Advertisement

‘ഐ ഡിഡ് ഫയര്‍; ഞാനാണ് വെടിവച്ചത്; പാകിസ്താന്‍ ഉണ്ടായതിന് ഉത്തരവാദി ഗാന്ധി’;നാഥുറാം ഗോഡ്‌സെയുടെ കോടതി മൊഴികളുടെ പരിഭാഷ

January 30, 2023
Google News 4 minutes Read
court statements by godse about assassination of mahatma gandhi

നാഥു റാം ഗോഡ്‌സേ നല്‍കിയ അഞ്ചു മണിക്കൂര്‍ നീണ്ടു നിന്ന 93 പേജുള്ള മൊഴിയിലെ പ്രസക്തഭാഗങ്ങള്‍. ജനുവരി 20ന് നടന്ന ഗ്രനേഡ് ഉപയോഗിച്ചുള്ള വധശ്രമത്തെക്കുറിച്ചും 30ന് നടന്ന സംഭവങ്ങളെക്കുറിച്ചുമായിരുന്നു ചോദ്യങ്ങള്‍…( court statements by godse about assassination of mahatma gandhi)

ഏതു ചോദ്യത്തിനും ഒറ്റ ഉത്തരമായിരുന്നു നാഥുറാം ഗോഡ്‌സേ കോടതി മുറിയില്‍ നല്‍കിയത്. ‘ഒപ്പം ആരുമില്ല. ആരും പറഞ്ഞിട്ടല്ല കൊന്നത്. ഗാന്ധിജിയെ കൊല്ലാന്‍ സ്വയം തീരുമാനിച്ചു. സ്വയം നടപ്പാക്കി. എനിക്ക് ആരുടേയും ദയ വേണ്ട. എനിക്കു വേണ്ടി ആരും ദയ ആവശ്യപ്പെടുകയും വേണ്ട.’ കോടതി മുറിയില്‍ ഉയര്‍ന്ന പ്രധാനപ്പെട്ട ചോദ്യങ്ങളും അതിന് ഗോഡ്‌സെ നല്‍കിയ ഉത്തരങ്ങളും

ചോദ്യം: ജനുവരി 15ന് നിങ്ങളും നാരായണ്‍ ആപ്‌തേയും വിഷ്ണു കര്‍കറേയും മദന്‍ലാലും ദിഗംബര്‍ ബാഡ്‌ജേയും ചേര്‍ന്ന് ദീക്ഷിത് മഹാരാജിന്റെ വീട്ടിലേക്കു പോയി. അവിടെ വച്ച് ബാഗ് തുറന്നു. ആ ബാഗില്‍ ഉണ്ടായിരുന്നത് രണ്ട് ഗണ്‍കോട്ടണ്‍ സ്ലാബുകള്‍ (സ്‌ഫോടക വസ്തുവായ നൈട്രോകോട്ടണ്‍), അഞ്ച് ഗ്രനേഡുകള്‍, ഡിറ്റണേറ്റര്‍ എന്നിവ ആയിരുന്നു. ബാഡ്‌ജേയും ദീക്ഷിത് മഹാരാജും ഇത് എങ്ങിനെയാണ് പ്രവര്‍ത്തിപ്പിക്കുന്നത് എന്ന് വിവരിച്ചു. കര്‍ക്കറേയ്ക്കാണ് ബാഗ് കൈമാറിയത്. കര്‍ക്കറേയോടും മദന്‍ലാലിനോടും അന്നു വൈകിട്ടു തന്നെ ഡല്‍ഹിക്കു പോകാന്‍ ആപ്‌തേ ആവശ്യപ്പെട്ടു. ദീക്ഷിത് മഹാരാജിന്റെ വീട്ടുമുറ്റത്തു വച്ച് ആപ്‌തേ ബാഡ്‌ജേയോട് ഒപ്പം ചെല്ലാന്‍ താല്‍പര്യമുണ്ടോ എന്നു ചോദിച്ചു. മഹാത്മാ ഗാന്ധിയേയും ജവഹര്‍ലാല്‍ നെഹ്‌റുവിനേയും ബംഗാളിന്റെ പ്രധാനമന്ത്രിയായിരുന്ന ഹുസൈന്‍ ഷഹീദ് സുഹ്രാവര്‍ദിയേയും തീര്‍ക്കണം എന്ന് സവര്‍ക്കര്‍ പറഞ്ഞതായും ആ ചുമതല തന്നെ ഏല്‍പിച്ചിട്ടുള്ളതായും ആപ്‌തേ പറഞ്ഞു. ബാഡ്‌ജേ ഒപ്പം ചേരാന്‍ സമ്മതിച്ചതോടെ നിങ്ങള്‍ക്ക് പൂനെയില്‍ പോകണം എന്നും സഹോദരന്‍ ഗോപാല്‍ ഗോഡ്‌സേയെ കാണണം എന്നും പറഞ്ഞു. ഗോപാല്‍ ഗോഡ്‌സേ ഒരു റിവോള്‍വര്‍ സംഘടിപ്പിക്കാം എന്നു സമ്മതിച്ചിരുന്നു. ഗോപാലില്‍ നിന്ന് റിവോള്‍വര്‍ വാങ്ങി ഒപ്പം ഡല്‍ഹിക്കു കൊണ്ടുവരാന്‍ ആയിരുന്നു നിങ്ങളുടെ പദ്ധതി.

