ബംഗാൾ രാജ് ഭവനിൽ കോട്ടയം പ്ലാറ്റ്ഫോം; കേരളത്തിൽ നിന്നുള്ള കത്തുകൾ പരിശോധിക്കാൻ സൈബർ സംവിധാനവുമായി പശ്ചിമ ബംഗാൾ

കേരളത്തിൽ നിന്നുള്ള നിവേദനങ്ങളും കത്തുകളും പരിശോധിച്ച് സത്വര നടപടികൾ സ്വീകരിക്കുന്നതിനായി പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് രാജ് ഭവനിൽ സൈബർ സംവിധാനം ഏർപ്പെടുത്തി. ഗവർണറുടെ എഡിസിയും ഐറ്റി വിദഗ്ധനുമായ മേജർ നിഖിൽകുമാറിനായിരിക്കും ഇതിന്റെ ഏകോപന ചുമതല. govwbktm@gmail.com എന്ന ഇമെയിൽ ഐഡിയിലാണ് കത്തുകൾ അയയ്‌ക്കേണ്ടത്.
ഒന്നാം ദിവസം ലഭിച്ച ഏഴ് അപേക്ഷകൾക്ക് ഉടൻ മറുപടി നൽകിയതായി മേജർ നിഖിൽ കുമാർ അറിയിച്ചു. മലയാളത്തിൽ അയയ്ക്കുന്ന അപേക്ഷകൾ കൈകാര്യം ചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്തുന്നത് വരെ ഇംഗ്ലീഷിൽ അപേക്ഷകൾ അയയ്ക്കണം എന്ന് രാജ്ഭവൻ അഭ്യർത്ഥിച്ചു. മലയാളം കൈകാര്യം ചെയ്യാനുള്ള സംവിധാനം ഉടൻ ഏർപ്പെടുത്തും.
ഗവർണറുടെ അധികാര പരിധിയിലുള്ള അപേക്ഷകളിൽ അടിയന്തര തീരുമാനം ഗവർണർ എടുക്കും. അല്ലാത്തവ ബന്ധപ്പെട്ടവർക്ക് മേൽനടപടിക്കായി ഗവർണറുടെ ശുപാർശയോടു കൂടി അയച്ചുകൊടുക്കും. ഐ റ്റി മേഖലയിലൂടെ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ബംഗാൾ ഗവർണർ ഡോ സി വി ആനന്ദബോസ് തുടങ്ങിയ നൂതന ആശയമായ ഡി 2 പി ( ഡയറക്ട് ടു പീപ്പിൾ ) എന്ന ബൃഹദ് പദ്ധതിയുടെ ഭാഗമാണ് കോട്ടയം പ്ലാറ്റ്ഫോം.
മാസത്തിലൊരിക്കൽ ഗവർണറുമായി ജനങ്ങൾക്ക് നേരിട്ട് സംവദിക്കാനുള്ള ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുമെന്നും രാജ്ഭവൻ അറിയിച്ചു. നാട്ടുകൂട്ടം എന്നാണ് ഈ പരിപാടിയുടെ പേര്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ് എന്നിവയുടെ സാദ്ധ്യതകൾ ഉൾപ്പെടുത്തി ജനങ്ങളുമായിട്ട് നേരിട്ട് ബന്ധപ്പെടാനുള്ള കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കും. രാജ്ഭവനിൽ സാമാന്യ ജനങ്ങൾക്ക് നിയന്ത്രിതമായ പ്രവേശനം നൽകാനുള്ള തീരുമാനവും ഡി 2 പി പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. കൂടുതൽ വിവരങ്ങൾക്ക് adcrajbhavankolkata@gmail.com എന്ന മെയിൽ ഐഡിയിൽ ബന്ധപ്പെടാം.
Story Highlights: West Bengals cyber system to check letters from Kerala Kottayam Platform
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here