വനിത പ്രീമിയർ ലീഗ്; ലക്നൗ ടീമിൻ്റെ പേര് ലക്നൗ വാരിയേഴ്സ്

വനിത പ്രീമിയർ ലീഗിൽ ലക്നൗ ടീമിൻ്റെ പേര് ലക്നൗ വാരിയേഴ്സ്. കാപ്രി ഗ്ലോബൽ ഹോൾഡിംഗ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ടീം. യുഎഇ ഐഎൽടി-20യിൽ ഷാർജ വാരിയേഴ്സ്, ഖോ-ഖോയിൽ രാജസ്ഥാൻ വാരിയേഴ്സ്, കബഡിയിൽ ബംഗാൾ വാരിയേഴ്സ് എന്നീ ടീമുകളും കാപ്രി ഗ്ലോബൽസിൻ്റെ ഉടമസ്ഥതയിലുള്ളതാണ്.
മുംബൈ ടീമിൻ്റെ ഉപദേശകയും ബൗളിംഗ് പരിശീലകയുമായി ഇന്ത്യയുടെ മുൻ ഇതിഹാസ പേസർ ഝുലൻ ഗോസ്വാമിയെ നിയമിച്ചു. അംബാനിയുടെ ഉടമസ്ഥതയിലുള്ള ഇന്ത്യവിൻ സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡാണ് മുംബൈ ടീം ഉടമകൾ. ഡൽഹി ടീമിലേക്ക് ഝുലനെത്തുമെന്ന് സൂചനയുണ്ടായിരുന്നു എങ്കിലും താരം മുംബൈ തെരഞ്ഞെടുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. 2022 സെപ്തംബറിലാണ് ഝുലൻ ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.
ഗുജറാത്ത് ജയൻ്റ്സ് ടീം ഉപദേശകയായി ഇന്ത്യൻ വനിതാ ടീമിൻ്റെ മുൻ ക്യാപ്റ്റൻ മിതാലി രാജിനെ നിയമിച്ചിരുന്നു. അദാനി ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള അദാനി സ്പോർട്സ്‌ലൈൻ ആണ് ഗുജറാത്ത് ജയൻ്റ്സ് ടീമിൻ്റെ ഉടമകൾ. മിതാലിയെ ടീം ഉപദേശകയാക്കി നിയമിച്ചു എന്ന് അദാനി ഗുജറാത്ത് ജയൻ്റ്സ് അറിയിച്ചു.
അഞ്ച് ടീമുകളാണ് പ്രഥമ വനിതാ പ്രീമിയർ ലീഗിൽ കളിക്കുക. അഹ്‌മദാബാദ് ആസ്ഥാനമാക്കി അദാനി സ്പോർട്സ്‌ലൈൻ സമർപ്പിച്ച 1289 കോടി രൂപയാണ് ഏറ്റവും ഉയർന്ന ടെൻഡർ. മുംബൈ ആസ്ഥാനമാക്കി ഇന്ത്യവിൻ സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് സമർപ്പിച്ച 912.99 കോടി രൂപ തൊട്ടുപിന്നിലെത്തി. 901 കോടി രൂപയുമായി റോയൽ ചലഞ്ചേഴ്സ് സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് മൂന്നാമതും 810 കോടി രൂപ സമർപ്പിച്ച ജെഎസ്ഡബ്ല്യു ജിഎംആർ ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് നാലാമതും എത്തിയപ്പോൾ 757 കോടി രൂപയുടെ ടെൻഡർ സമർപ്പിച്ച കാപ്രി ഗ്ലോബൽ ഹോൾഡിംഗ്സ് ആണ് അഞ്ചാമത്തെ ടീമിനെ സ്വന്തമാക്കിയത്. 4699.99 കോടി രൂപയാണ് അഞ്ച് ടീമുകൾക്കായി ലഭിച്ച ആകെത്തുക.
Story Highlights: wpl lucknow warriors womens premier league