Advertisement

പറവൂരിലെ ഭക്ഷ്യ വിഷബാധക്ക് കാരണം സാൽമോണല്ലോസിസ്; എന്താണ് ഈ ബാക്ടീരിയ ? ലക്ഷണങ്ങൾ എന്ത് ? എങ്ങനെ തടയാം ?

January 24, 2023
Google News 2 minutes Read
what is salmonellosis food poisoning symptoms

പറവൂരിൽ ഉണ്ടായ ഭക്ഷ്യവിഷബാധക്ക് കാരണം സാൽമോണല്ല എന്റെറൈറ്റിഡിസ് എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന സാൽമോണെല്ലോസിസ് മൂലമാണെന്ന് ആരോഗ്യ വകുപ്പ് നടത്തിയ സാമ്പിൾ പരിശോധനയിൽ സ്ഥിരീകരിച്ചു. പറവൂരിൽ ഇതുവരെ 106 പേരിലാണ് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തത്. ( what is salmonellosis food poisoning symptoms )

ജനുവരി 16 നാണ് പറവൂരിലെ ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്തത്. മയോണൈസ്, അൽഫാം, മന്തി, പെരി പെരിമന്തി, മിക്‌സഡ് ഫ്രൈഡ് റൈസ് എന്നിവ കഴിച്ചവരിലാണ് ഭക്ഷ്യ വിഷബാധ ഉണ്ടായിട്ടുള്ളത്. മയോണൈസ് കഴിച്ചവരിലാണ് കൂടുതലും രോഗബാധ ഉണ്ടായിട്ടുള്ളത്. ഭക്ഷണം കഴിച്ച് 5-6 മണിക്കൂറിനു ശേഷമാണ് മിക്കവരിലും പനി, ഛർദ്ദി, വയറു വേദന , വയറിളക്കം, ഓക്കാനം തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടമായത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

ഭക്ഷ്യ വിഷബാധയുടെ പ്രധാന കാരണങ്ങളിൽ ഒന്നാണ് സാൽമോണല്ല രോഗബാധ. സാധാരണ കാണുന്ന ഭക്ഷ്യ വിഷബാധക്ക് കാരണം സാൽ മോണല്ല ടൈഫിമ്യൂറിയം, സാൽമോണല്ല എന്റെറൈറ്റിഡിസ് എന്നിവയാണ്. രോഗാണുക്കളാൽ മലിനമായ ഭക്ഷണം കഴിച്ച് 6-48 മണിക്കൂറിനുള്ളിലാണ് രോഗ ലക്ഷണങ്ങൾ കാണുന്നത്. തലവേദന , ഓക്കാനം, ഛർദ്ദി, വയറിളക്കം, പനി എന്നിവയാണ് രോഗ ലക്ഷണങ്ങൾ. 2-3 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ ശമിക്കുന്നു. ഒരു ശതമാനം പേരിൽ രോഗം ഗുരുതരമായി മരണകാരണമാവാം.

മാംസ്യം, കോഴിയിറച്ചി, മുട്ട, മുട്ട കൊണ്ടുണ്ടാക്കുന്ന ഉത്പന്നങ്ങൾ എന്നിവയിലാണ് ഈ ബാക്ടീരിയ കണ്ടുവരുന്നത്. പച്ച മുട്ടയോ പച്ച മുട്ടയിൽ തയ്യാറാക്കുന്ന മയോണൈസ് പോലെയുള്ള വിഭവങ്ങളോ കഴിക്കരുത്. പ്രധാനമായും കോഴിയുടെ കാഷ്ഠത്തിലും മറ്റും കണ്ടുവരുന്ന ഈ ബാക്ടീരിയ, വിസർജ്യ പദാർത്ഥങ്ങൾ മാംസവുമായോ, മുട്ടയിലോ കലരാൻ ഇടയായാൽ രോഗബാധക്ക് കാരണമാകുന്നു. അതിനാൽ പൊട്ടിയ മുട്ടകൾ ഉപയോഗിക്കരുത്. മുട്ട പൊട്ടിക്കുന്നതിന് മുമ്പായി പുറം ഭാഗം നന്നായി കഴുകി കാഷ്ഠവും തൂവലും എല്ലാം നീക്കി കഴുകി വൃത്തിയാക്കണം. വൃത്തിയുള്ള സാഹചര്യത്തിൽ അറവുശാലകൾ പ്രവർത്തിക്കേണ്ടതാണ്

ഭക്ഷ്യ വിഷബാധ തടയാൻ ജാഗ്രത വേണം

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യ വിഷ ബാധ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും , ഹോട്ടൽ, കാറ്ററിങ്ങ് , ക്യാമ്പുകൾ, ഭക്ഷണ വിതരണ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ജില്ലയിൽ ഈ വർഷം ഇതുവരെ ( 2023 ജനുവരി 1 മുതൽ ) 196 പേർക്കാണ് ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.സ്‌കൂൾ കോളേജ്, അവധിക്കാല ക്യാമ്പുകൾ, ഹോസ്റ്റലുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ നിന്ന് ഭക്ഷണം കഴിച്ചവരിലാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത്.ഭക്ഷണത്തിൽ കലരുന്ന രാസവസ്തുക്കൾ മൂലമോ ഭക്ഷണം പഴകുമ്പോൾ ഉണ്ടാകുന്ന ബാക്ടീരിയയുടെ വളർച്ച മൂലമോ ആണ് ഭക്ഷ്യവിഷബാധ ഉണ്ടാകുന്നത്.

വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യുന്നതും , മാലിന്യങ്ങൾ യഥാസമയം നീക്കം ചെയ്യാത്തതും , മലിനമായ ജലത്തിൽ ആഹാരം പാകം ചെയ്യുന്നതും. ഹോട്ടലുകളിലും മറ്റും ഫ്രിഡ്ജിൽ മാംസം ഉൾപ്പടെയുള്ള ഭക്ഷണസാധനങ്ങൾ ദിവസങ്ങളോളം സൂക്ഷിക്കുന്നതും ഇവ ഫ്രിഡ്ജിൽ തുറന്ന് വെച്ച് മറ്റ് ആഹാര സാധനങ്ങളുമായി കലരുന്നതും, ഇറച്ചി, മീൻ, പാൽ, പാലുല്പന്നങ്ങൾ, മുട്ട എന്നിങ്ങനെ ദ്രുതഗതിയിൽ ബാക്ടീരിയ വളരുന്ന ഭക്ഷണ പദാർത്ഥങ്ങൾ പാചകം ചെയ്തതിനുശേഷം നിയന്ത്രിതമായ ഊഷ്മാവിൽ സൂക്ഷിക്കാതിരിക്കുക തുടങ്ങിയവ ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകുമെന്നതിനാൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം

• പനി,വയറിളക്കം, ഛർദ്ദി, തലവേദന, വയറുവേദന ലക്ഷണങ്ങൾ ഉള്ളവർ സ്വയം ചികിത്സ ഒഴിവാക്കുക.ലക്ഷണങ്ങൾ കണ്ടാലുടനെ ആശുപത്രിയിൽ എത്തിച്ച് വിദഗ്ധ ചികിത്സ നൽകേണ്ടതാണ്.

• ക്യാമ്പുകൾ പൊതു ചടങ്ങുകൾ എന്നിവിടങ്ങളിൽ ഭക്ഷണം തയ്യാറാക്കി സൂക്ഷിക്കുമ്പോൾ അവ അടച്ചു സൂക്ഷിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം.വൃത്തിയുള്ള സ്ഥലത്ത് ആയിരിക്കണം ഭക്ഷണം തയ്യാറാക്കുന്നതും വിതരണം ചെയ്യുന്നതും.
• ഫ്രിഡ്ജിൽ സൂക്ഷിച്ച പഴകിയ ഭക്ഷണ സാധനങ്ങൾ ഉപയോഗിക്കാതിരിക്കുക. ഫ്രിഡ്ജിൽ ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുമ്പോൾ വൃത്തിയുള്ള പാത്രത്തിൽ പ്രത്യേകം അടച്ചു സൂക്ഷിക്കണം.
• തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുവാൻ നൽകുക. പച്ചവെള്ളവും , തിളപ്പിച്ച വെള്ളവും മിക്‌സ് ചെയ്തു ഉപയോഗിക്കരുത്
• പാചകം ചെയ്യുന്നതിനും , പാത്രങ്ങൾ കഴുകുന്നതിനും ശുദ്ധമായ ജലം തന്നെ ഉപയോഗിക്കണം.
• കൃത്യമായ ഇടവേളകളിൽ കുടിവെള്ളം ക്ലോറിനേറ്റ് ചെയ്യേണ്ടതും, പരിശോധനക്ക് അയക്കേണ്ടതുമാണ്.
• രോഗബാധിതരായ ആളുകൾ പാചകം ചെയ്യുന്നതും ഭക്ഷണവിതരണം ചെയ്യുന്നതും ഒഴിവാക്കുക
• സ്‌കൂളുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിനുള്ള സൗകര്യം ഒരുക്കേണ്ടതാണ്.
• മാംസാഹാരം തയ്യാറാക്കുമ്പോൾ നന്നായി വേവിച്ച് മാത്രം ഉപയോഗിക്കണം. ഹോസ്റ്റലുകൾ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം
• ഭക്ഷണം വിളമ്പുന്ന പാത്രങ്ങൾ, ഇലകൾ എന്നിവ നന്നായി വൃത്തിയാക്കണം,
• കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകിയതിനു ശേഷം മാത്രമേ ഭക്ഷണം പാചകം ചെയ്യാവൂ.

• പഴകിയതും പൂപ്പലുള്ളതുമായ ഭക്ഷണം, പാക്കറ്റിൽ ലഭ്യമായ എക്സ്പയറി ഡേറ്റ് കഴിഞ്ഞ ആഹാര പദാർത്ഥങ്ങൾ എന്നിവ ഒരു കാരണവശാലും ഉപയോഗിക്കരുത്.

• വൃത്തിയും ശുചിത്വവുമുള്ള ഹോട്ടലിൽ നിന്നു മാത്രം ആഹാരം കഴിക്കുക.
• അടുക്കളയും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം.
• പച്ചക്കറി, മീൻ, മുട്ട, ഇറച്ചി തുടങ്ങിയവ പാചകം ചെയ്യുമ്പോഴുള്ള അവശിഷ്ടങ്ങൾ അടുക്കളയിലോ പരിസരത്തോ കൂട്ടിയിടാതെ യഥാസമയം പുറത്തുകളയണം.

• ഈച്ച ശല്യം ഒഴിവാക്കണം. ചീഞ്ഞ പച്ചക്കറികൾ, പഴകിയ മീൻ, മുട്ട, ഇറച്ചി എന്നിവ ഒരു കാരണവശാലും ഉപയോഗിക്കരുത്.
• പച്ചക്കറികൾ ഉപ്പും വിനാഗിരിയും ഇട്ട് നന്നായി കഴുകിയതിനു ശേഷം മാത്രമേ ഉപയോഗിക്കാവൂ.യാത്രകളിൽ കഴിയുന്നതും സസ്യാഹാരം മാത്രം കഴിക്കുക.

Story Highlights: what is salmonellosis food poisoning symptoms

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here