വ്യാപാരി കുളത്തിൽ മുങ്ങി മരിച്ചു; സംഭവം തമിഴ്നാട് നാമക്കലിൽ

കുളത്തിൽ കുളിക്കാനിറങ്ങി കാണാതായ വ്യാപാരിയുടെ മൃതദേഹം കണ്ടെത്തി. തമിഴ്നാട് നാമക്കലിലാണ് സംഭവം. താമരക്കുളം തുരുത്തിയിൽ തെക്ക് സുലൈമാൻ കുഞ്ഞ് (നാസർ- 52) ആണ് മരിച്ചത്. തമിഴ്നാട് നാമക്കൽ ജില്ലയിലെ വളയപ്പെട്ടിയിൽ വെള്ളിയാഴ്ച വൈകിട്ട് 5ഓടെയായിരുന്നു സംഭവം. ഷീബയാണ് സുലൈമാൻ കുഞ്ഞിന്റെ ഭാര്യ. ആഷ്നയും അൽഫീനയും മക്കളാണ്.
മൂന്നാഴ്ചയായി തൃച്ചിയിൽ താമസിച്ച് വാഹനത്തിൽ പോയി മെത്തക്കച്ചവടം നടത്തുകയായിരുന്നു സുലൈമാനും ബന്ധുവായ അൻസാരിയും ഡ്രൈവറും. കുളിക്കാനായി വാഹനത്തിൽ നിന്നിറങ്ങി കുളക്കരയിലേക്ക് പോയ സുലൈമാനെ വിളിക്കാൻ ചെന്നപ്പോൾ കൈലിയും ചെരിപ്പും മാത്രമാണ് കണ്ടത്. പടിയിൽ നിന്നു കാൽവഴുതി കുളത്തിൽ വീണുവെന്ന നിഗമനത്തിൽ ഫയർ ഫോഴ്സ് സംഘം രാത്രി 11വരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല.
Read Also: ‘കൊച്ചിയിൽ ഭാര്യയെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചിട്ടു’; മൃതദേഹം കണ്ടെത്തിയത് ഒന്നര വര്‍ഷത്തിന് ശേഷം
കൃഷിക്ക് വെള്ളമെത്തിക്കാനുള്ള കുളത്തിന് 100 അടിയിലധികം താഴ്ചയുണ്ട്. ഇന്നലെ രാവിലെ 7ഓടെ കാമറയിറക്കിയുള്ള പരിശോധനയിൽ ആളെ കണ്ടതോടെ ഫയർഫോഴ്സ് സംഘം വീണ്ടും തെരച്ചിൽ നടത്തി 11 മണിയോടെ മൃതദേഹം പുറത്തെടുത്തു. ഇതിനിടെ സുലൈമാന്റെ ബന്ധുക്കളും സമീപ സ്ഥലങ്ങളിലുണ്ടായിരുന്ന സുഹൃത്തുക്കളായ കച്ചവടക്കാരും സ്ഥലത്തെത്തിയിരുന്നു.
25 വർഷമായി സൗദിയിലെ ദമാമിലും റിയാദിലുമായി ജോലി ചെയ്തിരുന്ന സുലൈമാൻ ഒരു വർഷം മുമ്പാണ് പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയത്.
Story Highlights: 52 year old man drowned to death Tamil Nadu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here