18ആം സ്ഥാനക്കാരിൽ നിന്ന് ഷോക്കേറ്റ് ആഴ്സണൽ; എവർട്ടണിൻ്റെ അട്ടിമറി സിറ്റിക്ക് നേട്ടം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനക്കാരായ ആഴ്സണലിന് ഞെട്ടൽ. ലീഗിൽ 18ആം സ്ഥാനത്തുള്ള എവർട്ടൺ ആഴ്സണലിനെ ഏകപക്ഷീയമായ ഒരു ഗോളിന് അട്ടിമറിച്ചു. തരം താഴ്ത്തൽ ഭീഷണി നേരിടുന്ന എവർട്ടണിൻ്റെ ജയം ലീഗിൽ രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിക്കാണ് തുണയായത്. ഇരു ടീമുകളും 20 മത്സരം വീതം പൂർത്തിയാക്കിയപ്പോൾ ആഴ്സണലിന് 50ഉം സിറ്റിക്ക് 45 പോയിൻ്റും ഉണ്ട്.
കളിയുടെ സമസ്ത മേഖലകളിലും മുന്നിൽ നിന്ന ആഴ്സണലിന് പക്ഷേ, എവർട്ടണിൻ്റെ പ്രതിരോധം മറികടക്കാനായില്ല. 60ആം മിനിട്ടിൽ ഡ്വിറ്റ് മക്‌നീലിന്റെ കോർണറിൽ തലവച്ച് ജെയിംസ് തർകോവ്സ്കി നേടിയ ഗോളിൽ എവർട്ടൺ വിജയം കുറിക്കുകയായിരുന്നു. പുതിയ പരിശീലകൻ സീൻ ഡൈചെയുടെ ആദ്യ മത്സരത്തിൽ തന്നെ തകർപ്പൻ ജയം സ്വന്തമാക്കാനായത് എവർട്ടന് വലിയ ആത്‌മവിശ്വാസം നൽകും.
അതേസമയം, ലിവർപൂൾ വീണ്ടും തോറ്റു. പട്ടികയിൽ 15ആം സ്ഥാനത്തുള്ള വോൾവ്സിനെതിരെ മറുപടിയില്ലാത്ത 3 ഗോളുകൾക്കാണ് ക്ലോപ്പും സംഘവും മുട്ടുമടക്കിയത്. 29 പോയിൻ്റുമായി പട്ടികയിൽ പത്താമതാണ് ലിവർപൂൾ. കഴിഞ്ഞ സീസണിൽ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് പിന്നിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ലിവർപൂൾ ഇത്തവണ വളരെ മോശം ഫോമിലാണ്.
ഇതിനിടെ, 70ആം മിനിട്ടിൽ 10 പേരായി ചുരുങ്ങിയിട്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് ക്രിസ്റ്റൽ പാലസിനെ വീഴ്ത്തി. ബ്രൂണോ ഫെർണാണ്ടസ്, മാർക്കസ് റാഷ്ഫോർഡ് എന്നിവർ ഗോൾ പട്ടികയിൽ ഇടം പിടിച്ചപ്പോൾ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് യുണൈറ്റഡിൻ്റെ ജയം. ടെൻ ഹാഗിനു കീഴിൽ തകർത്തുകളിക്കുന്ന യുണൈറ്റഡ് 21 മത്സരങ്ങളിൽ നിന്ന് 42 പോയിൻ്റുമായി പട്ടികയിൽ മൂന്നാമതാണ്.
Story Highlights: arsenal everton liverpool manchester