‘റൺ-അപ്പിനായി ഊർജ്ജം പാഴാക്കുന്നു’; അർഷ്ദീപ് സിംഗിന്റെ ബൗളിംഗ് പിഴവുകൾ ചൂണ്ടിക്കാട്ടി മുൻ താരങ്ങൾ

റാഞ്ചിയിൽ നടന്ന ആദ്യ ടി20 യിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യ 21 റൺസിന് തോറ്റിരുന്നു. ബാറ്റിംഗ് നിരയുടെ പരാജയവും മോശം ബൗളിംഗും തോൽവിക്ക് കാരണമായി. യുവ ഇന്ത്യൻ ഫാസ്റ്റ് ബൗളർ അർഷ്ദീപ് സിംഗ് 4 ഓവർ നിന്നും വഴങ്ങിയത് 51 റൺസാണ്. അവസാന ഓവറിൽ മാത്രം അദ്ദേഹം 27 റൺസ് വിട്ടുനൽകി.
രണ്ട് വൈഡും ഒരു നോ ബോളും എറിഞ്ഞ താരം 12.80 RPO ഇക്കണോമി റേറ്റിലാണ് മത്സരം പൂർത്തിയാക്കിയത്. തോൽവിക്ക് പിന്നാലെ രൂക്ഷ വിമർശനമാണ് താരം നേരിടുന്നത്. ഇപ്പോൾ ഇതാ മുൻ ഇന്ത്യൻ താരങ്ങളായ സഞ്ജയ് ബംഗറും മുഹമ്മദ് കൈഫും അർഷ്ദീപിന്റെ ബൗളിംഗ് ശൈലിയിലെ പിഴവുകൾ ചൂണ്ടിക്കാട്ടി രംഗത്തുവന്നു.
‘അർഷ്ദീപിന്റേത് മോശം പ്രകടനമായിരുന്നു. വൈഡ് യോർക്കറുകൾ എറിഞ്ഞ് പ്രശസ്തി നേടിയ താരമാണ് അദ്ദേഹം. എന്നാൽ റാഞ്ചിയിൽ കൂടുതലും സ്ലോട്ടിലാണ് അദ്ദേഹം പണ്ടെറിഞ്ഞത്. തന്റെ ബൗളിംഗിനെക്കുറിച്ച് ചിന്തിച്ച് വിവേകത്തോടെ തീരുമാനങ്ങൾ എടുക്കണം. ക്രിക്കറ്റ് ഒരു യാത്രയാണ്. ഒരു നല്ല തുടക്കം ഉണ്ടായിരിക്കാം, കഴിവുകൾ പരീക്ഷിക്കപ്പെടുന്ന ഗെയിമുകൾ ഉണ്ടാകും. ആത്മവിശ്വാസത്തോടെ ഈ സാഹചര്യങ്ങളെ നേരിട്ടാൽ മികച്ച ബൗളറായി മാറാം’ – ബംഗാർ പറഞ്ഞു.
‘നീളമേറിയ റൺ-അപ്പ് ഉള്ള ഒരു ബൗളറാണ് അർഷ്ദീപ്. അതുകൊണ്ട് തന്നെ സ്റ്റെപ്പിംഗ് പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ലോങ്ങ് റൺ അപ്പ് എടുത്ത് ഊർജം പാഴാക്കുകയാണ്. മാത്രമല്ല അനാവശ്യമായി ആംഗിൾ മാറ്റുന്നു. ബേസിക്സിൽ വിശ്വസിച്ച് അൽപ്പം സമാധാനത്തോടെ പന്തെറിയാൻ ശ്രമിക്കണം. അർഷ്ദീപ് ഒരു നല്ല ബൗളറാണ്, പക്ഷേ അദ്ദേഹത്തിന് ഒരു ദിവസം മാത്രമായിരുന്നു.’- കൈഫ് പറഞ്ഞു.
Story Highlights: Ex India Star Points Out Mistakes In Arshdeep Singh’s Bowling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here