ചതിക്ക് സിപിഐഎം കൂട്ട് നില്‍ക്കരുതായിരുന്നു; പാലായുടെ കറുത്ത ദിനമെന്ന് ബിനു പുളിക്കകണ്ടം

പാലാ നഗരസഭയിലെ തിരിച്ചടിക്ക് പിന്നാലെ ജോസ് കെ മാണിക്കും പാര്‍ട്ടി നേതൃത്വത്തിനും വിമര്‍ശനവുമായി ബിനു പുളിക്കകണ്ടം. ജോസ് കെ മാണിയുടെ പേര് പരാമര്‍ശിക്കാതെ ചതിയുടെ കറുത്ത ദിനമാണ് ഇന്നെന്ന് ബിനു പുളിക്കകണ്ടം മാധ്യമങ്ങളോട് പ്രതികരിച്ചു.
‘ഒരു പ്രതിഷേധത്തിന്റെ ഭാഗമായല്ല കറുത്ത വസ്ത്രം ധരിച്ചത്. ചെറുപ്പകാലം മുതല്‍ രാഷ്ട്രീയത്തിലേക്ക് താത്പര്യം തുടങ്ങിയ കാലം മുതലേ ഇഷ്ടമുള്ളത് ശുഭ്രവസ്ത്രമായിരുന്നു. ആ വസ്ത്രം എന്റെ നഗരസഭാ പ്രവര്‍ത്തന കാലയളവിലേക്ക് ഉപേക്ഷിച്ചുകൊണ്ട് പ്രതികാര രാഷ്ട്രീയത്തിന്റെ വക്താവ് നേതൃത്വം കൊടുക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ചതിയുടെ ദിനമാണ് ഇന്ന്. ഇതിവിടം കൊണ്ടൊന്നും അവസാനിക്കുന്നില്ല.
എന്നോട് രാഷ്ട്രീയ നെറികേട് കാണിച്ച വ്യക്തിയെ ആക്ഷേപിക്കാന്‍ ഞാന്‍ മുതിരുന്നില്ല കാരണം, എനിക്ക് താങ്ങും തണലുമായ സിപിഐഎമ്മിലുള്ള അടങ്ങാത്ത വിശ്വാസം കൊണ്ടാണ്. ഇന്നിവിടെ വലിയ വിജയം നേടിയെന്ന് ചിലര്‍ ആശ്വസിക്കുമ്പോള്‍ അതിനൊക്കെ കാലം മറുപടി നല്‍കും. നാളെകളില്‍ പാലാ നഗരസഭാ കൗണ്‍സിലില്‍ എന്റെ ഒരു പ്രമേയംകാണും. അതിനെ പിന്തുണയ്ക്കുന്നവര്‍ക്ക് പിന്തുണയ്ക്കാം. ഓട്‌പൊളിച്ച് വന്ന് നഗരസഭയിലെത്തിയ ആളല്ല ഞാന്‍. ഓരോ തവണയും വലിയ ജനപിന്തുണയോടെയാണ് ഞാന്‍ എത്തിയിട്ടുള്ളത്’. ബിനു പുളിക്കകണ്ടം പറഞ്ഞു.
തന്നോട് ചെയ്ത ചതിക്ക് സിപിഐഎം കൂട്ടുനില്‍ക്കരുതായിരുന്നു. അണികളുടെ ഹൃദയം നുറുങ്ങിയ ദിവസമാണ് ഇന്ന്. ഈ രാഷ്ട്രീയ നെറികേടുകളില്‍ താന്‍ തളരില്ല. തനിക്ക് പ്രതിഷേധമില്ലെന്നും ബിനു പറഞ്ഞു.
Read Also: ജോസിന്‍ ബിനോ പാലാ നഗരസഭ അധ്യക്ഷ
കേരള കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടര്‍ന്നാണ് ബിനു പുളിക്കകണ്ടത്തെ ഒഴിവാക്കിയത്. നേതൃത്വത്തിന്റെ തീരുമാനത്തില്‍ സിപിഐഎം പ്രാദേശിക നേതൃത്വം കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. കേരളാ കോണ്‍ഗ്രസ് അംഗം കൊല്ലമ്പറമ്പിലിനെ ബിനു കൗണ്‍സില്‍ യോഗത്തിനിടെ മര്‍ദിച്ചിരുന്നു. കൂടാതെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിയെ തോല്‍പ്പിക്കാന്‍ ബിനു ശ്രമിച്ചെന്നുള്ള പരാതിയും കേരളാ കോണ്‍ഗ്രസിന്റെ അതൃപ്തിയ്ക്ക് കാരണമാകുകയായിരുന്നു. എന്നാല്‍ ഈ വിഷയത്തിലെ കേരളാ കോണ്‍ഗ്രസിന്റെ വിലപേശല്‍ തന്ത്രത്തിനെതിരെ സിപിഐയും രംഗത്തുവന്നിരുന്നു.
Story Highlights: binu pulikkakandam against jose k mani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here