പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടൽ തുടരുന്നു; എറണാകുളത്തും കുന്നംകുളത്തും കരുനാഗപ്പള്ളിയിലും റെയ്ഡ്

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടൽ നടപടി തുടരുന്നു. ഏറ്റവും ഒടുവിലായി എറണാകുളത്താണ് നടപടി ആരംഭിച്ചത്.
മുഹമ്മദ് കാസിം, അബ്ദുൽ ലത്തീഫ് എന്നിവരുടെ സ്വത്താണ് കണ്ടു കെട്ടിയത്. ആലുവയിലെ പെരിയാർ വാലിയിലും നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്.
കോടതി ഉത്തരവ് പ്രകാരം പൊലീസ് സംരക്ഷണത്തിലാണ് സ്വത്ത് കണ്ടുകെട്ടൽ നടപടി പുരോഗമിക്കുന്നത്.
കുന്നംകുളം താലൂക്ക് പരിധിയിലെ 5 പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടും സ്ഥലവും അല്പസമയം മുമ്പ് ജപ്തി ചെയ്തിരുന്നു. പഴുന്നാന കാരങ്ങൽ വീട്ടിൽ അസീസ്, പെരുമ്പിലാവ് അഥീനയിൽ വീട്ടിൽ യഹിയ കോയ തങ്ങൾ, പെരുമ്പിലാവ് പള്ളിക്കരഞ്ഞാലിൽ വീട്ടിൽ ഉസ്മാൻ, ഗുരുവായൂർ പുതുവീട്ടിൽ മുസ്തഫ, വടുതല ഉള്ളിശ്ശേരി പിലക്കൂട്ടയിൽ വീട്ടിൽ റഫീഖ് എന്നിവരുടെ വീടുകളും സ്ഥലങ്ങളുമാണ് ഹൈക്കോടതി നിർദ്ദേശപ്രകാരം ജപ്തി ചെയ്തത്.
കുന്നംകുളം തഹസിൽദാർ അജികുമാറിന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘമാണ് നടപടിയെടുത്തത്. പി എഫ് ഐ ജനറൽ സെക്രട്ടറിയിരുന്ന അബ്ദുൽ സത്താറിൻ്റെ കരുനാഗപ്പള്ളിയിലെ വീടും വസ്തുക്കളും കണ്ടു കെട്ടി. കരുനാഗപ്പള്ളി തഹസിൽദാർ ഷിബുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വത്തുക്കൾ കണ്ടു കെട്ടിയത്. ലാന്റ് റവന്യൂ കമ്മീഷണറുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. അബ്ദുൾ സത്താറിൻ്റെ ബന്ധുക്കൾ അടക്കം വീട്ടിലുണ്ടായിരുന്നുവെന്നാണ് വിവരം.
എൻഐഎ റെയ്ഡിൽ പിഎഫ്ഐ നേതാവ് മുഹമ്മദ് സാദിഖും രണ്ട് ദിവസം മുമ്പ് അറസ്റ്റിലായിരുന്നു. ചവറയിൽ നിന്നും ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പിഎഫ്ഐ ഇന്റലിജൻസ് സ്ക്വാഡ് അംഗമായ ഇയാൾക്കാണ് ആക്രമിക്കേണ്ടവരുടെ വിവരം ശേഖരിക്കൽ ചുമതലയുള്ളതെന്ന് എൻഐഎ വെളിപ്പെടുത്തിയിരുന്നു. ഹിറ്റ് സ്ക്വാഡ് പ്രവർത്തിക്കുന്നത് ഇവരുടെ റിപ്പോർട്ട് പ്രകാരമാണെന്ന വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്.
പോപ്പുലർ ഫ്രണ്ട് ഇന്റലിജൻസ് സ്ക്വാഡിൽ ഉൾപ്പെട്ട പ്രധാനിയാണ് മുഹമ്മദ് സാദിഖ്. ആക്രമിക്കപ്പെടേണ്ട ഇതര മതവിഭാഗത്തിൽപ്പെട്ട പ്രമുഖരുടെ പട്ടിക തയ്യാറാക്കുന്നതും ഇവരെപ്പറ്റി വിവര ശേഖരണം നടത്തുന്നതും പോപ്പുലർ ഫ്രണ്ട് ഇന്റലിജൻസ് സ്ക്വാഡിൽ ഉൾപ്പെട്ടവരാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോപ്പുലർ ഫ്രണ്ട് കൊലപാതകങ്ങൾ പ്ലാൻ ചെയ്യുന്നത്.
ഇയാളുടെ വീട്ടിൽ നിന്നും ചില രേഖകൾ പിടിച്ചെടുത്തിരുന്നു. അതിൽ കൊലപ്പെടുത്തേണ്ട എതിരാളികളുടെ പട്ടികയുണ്ടായിരുന്നു എന്നതാണ് എൻഐഎയുടെ ആരോപണം. ഇത് അന്വേഷണത്തിനൊടുവിൽ കോടതിയിൽ തെളിയിക്കപ്പെടേണ്ടതാണ്. വീട്ടിൽ നിന്നും കണ്ടെടുത്ത രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു മുഹമ്മദ് സാദിഖിന്റെ അറസ്റ്റ്.
Story Highlights: Widespread raids Popular Front leaders houses
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here