‘ഗവര്‍ണറെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനകള്‍ പാടില്ല’; ബംഗാള്‍ ബിജെപിക്ക് കേന്ദ്ര നേതൃത്വത്തിന്റെ അന്ത്യശാസനം

പശ്ചിമ ബംഗാള്‍ ബിജെപി-ഗവര്‍ണര്‍ ഏറ്റുമുട്ടലില്‍ കേന്ദ്രനേതൃത്വത്തിന്റെ ഇടപെടല്‍. ഗവര്‍ണറുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം സംസ്ഥാന ബിജെപി നേതാക്കള്‍ക്ക് അന്ത്യശാസനം നല്‍കി. ഗവര്‍ണര്‍ സി വി ആനന്ദബോസിനെതിരെ പരസ്യപ്രതികരണം പാടില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ കര്‍ശന നിര്‍ദേശം. രാജ്ഭവനെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനകള്‍ നടത്തരുത്. ഗവര്‍ണര്‍ മമത സര്‍ക്കാരിനെ പരിധിവിട്ട് സഹായിക്കുന്നുവെന്ന് സംസ്ഥാനനേതാക്കള്‍ ആരോപിച്ചിരുന്നു. അഭിപ്രായ ഭിന്നതയുടെ പശ്ചാത്തലത്തില്‍ ആനന്ദബോസ് ഡല്‍ഹി സന്ദര്‍ശിച്ചിരുന്നു. പിന്നാലെയാണ് വിഷയത്തില്‍ കേന്ദ്രനേതൃത്വത്തിന്റെ ഇടപെടല്‍. (There shall be no statements against the Governor’; Central leadership to Bengal BJP)
ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണെന്ന് കേന്ദ്രനേതൃത്വം ബംഗാളിലെ നേതാക്കളോട് വിശദീകരിച്ചു. ആനന്ദബോസിനെ അപകീര്‍ത്തിപ്പെടുത്തുന്നത് നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്തുന്നതിന് തുല്യമാണെന്നും നേതൃത്വം ഓര്‍മിപ്പിച്ചിരുന്നു. പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ഉള്‍പ്പെടെയുള്ളവരാണ് സി വി ആനന്ദബോസിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നത്.
പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് മമത ബാനര്‍ജി സര്‍ക്കാരിനെ പരിധിവിട്ട് സംരക്ഷിക്കുന്നു എന്നായിരുന്നു ബംഗാളിലെ ബിജെപി നേതാക്കളുടെ ആക്ഷേപം. ഭരണഘടനാപരമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് മുന്നോട്ടുപോകുമെന്നായിരുന്നു അധികാരം ഏറ്റെടുത്ത് ആദ്യ ദിവസം തന്നെ സി വി ആനന്ദബോസ് വ്യക്തമാക്കിയിരുന്നത്. ഇതിന് പിന്നാലെ സര്‍ക്കാരിനെ ഗവര്‍ണര്‍ പരിധിവിട്ട് സംരക്ഷിക്കുകയാണെന്ന് ബിജെപി ആക്ഷേപിക്കുകയായിരുന്നു. ബിജെപി ഇതര സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് നടക്കുന്നതിനിടെയാണ് ബംഗാളില്‍ ഗവര്‍ണര്‍-ബിജെപി പോര് നടന്നിരുന്നത്.
Story Highlights:There shall be no statements against the Governor’; Central leadership to Bengal BJP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here