‘വിശ്വാസത്തിന് നന്ദി, പക്ഷേ ഇപ്പോള്‍ എഫ്പിഒ ധാര്‍മികമായി ശരിയാകില്ല’; നിക്ഷേപകരോട് അദാനി

20,000 കോടി രൂപ സമാഹരിക്കുന്നതിന് വേണ്ടി നടത്താനിരുന്ന എഫ്പിഒ റദ്ദാക്കിയതില്‍ വിശദീകരണവുമായി ഗൗതം അദാനി. വിപണിയില്‍ ചാഞ്ചാട്ടം തുടരുമ്പോള്‍ എഫ്പിഒ നടത്തുന്നത് ധാര്‍മികമായി ശരിയല്ലെന്ന് ബോര്‍ഡിന് തോന്നിയതുകൊണ്ടാണ് റദ്ദാക്കല്‍ തീരുമാനം എടുത്തതെന്ന് അദാനി പറഞ്ഞു. സാമ്പത്തിക നഷ്ടത്തില്‍ നിന്ന് നിക്ഷേപകരെ രക്ഷിക്കുന്നതിനാണ് തങ്ങള്‍ പരമപ്രാധാന്യം കല്‍പ്പിക്കുന്നത്. നിക്ഷേപകരുടെ താത്പര്യങ്ങളും പണവും സംരക്ഷിക്കുന്നതിനാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും അദാനി പറഞ്ഞു. (Gautam Adani on canceling fpo)
ഓഹരി വിപണിയില്‍ ചാഞ്ചാട്ടമുണ്ടായപ്പോഴും കമ്പനിയില്‍ വിശ്വാസം അര്‍പ്പിച്ച നിക്ഷേപകരോട് വളരെയധികം നന്ദിയുണ്ടെന്ന് അദാനി പറഞ്ഞു. കഴിഞ്ഞ ആഴ്ചയിലാകെ ഓഹരി വിപണിയില്‍ ചാഞ്ചാട്ടമുണ്ടായിട്ടും ഞങ്ങളുടെ ബിസിനസിലും മാനേജ്‌മെന്റിലും നിങ്ങള്‍ വിശ്വസിക്കുന്നത് അങ്ങേയറ്റം ആശ്വാസകരമാണ്. ഇതിന് തനിക്ക് വലിയ കൃതഞ്ജതയുണ്ടെന്നും അദാനി പറഞ്ഞു.
Read Also: ബജറ്റ് 2023; പ്രധാന പ്രഖ്യാപനങ്ങൾ അറിയാം | Budget Highlights
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ വിവാദം അവസാനിക്കാത്ത സാഹചര്യത്തിലാണ് കമ്പനി ഇത്തരമൊരു തീരുമാനം എടുത്തത്. നിക്ഷേപകര്‍ക്ക് പണം തിരികെനല്‍കാന്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ഇന്ന് ഓഹരിവിപണിയില്‍ അദാനി ഗ്രൂപ്പിനു കീഴിലുള്ള കമ്പനികള്‍ക്ക് വന്‍ തിരിച്ചടി നേരിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് എഫ്പിഒ റദ്ദാക്കുകയാണെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചത്.
Story Highlights: Gautam Adani on canceling fpo