കേരള ബ്ലാസ്റ്റേഴ്സ് ബ്രാൻഡ് അംബാസിഡറായി സഞ്ജു സാംസൺ

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണെ പുതിയ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി. കേരളത്തിൽ നിന്നുള്ള ഊർജസ്വലനായ ക്രിക്കറ്റ് താരവും, ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ടീമായ രാജസ്ഥാൻ റോയൽസിന്റെ നായകനുമായ സഞ്ജു, കളത്തിലും പുറത്തും ക്ലബ്ബിനെയും അതിന്റെ മാഹാത്മ്യത്തെയും പ്രതിനിധീകരിക്കും. കേരളത്തിലെ അനേകം യുവ കായിക താരങ്ങൾക്ക് പ്രചോദനമായ താരത്തെ, കേരള ബ്ലാസ്റ്റേഴ്സിന്റെ ബ്രാൻഡ് അംബാസഡറായി നിയമിച്ചത് അദ്ദേഹത്തിന്റെ സ്വാധീനം വർധിപ്പിക്കാനും സഹായകരമാകും. (blasters sanju samson ambassador)
സഞ്ജു ഒരു ദേശീയ പ്രതീകമാണെന്നും, അദ്ദേഹത്തെ കെബിഎഫ്സി കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്നും കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഡയറക്ടർ നിഖിൽ ഭരദ്വാജ് പറഞ്ഞു. സ്‌പോർട്‌സിലൂടെ വലിയ സ്വപ്‌നങ്ങൾ കാണാൻ സംസ്ഥാനത്തെ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നതിനുള്ള ക്ലബിന്റെ പൊതു ശ്രമത്തിൽ ഞങ്ങൾ ഒരുമിക്കുകയാണ്. ക്ലബ്ബിന്റെ ഗ്രാസ്റൂട്ട്-കമ്മ്യൂണിറ്റി സംരംഭങ്ങളും, ആരാധക ഇവന്റുകളും വിസ്തൃതമാക്കാനും, ക്ലബ്ബിനോടും ഗെയിമിനോടുമുള്ള താരത്തിൻ്റെ അഭിനിവേശം പങ്കിടാനും ഈ അംബാസഡർ റോളിൽ സഞ്ജുവിനൊപ്പം പ്രവർത്തിക്കാനാവുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. സംസ്ഥാനത്തെ ഫുട്ബോൾ ഇക്കോസിസ്റ്റത്തിന്റെ വളർച്ചയോടുള്ള ഞങ്ങളുടെ അഭിനിവേശവും പ്രതിബദ്ധതയും അചഞ്ചലമാണ്. അതോടൊപ്പം കേരളത്തിന്റെ ക്ലബ് എന്ന നിലയിൽ, ഈ ഇക്കോസിസ്റ്റത്തിന്റെ എല്ലാ വശങ്ങളും വളർത്തുന്നതിന് ഞങ്ങളുടെ 110% നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: ജയം തുടരാൻ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി; എതിരാളികൾ ഈസ്റ്റ് ബംഗാൾ
ഞാൻ എപ്പോഴും ഒരു ഫുട്ബോൾ ആരാധകനാണെന്നും, അച്ഛൻ ഒരു പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനായതിനാൽ ഫുട്ബോൾ എപ്പോഴും എന്റെ ഹൃദയത്തോട് ചേർന്നുള്ള ഒരു കായിക വിനോദമാണെന്നും ബ്രാൻഡ് അംബാസിഡറായി നിയമിതനായ ശേഷം സഞ്ജു സാംസൺ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ബ്രാൻഡ് അംബാസഡർ പദവി ഒരു ആദരമാണ്. ഫുട്ബോളിന്റെ മഹത്വം ഈ നിലയിലേക്ക് തിരികെ കൊണ്ടുവരാൻ ക്ലബ്ബ് അതിന്റെ തുടക്കം മുതൽ വളരെയധികം ചെയ്തിട്ടുണ്ട്. ഈ പ്രക്രിയയിൽ, അവർ രാജ്യത്തെ ഏറ്റവും വിശ്വസ്തരായ ഒരു ആരാധകവൃന്ദത്തെ രൂപപ്പെടുത്തുകയും പോഷിപ്പിക്കുകയും ചെയ്തു. കലൂർ സ്റ്റേഡിയത്തിൽ ആരാധകരോടൊപ്പം ഒരു മത്സരം കാണാനും ടീമിനെ പിന്തുണയ്ക്കാനും എനിക്ക് കാത്തിരിക്കാനാവുന്നില്ല. സ്‌പോർട്‌സിന് എല്ലായ്‌പ്പോഴും അതിന്റെ പ്രേക്ഷകരിൽ വലിയ സ്വാധീനമുണ്ട്, ഒപ്പം ഒരുമിച്ച് സ്‌പോർട്‌സ് ഇക്കോസിസ്റ്റം ശക്തിപ്പെടുത്തുന്നതിന് ക്ലബ്ബിന്റെ അംബാസഡർ എന്ന നിലയിലുള്ള എന്റെ കർത്തവ്യം നിർവഹിക്കാനാകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു- സഞ്ജു കൂട്ടിച്ചേർത്തു.
പങ്കാളിത്തത്തിൻ്റെ ഭാഗമായി, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും സഞ്ജുവും കായികരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കേരളത്തിലെ ആരാധകരുമായും പിന്തുണക്കാരുമായും ഇടപഴകുന്നതിനും ഒരുമിച്ച് പ്രവർത്തിക്കും. ക്ലബ്ബിന്റെ എല്ലാ അടിസ്ഥാന പ്രവർത്തനങ്ങളിലേക്കും, കമ്മ്യൂണിറ്റി സംരംഭങ്ങളിലേക്കും, മറ്റു കൂടുതൽ കാര്യങ്ങളിലേക്കും ഈ പങ്കാളിത്തം ആഴത്തിലുള്ള സംയോജനം കാണും.
തുടർച്ചയായ രണ്ടാം വർഷവും പ്ലേ ഓഫിന് അരികിലുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, ചൊവ്വാഴ്ച നിർണായക മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിയുമായി ഏറ്റുമുട്ടും. ഫെബ്രുവരി 26ന് സീസണിലെ അവസാന മത്സരത്തിൽ ക്ലബ് ഹൈദരാബാദ് എഫ്‌സിയെ നേരിടുമ്പോൾ ബ്രാൻഡ് അംബാസഡറെന്ന നിലയിൽ ആദ്യമായി സഞ്ജു സ്റ്റേഡിയത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Story Highlights: kerala blasters sanju samson brand ambassador
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here