നാഥുറാം ഗോഡ്‌സേ: ഇതെല്ലാം തെറ്റാണ്.

ചോദ്യം: ജനുവരി 17ന് രാവിലെ ടാക്‌സി വിളിച്ചു. നിങ്ങളും ആപ്‌തേയും ബാഡ്‌ജേയും ആ ടാക്‌സിയില്‍ പല സ്ഥലങ്ങളിലും പോയി. ബോംബെ ഡയിങ് മില്‍സ്, ബാദറിലെ ഹിന്ദു മഹാസഭ ഓഫിസ്, സവര്‍ക്കര്‍ സദന്‍, അഫ്‌സുല്‍ പുര്‍ക്കറുടേയും കാലെയുടേയും വീടുകള്‍ എന്നിവിടങ്ങളില്‍ പോയി പണം വാങ്ങി.

നാഥുറാം ഗോഡ്‌സേ: ഞാനും ആപ്‌തേയും ബാഡ്‌ജേയും വിവിധ സ്ഥലങ്ങളില്‍ ടാക്‌സിയില്‍ പണം സംഘടിപ്പിക്കാന്‍ പോയി എന്നതു ശരിയാണ്. ബോംബെ ഡയിങ് മില്‍സിലും ദാദറിലെ ഹിന്ദു മഹാസഭ ഓഫിസിലും പോയി. അഫ്‌സുല്‍ പുര്‍ക്കറുടേയും കാലെയുടേയും വീടുകളില്‍ പോയും പണം വാങ്ങി. എന്നാല്‍ സവര്‍ക്കര്‍ സദനില്‍ പോയിട്ടില്ല.

ചോദ്യം: ശങ്കര്‍ കിസ്തയ്യയെ ലേഡി ജാംഷെഡ്ജി റോഡില്‍ നിന്ന് ഒപ്പം കൂട്ടിയ ശേഷം നിങ്ങള്‍ ഒരു നിര്‍ദേശം വച്ചു. അവസാനമായി തത്യറാവുവിനെ കാണണം എന്നായിരുന്നു നിര്‍ദേശം. അതിനായി നിങ്ങള്‍ സവര്‍ക്കര്‍ സദനില്‍ എത്തി. നിങ്ങളും അപ്‌തേയും സവര്‍ക്കര്‍ സദനില്‍ പ്രവേശിച്ചു മുകള്‍ നിലയിലേക്കു പോയി. കുറച്ചുകഴിഞ്ഞ് നിങ്ങള്‍ പുറത്തുവരുമ്പോള്‍ യാത്രയാക്കാന്‍ സവര്‍ക്കര്‍ ഒപ്പം വന്നു. ‘യശ്വസി ഹോയുന്യാ’ (വിജയിച്ചു വരൂ) എന്ന് സവര്‍ക്കര്‍ പറഞ്ഞു.

നാഥുറാം ഗോഡ്‌സേ: ആപ്‌തേ പറഞ്ഞത് അനുസരിച്ച് ഒരാളെ ഒപ്പം കൂട്ടിയിരുന്നു. അത് ശങ്കര്‍ കിസ്തയ്യ ആണോ എന്ന് അറിയില്ല. സവര്‍ക്കറുടെ വീട്ടില്‍ പോകണം എന്നും കാണണം എന്നും ഞാന്‍ പറഞ്ഞിട്ടുമില്ല, പോയിട്ടുമില്ല. വിജയിച്ചുവരാന്‍ സവര്‍ക്കര്‍ പറഞ്ഞു എന്നതും ശരിയല്ല.

