പാലക്കാട് യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവിന് 9 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും

പാലക്കാട് യുവതിയെ വിവാഹവാഗ്ദാനം നൽകി പഴനിയിലെത്തിച്ച് പീഡിപ്പിക്കുകയും സ്വർണ്ണാഭരണം കവരുകയും ചെയ്ത സംഭവത്തിൽ യുവാവിന് 9 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ചിറ്റൂർ മേനോൻപാറ സ്വദേശി സുനിൽകുമാറിനെയാണ് കോടതി ശിക്ഷിച്ചത്. പട്ടികജാതിക്കാരിയായ യുവതിയെ വിവാഹം കഴിക്കാനെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് പ്രതി പഴനിയിൽ എത്തിച്ചിരുന്നത്. man punished for rape woman with a promise of marriage
2016ലാണ് കേസിനാസ്പദമായ സംഭവം. പ്രതിയുമായി പ്രണയത്തിലായിരുന്ന യുവതിയെ വിവാഹം കഴിക്കാനെന്ന വ്യാജേന പഴനിയിലെത്തിക്കുകയും ഇവിടെ വച്ച് താലി ചാർത്തിയ ശേഷം ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. യുവതി കുളിക്കുന്ന സമയത്ത് ഊരിവച്ചിരുന്ന സ്വർണ്ണാഭരണങ്ങളുമായി പ്രതി മുങ്ങുകയുമായിരുന്നു. പുറത്ത് നിന്ന് ശുചിമുറിയുടെ വാതിൽ പൂട്ടിയാണ് പ്രതി കടന്നുകളഞ്ഞത്. ലോഡ്ജ് ജീവനക്കാരനാണ് പിന്നീട് യുവതിയെ നാട്ടിലെത്തിച്ചത്. സംഭവത്തിൽ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതിന് പുറമെ മോഷണക്കുറ്റത്തിനും പൊലീസ് കേസെടുത്തിരുന്നു.
Read Also: മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ചു; പ്രതിക്ക് 11 വർഷം കഠിനതടവും, 51,000 രൂപ പിഴയും
കേസിൽ യുവാവ് കുറ്റക്കാരനെന്ന് പട്ടികജാതി – പട്ടികവർഗ്ഗ ജില്ലാ കോടതി കണ്ടെത്തിയിരുന്നു. ബലാത്സംഗം ചെയ്ത കേസിൽ ഏഴു വർഷം തടവും രണ്ടു ലക്ഷം രൂപയുമാണ് മണ്ണാർക്കാട് സ്‌പെഷ്യൽ കോടതി ജഡ്ജി കെ.എം രതീഷ് കുമാർ ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസം അധിക ശിക്ഷയും അനുഭവിക്കണം. കൂടാതെ യുവതിയുടെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കുറ്റത്തിന് രണ്ടു വർഷം തടവും 10000 രൂപ പിഴയും ശിക്ഷയായി വിധിച്ചിട്ടുണ്ട്. 2016 ൽ കസബ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. ഡിവൈഎസ്പി സുൽഫിക്കർ അലിയും തുടർന്ന് എഎസ്പി ജി പൂങ്കുഴലിയുമാണ് കേസ് അന്വേഷിച്ചത്.
Story Highlights: Man punished for rape woman with a promise of marriage