അപർണ ബാലമുരളിയോട് മോശമായി പെരുമാറി വിദ്യാർത്ഥി; അനിഷ്ടം പ്രകടിപ്പിച്ച് നടി, പിന്നാലെ മാപ്പ്

എറണാകുളം ലോ കോളജ് യൂണിയൻ ഉദ്ഘാടന വേദിയിൽ നടി അപർണ ബാലമുരളിയോട് മോശമായി പെരുമാറി വിദ്യാർത്ഥി. ഇയാൾ അപർണയുടെ കയ്യിൽ ബലമായി പിടിച്ചു വലിക്കുകയും തോളിൽ പിടിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കയ്യിൽ ബലമായി പിടിച്ച വിദ്യാർത്ഥിയോട് അപർണ അനിഷ്ടം പ്രകടിപ്പിക്കുന്നതും വിഡിയോയിൽ കാണാം.
യൂണിയൻ ഉദ്ഘാടനത്തോടൊപ്പം തങ്കം സിനിമയുടെ പ്രമോഷന് കൂടി ആയിരുന്നു അപർണ കോളജിൽ എത്തിയത്. നടൻ വിനീത് ശ്രീനിവാസനും സംഗീത സംവിധായകൻ ബിജിപാലും മറ്റ് അണിയറ പ്രവർത്തകരും നടിക്ക് ഒപ്പം ഉണ്ടായിരുന്നു. അപർണയ്ക്ക് പൂവ് നൽകാനായി വേദിയിൽ എത്തിയ വിദ്യാർത്ഥി, നടിയുടെ കയ്യിൽ പിടിച്ച് എഴുന്നേൽപ്പിക്കുകയും തോളിൽ കയ്യിടാൻ ശ്രമിക്കുകയും ആയിരുന്നു. യുവാവ് വീണ്ടും തോളിൽ കയ്യിടാൻ ഒരുങ്ങുമ്പോൾ അപർണ വെട്ടിച്ച് മാറുന്നതും ‘എന്താടോ ഇത് ലോ കോളജ് അല്ലേ’യെന്ന് ചോദിക്കുന്നുമുണ്ട്. ശേഷം സംഘാടകരിൽ ഒരാളായ വിദ്യാർത്ഥി അപർണയോട് മാപ്പ് ചോദിക്കുന്നുമുണ്ട്.
അതിനുശേഷം വേദിയിൽ എത്തി വിദ്യാർത്ഥി താൻ വേറൊന്നും ഉദ്ദേശിച്ചല്ല ചെയ്തതെന്നും ഫാൻ ആതുകൊണ്ട് ഫോട്ടോ എടുക്കാൻ ശ്രമിച്ചതാണെന്നും പറയുന്നുണ്ട്. വീണ്ടും കൈ നീട്ടിയ യുവാവിന് കൈ കൊടുക്കാൻ അപർണ വിസമ്മതിക്കുന്നത് വിഡിയോയില്‍ കാണാം.
Read Also: ദേശീയ പുരസ്‌കാരം വിതരണം ചെയ്തു; മികച്ച നടൻ സൂര്യ, അജയ് ദേവ്ഗൺ; നടി അപർണ ബാലമുരളി
വിദ്യാർത്ഥിയുടെ പെരുമാറ്റത്തിൽ വിമർശിച്ചും അപർണയെ പിന്തുണച്ചും നിരവധിപ്പേർ സമൂഹ മാധ്യമങ്ങളുടെ എത്തുന്നുണ്ട്. ഒരു വ്യക്തിയുടെ അനുവാദമില്ലാതെ അയാളുടെ ദേഹത്ത് സ്പർശിക്കാൻ പാടില്ലെന്നും അപർണ സംഭവത്തെ സധൈര്യം നേരിട്ടുവെന്നും പലരും അഭിപ്രായപ്പെട്ടു.
Story Highlights: Student misbehaved with Aparna Balamurali law college
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here