പിഎഫ്ഐ നേതാക്കളുടെ ജപ്തി നടപടികൾക്കിടെ വീഴ്ചയുണ്ടായതായി സർക്കാർ; നടപടികൾ നിർത്തി വയ്ക്കാൻ നിർദ്ദേശിച്ചു

പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താലിൽ അക്രമസംഭവങ്ങളിൽ ഉണ്ടായ നഷ്ടപരിഹാരം ഈടാക്കാൻ നടത്തിയ ജപ്തി നടപടികളിൽ വീഴ്ചകളുണ്ടായെന്ന് സർക്കാർ. ജപ്തി ചെയ്ത സ്വത്തുവകകളുടെ വിവരങ്ങളുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് അറ്റോർണി അഡ്വ:മനോജ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഉള്ളത്. Government admitted lapse on confiscation process
Read Also: ഹർത്താൽ നാശനഷ്ടം: പിഎഫ്ഐയുമായി ബന്ധമില്ലാത്തവരുടെ സ്ഥലം ജപ്തി ചെയ്തതായി പരാതി
ചുരുങ്ങിയ സമയത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കിയപ്പോൾ ചില പിഴവുകൾ പറ്റിയെന്നാണ് റിപ്പോർട്ടിൽ. പേരിലും വിലാസത്തിലുമൊക്കെയുള്ള സാമ്യം മൂലമാണ് തെറ്റായ വ്യക്തികളുടെ സ്ഥലം ജപ്തി ചെയ്യുന്നതിനുള്ള നടപടികളിലേക്ക് പോകാൻ കാരണം. വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ വീഴ്ച സംഭവിച്ച ജപ്തി നടപടികൾ നിർത്തി വയ്ക്കാൻ നിർദ്ദേശം നൽകിയിരുന്നു. ഹർത്താലുമായി ബന്ധപ്പെട്ട് ആകെ 209 പിഎഫ്ഐ പ്രവർത്തകരുടെ സ്വത്ത് വകകൾ ജപ്തി ചെയ്യാനാണ് ജില്ലാ കളക്ടർമാർക്ക് സർക്കാർ നിർദ്ദേശം നൽകിയത്. ഇതിൽ 177 എണ്ണത്തിന്റെ വാല്യുവേഷൻ നടപടി പൂർത്തിയാക്കി. തർക്കമുള്ള വസ്‌തുവകകളുടെ കാര്യത്തിൽ തീരുമാനം ആയിട്ടില്ല എന്നും റിപോരിൽ വ്യക്തമാകുന്നു.
പേരിൽ സാമ്യം കൊണ്ടും അഡ്രസ്സിലെ സാമ്യം കൊണ്ടും തെറ്റായി ജപ്തി നടപടികൾ നേരിടെണ്ടി വന്നവരുടെ വിഷയത്തിൽ ഈ റിപ്പോർട്ട് പരിഗണിച്ച ശേഷം ഹൈക്കോടതി ഈ ഉത്തരവ് നൽകും എന്നാണ് പ്രതീക്ഷ. തുടർന്ന് ഇവർക്ക് ക്ലെയിംസ് കമ്മീഷണറെ സമീപിക്കാനുള്ള അവസരവും ഉണ്ടാകും. ക്ലയിംസ് കമ്മീഷണർക്ക് ഓഫീസ് സൗകര്യം ഒരുക്കുന്നതിനായി 6 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. എറണാകുളം റവന്യൂ ടവറിലാണ് ഓഫീസ് ഒരുക്കുക. നിലവിൽ താൽക്കാലികമായി എറണാകുളം റസ്റ്റ് ഹൗസിൽ സൗകര്യം ഏർപ്പെടുത്തി. ക്ലെയിംസ് കമ്മീഷണറെ സഹായിക്കാൻ ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയെന്നും സർക്കാർ കോടതിയെ അറിയിച്ചു.
Story Highlights: Government admitted lapse on confiscation process