ചോദ്യം: നിങ്ങള്‍ ആപ്‌തേയ്‌ക്കൊപ്പം ടാക്‌സിയില്‍ സീ ഗ്രീന്‍ ഹോട്ടലിലേക്കു പോയി. നിങ്ങള്‍ നേരേ പോയത് സാന്താക്രൂസ് ഏറോഡ്രോമിലേക്കാണ്. തുടര്‍ന്ന് എയര്‍ ഇന്ത്യാ വിമാനത്തില്‍ ബോംബെയില്‍ നിന്ന് ഡല്‍ഹിക്ക് ഡി കര്‍മാര്‍കര്‍, എസ് എസ് മറാത്തെ എന്നീ പേരുകളില്‍ യാത്ര ചെയ്തു. ദാദാദി മഹാരാജും ആ വിമാനത്തില്‍ ഉണ്ടായിരുന്നു. അഹമ്മദാബാദില്‍ വിമാനത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍ ദാദാജി ആപ്‌തേയോട് പറഞ്ഞു: ‘നിങ്ങള്‍ ഒരുപാട് സംസാരിക്കുന്നുണ്ട്. പക്ഷേ, ഒന്നും ചെയ്തു കാണുന്നില്ല.’ അപ്പോള്‍ ആപ്‌തേ പറഞ്ഞു: ‘ഞങ്ങള്‍ എന്തെങ്കിലും ചെയ്താല്‍ അത് നിങ്ങള്‍ അറിഞ്ഞിരിക്കും.’

നാഥുറാം ഗോഡ്‌സേ: ശരിയാണ്. ഞാനും ആപ്‌തേയും ഡി കര്‍മാര്‍കര്‍, എസ് എസ് മറാത്തെ എന്നീ പേരുകളില്‍ ജനുവരി 17ന് ബോംബെയില്‍ നിന്ന് ഡല്‍ഹിക്കു പോയി. ദാദാജി മഹാരാജും ആ വിമാനത്തില്‍ ഉണ്ടായിരുന്നു. ദാദാജി മഹാരാജും ആപ്‌തേയും പാകിസ്താനെക്കുറിച്ചും പൊതു രാഷ്ട്രീയത്തെക്കുറിച്ചുമാണ് പറഞ്ഞത്. നിങ്ങള്‍ ഒരുപാട് സംസാരിച്ചിട്ടും ഒന്നും ചെയ്തു കണ്ടില്ല എന്ന് ദാദാജി പറഞ്ഞത് ഞാന്‍ കേട്ടിട്ടില്ല. കള്ളപ്പേരില്‍ ടിക്കറ്റ് വാങ്ങിയത് ഞാനല്ല. വേറേ പേരിലാണ് അതു വാങ്ങിയിരിക്കുന്നത് എന്ന് ആപ്‌തേ എന്നോടു പിന്നീട് പറഞ്ഞു.

ചോദ്യം: നിങ്ങളും ആപ്‌തേയും ജനുവരി 17 മുതല്‍ 20 വരെ ഡല്‍ഹി മറീനാ ഹോട്ടലിലെ നാല്‍പതാം നമ്പര്‍ മുറിയില്‍ എന്‍ ദേശ്പാണ്ഡേ, എസ് ദേശ്പാണ്ഡേ എന്നീ പേരുകളില്‍ താമസിച്ചു. നിങ്ങള്‍ ഹോട്ടല്‍ ജീവനക്കാരനായ കലേറാമിന് അലക്കാനായി തുണി നല്‍കുകയും ചെയ്തു.

നാഥുറാം ഗോഡ്‌സേ: ശരിയാണ്. മറീനാ ഹോട്ടലിലെ നാല്‍പതാം നമ്പര്‍ മുറിയില്‍ ഞാനും ആപ്‌തേയും താമസിച്ചു. ഞാനല്ല ഹോട്ടല്‍ റജിസ്റ്ററിലെ പേരുകള്‍ എഴുതിയത്. ആപ്‌തേ എന്റെ മുന്നില്‍ വച്ചുമല്ല അതു ചെയ്തത്. കലേറാമിന് തുണി അലക്കാന്‍ ഞാന്‍ കൊടുത്തിരുന്നു.

ചോദ്യം: ജനുവരി 18ന് രാത്രി നിങ്ങളും ആപ്‌തേയും കര്‍ക്കറേയും ദിഗംബര്‍ ബാഡ്‌ജേയെ കാണാനായി ന്യൂഡല്‍ഹിയിലെ ഹിന്ദു മഹാസഭാ ഭവനിലേക്കു പോയി. മദന്‍ലാലും അവിടെ ഉണ്ടായിരുന്നു.

