‘സർക്കാരുമായി ഒരു പിണക്കവുമില്ല’; പഴയിടത്തെ സന്ദർശിച്ച് മന്ത്രി വാസവൻ

പഴയിടം മോഹനൻ നമ്പൂതിരിക്ക് പിന്തുണയറിയിച്ച് മന്ത്രി വി എൻ വാസവൻ. സിപിഐഎം ഗൃഹസന്ദർശനത്തിന്റെ ഭാഗമായി പഴയിടത്തിന്റെ വീട്ടിൽ എത്തിയതായിരുന്നു മന്ത്രി. മനുഷ്യ നന്മയും ധാർമ്മികതയും ഉയർത്തിപ്പിടിക്കുന്നയാളാണ് പഴയിടമെന്നും സർക്കാർ അദ്ദേഹത്തിനൊപ്പമാണെന്നും മന്ത്രി പറഞ്ഞു.(minister vn vasavan support pazhayidom mohanan namboothiri)
സർക്കാരുമായോ വിദ്യാഭ്യാസ വകുപ്പുമായോ അദ്ദേഹത്തിന് പിണക്കമില്ലെന്നും കലോത്സവത്തിലേക്ക് തിരിച്ച് വരുന്ന കാര്യത്തിൽ നല്ല മനസോടെ ചിന്തിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി സന്ദർശനത്തിന് ശേഷം പറഞ്ഞു. സർക്കാരിന്റെ പ്രതിനിധിയായിട്ടല്ല കാണാൻ വന്നതെന്നും സഹോദരനെ പോലെയാണ് കാണുന്നതെന്നും പഴയിടം മോഹനൻ വ്യക്തമാക്കി.
‘സർക്കാരുമായോ വിദ്യാഭ്യാസ വകുപ്പായോ അദ്ദേഹത്തിന് പിണക്കമില്ല. കലോത്സവത്തിലേക്ക് തിരിച്ചുവരുന്ന കാര്യത്തിൽ അദ്ദേഹം നല്ല മനസോടെ ചിന്തിക്കും. ഓണത്തിനും വിഷുവിനും ഈസ്റ്ററിനുമെല്ലാം പഴയിടം നല്ല പായസം ഉണ്ടാക്കി തന്നിട്ടുണ്ട്. മഹാമാരിയുടെ കാലത്ത് നാട്ടിലെ പാവപ്പെട്ടവരെ സഹായിക്കാൻ ഞങ്ങളോടൊപ്പം നിന്ന പഴയിടത്തെ എങ്ങനെ മറക്കാനാകും. ഏതെങ്കിലും തരത്തിൽ മറന്നാൽ വലിയ തരത്തിലുളള അധാർമികതയാകും. നിരവധി സന്ദർഭങ്ങളിൽ അഭ്യർത്ഥിച്ചിട്ട് പാവങ്ങൾക്ക് സഹായം നൽകുകയും കല്യാണങ്ങൾ നടത്തുകയുമൊക്കെ ചെയ്തിട്ടുണ്ട്. അതൊക്കെ നന്മ നിറഞ്ഞ അദ്ദേഹത്തിന്റെ മനസാണ്’, വാസവൻ പറഞ്ഞു.
കലോത്സവത്തിന് മാംസാഹാരം വിളമ്പാത്തതിന് പഴയിടത്തിന് നേരേ ഒരു വിഭാഗം ആളുകൾ വിമർശനം നടത്തിയിരുന്നു. ഇതോടെ ഇനി കലോത്സവത്തിന് പാചകം ചെയ്യാനില്ലെന്ന് പഴയിടം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ സന്ദർശനം.
Story Highlights: minister vn vasavan support pazhayidom mohanan namboothiri
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here