Advertisement

‘യുഡിഎഫ് സര്‍ക്കാര്‍ 17 തവണ ഇന്ധന നികുതി കൂട്ടിയെന്ന വാദം കള്ളം’; ധനമന്ത്രിക്കെതിരെ കെ സുധാകരന്‍

February 6, 2023
Google News 2 minutes Read

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 17 തവണ ഇന്ധന നികുതി കൂട്ടിയെന്ന ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ വാദം കല്ലുവെച്ച നുണയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. അന്താരാഷ്ട്രവിപണയില്‍ അസംസ്‌കൃത എണ്ണയുടെ വില മാറുന്നതിനനുസരിച്ച് വില നിര്‍ണയിക്കുന്ന രീതി വന്നതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ വില കൂട്ടിയതനുസരിച്ച് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇന്ധന നികുതി കൂടിയതെന്ന് കെ സുധാകരന്‍ പറഞ്ഞു. കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടാകാത്ത വിധത്തില്‍ ഇന്ധനനികുതി കുത്തനേ കൂട്ടിയിട്ട് അതിനെ ന്യായീകരിക്കാന്‍ യുഡിഎഫിനെ പഴിക്കുകയാണ് ധനമന്ത്രി ചെയ്യുന്നതെന്ന് കെ സുധാകരന്‍ ആഞ്ഞടിച്ചു. (k sudhakaran against k n balagopal)

കേന്ദ്രം വില കൂട്ടിയപ്പോള്‍ നാലു തവണ അധികനികുതി വേണ്ടെന്നുവച്ച് യുഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് 619.17 കോടിയുടെ സമാശ്വാസം നല്‍കിയെന്ന് കെ സുധാകരന്‍ പറയുന്നു. സര്‍ക്കാര്‍ ഈ മാതൃക പിന്തുടര്‍ന്നില്ലെന്നു മാത്രമല്ല ഇപ്പോള്‍ ലിറ്ററിന് 2 രൂപ സെസ് കൂട്ടുകയും ചെയ്തു. ഇതോടെ കേരളത്തില്‍ ശരാശരി വില പെട്രോളിന് 107.59 രൂപയും ഡീസലിന് 96.53 രൂപയുമായി കുത്തനേ ഉയര്‍ന്നു. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന രീതിയിലാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഹജ്ജ് നയത്തില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തി: വിശദീകരിച്ച് എ പി അബ്ദുള്ളക്കുട്ടിRead Also:

രാജ്യത്ത് ഇന്ധനങ്ങള്‍ക്ക് ഏറ്റവുമധികം നികുതിയും വിലയുമുള്ള സംസ്ഥാനമാണ് കേരളം. പെട്രോളിന് എക്സൈസ് നികുതി 19.90 രൂപയും സംസ്ഥാന വില്‍പ്പന നികുതി 23.32 (30.08%) രൂപയുമാണ്. പെട്രോളിന് എക്സൈസ് നികുതി 15.80 രൂപയും സംസ്ഥാന വില്‍പ്പന നികുതി 16.90 ( 22.76%) രൂപയുമാണ്. ഇതു കൂടാതെയാണ് ഇപ്പോള്‍ 2 രൂപയുടെ സെസ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് വില കുറഞ്ഞതോടെ 2022 മെയ് മുതല്‍ ഇന്ധനവിലയില്‍ മാറ്റമില്ല. 2021 നവംബറിലും 2022 മെയ്യിലുമായി കേന്ദ്രം പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയും കുറച്ചെങ്കിലും സംസ്ഥാന സര്‍ക്കാര്‍ വില്പന നികുതി കുറച്ചതേയില്ല. കെ സുധാകരന്‍ പറഞ്ഞു.

2014ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് പെട്രോളിന് 9.48 ഉം ഡീസലിന് 3.65ഉം രൂപയുടെ എക്സൈസ് നികുതി ഉണ്ടായിരുന്നതാണ് ഇപ്പോള്‍ 19.90 രൂപയും 15.80 രൂപയുമായി കുതിച്ചുയര്‍ന്നതെന്ന് കെപിസിസി അധ്യക്ഷന്‍ പറയുന്നു. യുഡിഎഫ് അധികാരം വിട്ട 2016 മെയ്മാസം പെട്രോളിന് 64.12 രൂപയും ഡീസലിന് 54.78 രൂപയുമായിരുന്നു വില. ഏതാനും വര്‍ഷള്‍കൊണ്ട് ഇന്ധനവില 100 കടത്തിയത് മോദി- പിണറായി കൂട്ടുകെട്ടാണെന്നും ഇതിനെതിരേ കോണ്‍ഗ്രസ് തീപാറുന്ന സമരം ഏറ്റെടുത്തു കഴിഞ്ഞുവെന്നും സുധാകരന്‍ പറഞ്ഞു.

Story Highlights: k sudhakaran against k n balagopal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here