നാഥുറാം ഗോഡ്‌സേ: അതു ശരിയല്ല

ചോദ്യം: ജനുവരി 20ന് ഗോപാല്‍ ഗോഡ്‌സേയും മദന്‍ലാലും ശങ്കറും ബാഡ്‌ജേയും മറീന ഹോട്ടലിലെ നാല്‍പ്പതാം നമ്പര്‍ മുറിയിലേക്കു വന്നു. ബാഡ്‌ജേയും കര്‍ക്കറേയും മദന്‍ലാലും ആപ്‌തേയും ചേര്‍ന്ന് ഡിറ്റണേറ്ററുകള്‍ ഗണ്‍കോട്ടണുകളും ഗ്രനേഡുകളില്‍ ഘടിപ്പിച്ചു. നിങ്ങളുടെ മുറിയിലെ കുളിമുറിയില്‍ വച്ചാണ് ഇതു ചെയ്തത്. ഇതു കണ്ടു നിന്ന നിങ്ങള്‍ ആപ്‌തേയോടു പറഞ്ഞു: ‘ ഇതു നമ്മുടെ അവസാന അവസരമാണ്. ഇത് പാഴാക്കാന്‍ പാടില്ല.’

നാഥുറാം ഗോഡ്‌സേ: ഇതു ശരിയല്ല. ബാഡ്‌ജെ മുറിയില്‍ വന്നിരുന്നു. ബാഡ്‌ജേയും ആപ്‌തേയും കൂടി ബിര്‍ളാ ഹൗസില്‍ പോകുന്നതിനെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. എനിക്കു തലവേദനയാണെന്നും പുറത്തുപോകണം എന്നും ഞാനവരോട് പറഞ്ഞു. എന്നെ ശല്യപ്പെടുത്തരുത് എന്നും പറഞ്ഞു.

ചോദ്യം: ജനുവരി 20ന് വൈകിട്ട് അഞ്ചുമണിക്ക് ആപ്‌തേ, കര്‍കറേ, ബാഡ്‌ജെ എന്നിവര്‍ ബിര്‍ളാ ഹൗസിലെ ജോലിക്കാരുടെ ക്വാര്‍ട്ടേഴ്‌സിന് അടുത്ത് എത്തി. ബാഡ്‌ജേയോട് ഒരു ഫോട്ടോഗ്രഫര്‍ ആണെന്ന നാട്യത്തില്‍ ചോട്ടുറാമിന്റെ മുറിയില്‍ കയറാന്‍ ആപ്‌തേ ആവശ്യപ്പെട്ടു. നിങ്ങളും അപ്പോള്‍ അവിടെ ഉണ്ടായിരുന്നു. ബാഡ്‌ജേ അകത്തുപോകാന്‍ മടിച്ചപ്പോള്‍ ആര്‍ക്കും പേടി വേണ്ട എന്നും എല്ലാവര്‍ക്കും രക്ഷപെടാന്‍ വഴി ഒരുക്കിയിട്ടുണ്ടെന്നും നിങ്ങള്‍ പറഞ്ഞു.

നാഥുറാം ഗോഡ്‌സേ: ഇതൊന്നും ശരിയല്ല. ഞാന്‍ അവിടെ പോയിട്ടില്ല.


ജനുവരി 20ന് ബിര്‍ളാ ഹൗസിലെ ആള്‍ക്കൂട്ടത്തിലേക്ക് ഒരു ഗ്രനേഡ് എറിഞ്ഞു. ഗാന്ധിജിയെ ലക്ഷ്യമിട്ട് രണ്ടാമത്തെ ഗ്രനേഡ് എറിയാനുള്ള ശ്രമം പരാജയപ്പെട്ടു. ഈ സംഭവങ്ങളിലെ പങ്കാളിത്തം നാഥുറാം ഗോഡ്‌സെ നിഷേധിച്ചു. ഇനി ജനുവരി 30ന് മുന്‍പു സംഭവിച്ച കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളും ഉത്തരങ്ങളും…

