ഉച്ചഭക്ഷണ പദ്ധതിക്കായി നൽകുന്ന തുക അപര്യാപ്തം; സർക്കാരിനെതിരെ പ്രധാനാധ്യാപകർ കോടതിയിൽ

സംസ്ഥാനത്ത് സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതി താളം തെറ്റിയതോടെ സർക്കാരിനെതിരെ നിയമ നടപടിയുമായി പ്രധാനാധ്യാപകർ കോടതിയിൽ. ഉച്ചഭക്ഷണത്തിനായി സർക്കാർ അനുവദിക്കുന്ന തുക അപര്യാപ്തമെന്നും വിഷയം നിരവധി തവണ സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയില്ലെന്നും അധ്യാപക സംഘടനകൾ പറയുന്നു. കടം വാങ്ങിയും, പി.ടി.എയുടെ സഹായത്തോടെയാണ് സംസ്ഥാനത്തെ മിക്ക സ്ക്കൂളുകളിലും ഉച്ചഭക്ഷണ വിതരണം നടത്തുന്നത്.
2016ൽ സംസ്ഥാന സർക്കാർ പുറത്ത് ഇറക്കിയ ഉത്തരവ് പ്രകാരമാണ് നിലവിൽ ഉച്ചഭക്ഷണ പദ്ധതി. പലവ്യഞ്ജനങ്ങൾ, പച്ചക്കറി, പാൽ, കോഴിമുട്ട, പാചകവാതകം എന്നിവയുടെ വില ഗണ്യമായി ഉയർന്നതോടെ നിലവിൽ സർക്കാർ നൽകുന്ന തുക സ്കൂളുകൾക്ക് മതിയാകുന്നില്ല. ഈ സാഹചര്യത്തിൽ തുക വർദ്ധിപ്പിക്കണമെന്നാണ് പ്രധാന അധ്യാപകരുടെ ആവശ്യം.
150 കുട്ടികളുള്ള സ്ക്കൂളിൽ ഒരു കുട്ടിക്ക് എട്ട് രൂപ എന്നതാണ് കണക്ക്. 500 കുട്ടികളുണ്ടെങ്കിൽ 7 രൂപയും, അതിന് മുകളിലാണെങ്കിൽ 6 രൂപയുമാണ് സർക്കാർ നൽകുന്നത്. ഈ സാഹചര്യത്തിൽ ശരാശരി 50 കുട്ടികൾ പഠിക്കുന്ന വിദ്യാലയങ്ങൾക്ക് പോലും പതിനായിരം രൂപയുടെ അധിക ബാധ്യത ഉണ്ടെന്നാണ് ആരോപണം.
8 രൂപ എന്നത് മിനിമം 18 ആയി ഉയർത്തുകയോ അല്ലങ്കിൽ മറ്റ് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണമെന്നാണ് അധ്യാപകരുടെ ആവശ്യം.
Story Highlights: lunch kerala school court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here