വിലക്കയറ്റം തടയാനുള്ള 2000 കോടി ജനങ്ങളില്‍ നിന്ന് നികുതിയായി പിരിക്കുന്നു; സംസ്ഥാന ബജറ്റിനെ പരിഹസിച്ച് പി ചിദംബരം

സംസ്ഥാന ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍ ചൂണ്ടിക്കാട്ടി ധനമന്ത്രി കെ എന്‍ ബാലഗോപാലിനെതിരെ പരിഹാസവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. വിലക്കയറ്റം നിയന്ത്രിക്കാനായി 2000 കോടി രൂപ സമാഹരിക്കാന്‍ 2000 കോടി രൂപയുടെ അധിക നികുതി ഏര്‍പ്പെടുത്തുകയാണ് ധനമന്ത്രി ചെയ്തതെന്നായിരുന്നു പി ചിദംബരത്തിന്റെ പരിഹാസം. സാങ്കല്‍പ്പിക നികുതി പ്രഖ്യാപിച്ചാല്‍ പോരായിരുന്നോയെന്ന് അദ്ദേഹം ചോദിച്ചു. സാമ്പത്തിക നേട്ടത്തിനായി അടിസ്ഥാന ആശയത്തെ കേരള സര്‍ക്കാര്‍ ബലി നല്‍കിയെന്നും പി ചിദംബരം വിമര്‍ശിച്ചു. (p chidambaram jibe at k n balagopal kerala budget 2023)
സംസ്ഥാനത്തിന് വേണ്ടി വരുമാനമുണ്ടാക്കാന്‍ ധാര്‍മിക മൂല്യങ്ങളെയാണ് കേരളത്തിന്റെ ധനമന്ത്രി പകരം കൊടുത്തതെന്ന് ട്വിറ്ററിലൂടെ പി ചിദംബരം ആഞ്ഞടിച്ചു. വിലക്കയറ്റത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ 2000 കോടി തന്നെ ജനങ്ങളില്‍ നിന്ന് നികുതിയായി പിരിച്ചുകൂടേയെന്നും അദ്ദേഹം പരിഹസിച്ചു.
എന്നാല്‍ ബജറ്റിലെ നികുതി പരിഷ്‌കരണങ്ങള്‍ വെറും നിര്‍ദേശങ്ങള്‍ മാത്രമാണെന്ന നിലപാടാണ് എല്‍ഡിഎഫിനുള്ളത്. സംസ്ഥാന ബജറ്റിലുണ്ടായത് നിര്‍ദേശങ്ങള്‍ മാത്രമാണെന്ന് എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും. ഇന്ധനവിലയ്ക്ക് കാരണം കേന്ദ്രനയമാണെന്നും സംസ്ഥാനത്തെ കേന്ദ്രം പ്രതിസന്ധിയിലാക്കുകയാണെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. കെ എന്‍ ബാലഗോപാല്‍ സഭയില്‍ അവതരിപ്പിച്ചത് കേരളത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള ബജറ്റാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. കേരളത്തിന്റെ വികസനത്തിന് നികുതി വര്‍ധന ആവശ്യമാണ്. നികുതി വര്‍ധിപ്പിക്കണമെന്നത് നിര്‍ദേശം മാത്രമാണ്. ജനാഭിപ്രായം നിയമസഭയില്‍ പരിഗണിക്കുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
Story Highlights: p chidambaram jibe at k n balagopal kerala budget 2023
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here