Advertisement

പ്രതിബന്ധങ്ങളെ മറികടന്ന് സംസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നതിനുള്ള ബജറ്റ്; മുഖ്യമന്ത്രി

February 3, 2023
Google News 2 minutes Read

കേന്ദ്ര ​ഗവൺമെന്‍റ് സൃഷ്ടിച്ച സാമ്പത്തിക പ്രതിബന്ധങ്ങളെ ക്രിയാത്മകമായി മറികടന്ന് സംസ്ഥാനത്തെ വികസന പാതയിലൂടെ മുന്നോട്ട് നയിക്കുന്നതിനുള്ള ശക്തമായ ഇടപെടലാണ് 2023-24ലെ ബജറ്റ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .

കേരളത്തിന്‍റെ സാമ്പത്തിക വളർച്ച രണ്ടക്കത്തിലെത്തിയത് സുശക്തമായ മുന്നേറ്റം സൂചിപ്പിക്കുന്നതാണ്. 2012ന് ശേഷമുള്ള ഏറ്റവും ഉയർന്ന വളർച്ചാനിരക്കാണ് നമ്മുടേത്. നമ്മുടെ കാർഷിക – വ്യവസായ മേഖലകൾ പുത്തനുണർവിന്റെ പടവുകളിലാണ്. ഈ വിക​സനയാത്രയ്ക്ക് വേ​ഗം കൂട്ടുകയും കൂടുതൽ ഉത്തേജനം നൽകുകയും ചെയ്യുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്.

​ഗുണമേന്മയുള്ള തൊഴിലവസരങ്ങൾ, ശാസ്ത്ര സാങ്കേതിക മേഖലയ്ക്കൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും പശ്ചാത്തല സൗകര്യ വികസനത്തിനും ഉന്നതവിദ്യാഭ്യാസത്തിനുമുള്ള ഊന്നൽ എന്നിവ ഈ ബജറ്റിന്‍റെ സവിശേഷതകളാണ്. അധികാര വികേന്ദ്രീകരണത്തെ കൂടുതൽ സാർത്ഥകമാക്കുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ശാക്തീകരിക്കുന്നതിനും ബജറ്റ് ലക്ഷ്യമിടുന്നു. സർക്കാർ സേവനങ്ങളെ മെച്ചപ്പെടുത്താനും സർക്കാരിന്‍റെ സഹായഹസ്തം എല്ലാ വിഭാ​ഗങ്ങളിലും എല്ലാ മേഖലകളിലും എത്തിക്കാനുമുള്ള സമ​ഗ്രസമീപനമാണ് ബജറ്റിൽ സ്വീകരിച്ചിട്ടുള്ളത്.

പ്രയാസങ്ങൾക്കും പ്രതിബന്ധങ്ങൾക്കുമിടയിൽ വികസനക്കുതിപ്പും സർവ്വതല സ്പർശിയായ ജനക്ഷേമവും സാധ്യമാക്കാനുള്ള വിഭവസമാഹരണത്തിന്‍റെ വഴികളും ബജറ്റിൽ തേടിയിട്ടുണ്ട്.
നികുതി പിരിവിലെ കാര്യക്ഷമത ജി.എസ്.ടി.വരുമാനത്തിലെ 24 ശതമാനം വളർച്ചയിൽ പ്രതി ഫലിക്കുന്നു. ധനദൃഢീകരണം സൂചികകളിൽ വ്യക്തമാണ്.

Read Also: ‘കേരളം കടക്കെണിയിൽ അല്ല, കേന്ദ്ര ധനനയം സംസ്ഥാന വളർച്ചയെ തടയുന്നു’; കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ധനമന്ത്രി

വിലക്കയറ്റം നേരിടാൻ നീക്കിവെച്ച 2000 കോടി രൂപയും കേന്ദ്രം അവ​ഗണിച്ച റബർ കർഷകരെ സഹായിക്കാനായി 600 കോടി രൂപ സബ്സിഡിയായി അനുവദിച്ചതും അടക്കമുള്ള ബജറ്റ് നിർദേശങ്ങൾ ജനങ്ങളുടെ ജീവിത ഭാരം കുറയ്ക്കാനുള്ള സർക്കാരിന്‍റെ നിശ്ചയദാർഢ്യത്തെ പ്രതിഫലിപ്പിക്കുന്നു. പ്രകൃതി ദുരന്തങ്ങളുടെയും മഹാമാരിയുടെയും ആഘാതത്തിൽ നിന്ന് മുക്തമാവുകയാണ് നാട്. അത്തരം പ്രയാസങ്ങളെയും കേന്ദ്രസർക്കാരിന്റെ അവ​ഗണന നിറഞ്ഞതും അസമത്വം വർധിപ്പിക്കുന്നതുമായ സമീപനങ്ങളെയും അതിജീവിച്ച് ഈ നാടിനെ മുന്നോട്ടുനയിക്കാനുദ്ദേശിച്ചുള്ള ബജറ്റിനെ കേരളജനത സർവ്വാത്മനാ പിന്തുണയ്ക്കുമെന്ന് ഉറപ്പുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: CM Pinarayi Vijayan About Kerala Budget 2023

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here