എട്ടുപതിറ്റാണ്ടിന്റെ കാത്തിരിപ്പ്; തിരുവണ്ണാമലൈയിൽ ക്ഷേത്രപ്രവേശനം നേടി ദളിതർ

തമിഴ്‌നാട് തിരുവണ്ണാമലൈ തണ്ടാരംപേട്ട് തെൻമുടിയന്നൂർ ഗ്രാമത്തിലെ ദളിത് വിഭാഗത്തിലുള്ളവർക്ക് ഇന്നലെ ഒരു സുദിനമായിരുന്നു. എട്ട് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനും പ്രതിഷേധങ്ങൾക്കും ശേഷം, നൂറുകണക്കിന് വരുന്ന ആളുകൾ പ്രദേശത്തെ മുത്തുമാരിയമ്മൻ ക്ഷേത്രത്തിൽ പ്രവേശിച്ചു. ഹിന്ദുമത ചാരിറ്റി വകുപ്പിന്റെ ഇടപെടലോടെയാണ് ദളിതർക്ക് ക്ഷേത്രപ്രവേശനം സാധ്യമായത്. ( dalits enter tiruvannamali temple )
മേൽജാതിക്കാർക്ക് പ്രവേശനം മതിയെന്ന് തീരുമാനിച്ച മുത്തുമാരിയമ്മൻ ക്ഷേത്രത്തിൽ കയറാനും ആരാധന നടത്താനും ദളിത് കുടുംബങ്ങൾ ശ്രമം ആരംഭിച്ചിട്ട് നീണ്ട എൺപത് വർഷമായി. ക്ഷേത്രത്തിൽ കയറാനെത്തുന്ന കുടുംബങ്ങളെ തടയുന്നതും സംഘർഷവും പ്രദേശത്ത് പതിവുകാഴ്ചയായി. ഇതോടെയാണ് പ്രദേശവാസികൾ ഹിന്ദുമത ചാരിറ്റി വകുപ്പിന് നിവേദനം നൽകിയത്. വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പരാതി സത്യമാണെന്ന് കണ്ടെത്തി. ഇതോടെയാണ് ദളിത് കുടുംബങ്ങൾക്ക് ക്ഷേത്രപ്രവേശനത്തിനുള്ള അനുവതി ലഭിച്ചത്. ഏതെങ്കിലും തരത്തിൽ ആരാധനയ്ക്ക് ബുദ്ധിമുട്ട് നേരിട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് കളക്ടർ മുന്നറിയിപ്പ് നൽകി.
സുരക്ഷയുടെ ഭാഗമായി, കലക്ടർക്കൊപ്പം വെല്ലൂർ സോണൽ ഡിഐജി മുത്തുസ്വാമി, തഹസിൽദാർ മന്ദാകിനി എന്നിവരും ക്ഷേത്രത്തിലെത്തിയിരുന്നു. ഇന്നലെ ഉത്സവാന്തരീക്ഷത്തിൽ പ്രദേശത്തെ നൂറുകണക്കിന് ദളിത് കുടുംബങ്ങൾ ക്ഷേത്രത്തിലെത്തി ആരാധന നടത്തി, പൊങ്കാലയിട്ട് മടങ്ങി. തമിഴ് നാട്ടിൽ ആഴ്ചകളുടെ വ്യത്യാസത്തിൽ, രണ്ടാമത്തെ ക്ഷേത്രത്തിലാണ് ദളിതർക്ക് പ്രവേശനം അനുവദിയ്ക്കുന്നത്.
Story Highlights: dalits enter tiruvannamali temple
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here