായി. രണ്ട് ദിവസത്തിനുള്ളിൽ മേഖലയിൽ കുടിവെള്ളം പുനസ്ഥാപിക്കുമെന്ന് വാട്ടർ അതോറിറ്റി മലപ്പുറം അസി. എക്‌സി. എഞ്ചിനിയർ പി ടി അബ്ദുൽ നാസർ ട്വന്റി ഫോറിനോട് പറഞ്ഞു. കുടിവെള്ളം പുനസ്ഥാപിക്കാനുള്ള പ്രവൃത്തികൾക്ക് ഇന്ന് തുടക്കമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ട് പ്രവൃത്തികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ സാധിക്കാത്തതിനാലാണ് പ്രയാസം നേരിട്ടത്. ബന്ധപ്പെട്ട വകുപ്പുകളുമായി ധാരണയായതിനാൽ പ്രശ്‌നം പൂർണമായും പരിഹരിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. കുടിവെള്ളത്തിനായി കരിങ്കൽക്വാറിയെ ആശ്രയിച്ചിരുന്ന വട്ടപ്പറമ്പുകാരുടെ വറുതിക്കാണ് ഇതോടെ അറുതിയായത്.
Story Highlights: malappuram kondotty water issue 24 impact
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here