ചോദ്യം: ജനുവരി 29ന് നിങ്ങള്‍ ഡല്‍ഹി പ്രധാന റയില്‍വേ സ്റ്റേഷനില്‍ എന്‍ വിനായക റാവു എന്ന പേരില്‍ വിശ്രമ മുറി ബുക്ക് ചെയ്തു. ബുക്കിങ് ഓഫിസിലേക്ക് ആപ്‌തേയും ഒപ്പമുണ്ടായിരുന്നു. കര്‍ക്കറേയും ഉണ്ടായിരുന്നു. നിങ്ങള്‍ ഹരികിഷന് കുറച്ച് വസ്ത്രം അലക്കാന്‍ നല്‍കിയിരുന്നു. ഹരികിഷന്‍ അതു ജന്നുവിന് നല്‍കി. അതു തിരികെ കിട്ടിയിരുന്നില്ല. തിരികെ കിട്ടാനായി കൂടുതല്‍ സമയം തങ്ങാന്‍ അനുവദിക്കണം എന്ന് നിങ്ങള്‍ ആവശ്യപ്പെട്ടു. അതിന് അനുവാദം ലഭിച്ചില്ല. തുടര്‍ന്ന് നിങ്ങള്‍ ലഗേജ് ഫസ്റ്റ് ക്‌ളാസ് വെയിറ്റിങ് റൂമിലേക്കു മാറ്റി. ജന്നു നിങ്ങളുടെ ഷൂ പോളിഷ് ചെയ്തു തന്നു. ജനുവരി 29നും 30നും കര്‍കറേയും ആപ്‌തേയും വിശ്രമമുറിയില്‍ നിങ്ങള്‍ക്ക് ഒപ്പം ഉണ്ടായിരുന്നു.

നാഥുറാം ഗോഡ്‌സേ: എന്‍ വിനായക റാവുവിന്റെ പേരില്‍ ബുക്ക് ചെയ്ത മുറിയാണ് എനിക്ക് കിട്ടിയത്. ആപ്‌തെ എന്റെ ഒപ്പം വന്നില്ല. ഞാന്‍ ഹരികിഷന് തുണി അലക്കാന്‍ നല്‍കിയിരുന്നില്ല. കൂടുതല്‍ സമയം തങ്ങാന്‍ അനുവദിക്കണം എന്ന് ഞാന്‍ ആവശ്യപ്പെട്ടില്ല. ഞാന്‍ ഫസ്റ്റ് ക്‌ളാസ് മുറിയിലേക്കു മാറി. ജന്നു എനിക്ക് ഷൂ പോളിഷ് ചെയ്തു തന്നിട്ടില്ല. ഞാന്‍ ആപ്‌തേയേയോ കര്‍കറേയേയോ ഡല്‍ഹി സ്റ്റേഷനില്‍ വച്ച് കണ്ടില്ല. ഞങ്ങള്‍ ഗ്വാളിയോറില്‍ വച്ചു തന്നെ വഴി പിരിഞ്ഞിരുന്നു.

ചോദ്യം: 1948 ജനുവരി 30ന് അഞ്ചു മണിക്ക് നിങ്ങള്‍ മഹാത്മാഗാന്ധിക്കു നേരെ മൂന്നു തവണ നിറയൊഴിച്ചു എന്നാണ് സാക്ഷികളായ അമര്‍നാഥ്, നന്ദലാല്‍ മേത്ത, ധരംസിങ്, രഘുനാഥ് നായിക്, ഗുര്‍ബച്ചന്‍ സിങ് എന്നിവര്‍ പറഞ്ഞത്. തിരകളുള്ള അന്ന് ഉപയോഗിച്ച തോക്ക് നിങ്ങളില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കേണല്‍ ബി എല്‍ തനേജ പറഞ്ഞത് ആ തോക്കില്‍ നിന്നുള്ള വെടി ഏറ്റാണ് ഗാന്ധിജിയുടെ മരണം എന്നാണ്.

Read Also: മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് 75 വയസ്

നാഥുറാം ഗോഡ്‌സേ: ഗാന്ധിജി പ്രാര്‍ത്ഥനയ്ക്കായി ഇറങ്ങിയതു മുതല്‍ നാലഞ്ച് അടികള്‍ വച്ചതുവരെയുള്ള കാര്യങ്ങള്‍ സാക്ഷികള്‍ പറഞ്ഞതു ശരിയാണ്. ഞാന്‍ മഹാത്മാ ഗാന്ധിയുടെ മുന്നിലേക്കു ചാടി. മറ്റാര്‍ക്കും പരുക്കേല്‍ക്കാതിരിക്കാന്‍ പോയിന്റ് ബ്‌ളാങ്കില്‍ വെടിവയ്ക്കുക ആയിരുന്നു ലക്ഷ്യം. തോക്ക് കയ്യില്‍ പിടിച്ച് ഞാന്‍ അദ്ദേഹത്തിനു മുന്നില്‍ കുമ്പിട്ടു. എന്റെ കുപ്പായത്തില്‍ നിന്ന് പുറത്തെടുത്തപ്പോള്‍ തന്നെ തോക്കിന്റെ ലോക്ക് ഞാന്‍ മാറ്റിയിരുന്നു. ഞാന്‍ കരുതിയത് രണ്ടു തവണയാണ് വെടിവച്ചത് എന്നാണ്. പിന്നെ എനിക്കു മനസ്സിലായി മൂന്നു തവണ വെടിവച്ചെന്ന്. ഞാന്‍ വെടിവച്ചതിനു പിന്നാലെ അരമിനിറ്റ് നേരത്തേക്ക് അവിടെ നിശബ്ദത ആയിരുന്നു. എനിക്കും പെട്ടെന്ന് വിഭ്രാന്തിയുണ്ടായി. പൊലീസ് എവിടെ …. വരൂ, വരൂ എന്ന് ഞാന്‍ അലറി. അപ്പോള്‍ അമര്‍നാഥ് വന്ന് എന്നെ പിടിച്ചു. പിന്നെ ഒരു കോണ്‍സ്റ്റബിളും എന്നെ പിടിച്ചു. ഇതിനിടെ ആള്‍ക്കൂട്ടത്തിലെ ആരോ എന്റെ കയ്യില്‍ നിന്ന് തോക്ക് പിടിച്ചുവാങ്ങി. പിന്നാലെ ഒരുപാടു പേര്‍ എന്നെ പിടിച്ചുവച്ചു. തോട്ടക്കാരനായ രഘുനാഥ് നായിക് അല്ല എന്നെ തൊഴിച്ചത്. ആള്‍ക്കൂട്ടത്തില്‍ നിന്ന് ആരോ ആണ് ഇടിച്ചത്. രണ്ടോ മൂന്നോ ഇടി കഴിഞ്ഞതോടെ എന്റെ തലയില്‍ നിന്ന് ചോര വരാന്‍ തുടങ്ങി. എന്റെ തല പൊട്ടിയാലും ഒന്നുമില്ലെന്ന് ഞാന്‍ അയാളോട് പറഞ്ഞു. ചെയ്തു തീര്‍ക്കേണ്ട ജോലി ഞാന്‍ ചെയ്തു കഴിഞ്ഞു. ഇതോടെ പൊലീസ് എന്നെ ആള്‍ക്കൂട്ടത്തില്‍ നിന്ന് കൊണ്ടുപോയി. പോകുമ്പോള്‍ എന്റെ തോക്കുമായി ഒരാള്‍ അവിടെ നില്‍ക്കുന്നതു ഞാന്‍ കണ്ടു. അയാള്‍ തോക്ക് പിടിക്കുന്നതു കണ്ടപ്പോള്‍ എനിക്കൊരു കാര്യം മനസ്സിലായി അയാള്‍ ആദ്യമായാണ് അതു പിടിക്കുന്നത് എന്ന്. ഞാനയളോട് തോക്ക് ലോക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ അയാള്‍ പറയുകയാണ് എന്നെ വെടിവയ്ക്കാന്‍ പോവുകയാണെന്ന്. എനിക്കൊരു കുഴപ്പവുമില്ല, നിങ്ങള്‍ക്കു പരുക്കേല്‍ക്കാതിരിക്കാനാണ് പറഞ്ഞത് എന്ന് ഞാന്‍ അയാളോടു പറഞ്ഞു. ഇതോടെയാണ് പൊലീസ് തോക്ക് പിടിച്ചെടുത്തത്. ഗാന്ധിജി വെടിയേറ്റ സമയത്തു തന്നെ മരിച്ചു കാണും. എനിക്ക് അങ്ങനെയാണ് ഇപ്പോള്‍ തോന്നുന്നത്.

ദ ഹിന്ദു ദിനപ്പത്രം പ്രസിദ്ധീകരിച്ച ദി അസ്സാസ്സിനേഷന്‍ ഓഫ് മഹാത്മാ ഗാന്ധി ട്രയല്‍ ആന്‍ഡ് വെര്‍ഡിക്ട് 1948-49 എന്ന പുസ്തകത്തില്‍ നിന്നുള്ള പരിഭാഷ.

Story Highlights: court statements by godse about assassination of mahatma gandhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here